പുറപ്പെട്ടു പോകുന്നവർ….
ഒരു സൂചന പോലും
നൽകാതെ,
പെട്ടന്നൊരു ദിവസമങ്ങോട്ടെന്നില്ലാതെ
വീടുവിട്ടിറങ്ങി പോയവർക്കറിയില്ലലോ,
ചോദ്യങ്ങളുടെ
കുത്തൊഴുക്കിൽ
അവരുടെ വീടു രണ്ടായി പിളർന്നതിനെ കുറിച്ച് …
ഒരു വിളിയൊച്ച ,
പടിവാതിലിലൊരു
നിഴലനക്കം,
ഒന്നുമില്ലെന്ന
തിരിച്ചറിവിൽ
പ്രതീക്ഷയുടെ
തലകുടഞ്ഞ്,
ഓരോ സന്ധ്യയും
നിരാശയുടെ
ഇരുട്ടിലേക്കിറങ്ങും !
ദിവസങ്ങൾ
ആഴ്ച്ചകൾക്കും
മാസങ്ങൾക്കും
വഴിമാറിയപ്പോഴും
വഴിക്കണ്ണുമായി
കാത്തിരിക്കുന്ന
ചിലരിപ്പോഴുമാ വീട്ടിലുണ്ടെന്ന ചിന്തകൾക്കവരിൽ
സ്ഥാനമില്ലല്ലോ..?
ശരവേഗത്തിൽ
ഋതുക്കളോടിമറയുമ്പോൾ,
ഏതു മഴക്കാലവുമവർക്ക്
പൊള്ളുന്ന വേനൽത്തീയാകും !
എല്ലാം മറന്നെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുമ്പോഴാകും
വിവരം വല്ലതുണ്ടോയെന്ന
അന്വോഷണ കുതുകികളുടെ
ചോദ്യങ്ങൾ,
കരിങ്കൽ ചീളുകളായി
ഹൃദയത്തിൽ തറയ്ക്കുന്നതും
പിന്നെയും
കാലിടറിവീഴുന്നതും..
എന്നാലും
എവിടേക്കെന്തിനാകും
പോയിട്ടുണ്ടാവുകയെന്ന്
നിദ്രാരഹിതമാകുന്ന
ഓരോ രാവിലും
തിരഞ്ഞ് തിരഞ്ഞ്
ഉൾവഴികളിലെ
മുൾക്കുരുക്കുകൾക്കുള്ളിൽ,
പ്രിയപ്പെട്ടവരങ്ങനെ
പകച്ചു നിൽക്കും!
പിന്നെയൊരിക്കൽ,
വാക്കുകളിൽ
മുറിഞ്ഞു പോയവരുടെ
ചുണ്ടുകളിലെ പ്രാർത്ഥന
കാത്തിരിപ്പിനൊരവസാനം
തരണേന്ന് മാത്രമാകും …
തീർത്തും
ദയാരഹിതമായ
വിധിയുടെ കളിപ്പാട്ടങ്ങളാണ്
പുറപ്പെട്ടു പോയവരുടെ
വീട്ടുകാരെന്ന്
നിങ്ങൾക്കുമപ്പോൾ
സമ്മതിക്കേണ്ടി വരും!
സൂര്യനുദിക്കാത്ത
ഭൂതകാലവും
നിലാവ് പെയ്യുന്ന
വർത്തമാന കാലവും
ഭൂപടങ്ങളിൽ
രേഖപ്പെടുത്താത്ത
വഴികളിലൂടെയവനെ നടത്തിക്കുമ്പോൾ
ശേഷിക്കുന്നത്
മനസ്സുറപ്പിൻ്റെ
സമരസപ്പെടലുകൾ മാത്രം!

By ivayana