നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ!
കാലം മാറിമറിഞ്ഞെന്നാലും
താണ്ടിയ വഴികൾ മറന്നീടാമോ?
കേറിയിരിക്കും കൊമ്പു മുറിച്ചീ-
ടുന്നവരായ് നാം മാനവരെന്നോ!
മാറ്റത്തിന്റെ ശംഖൊലി കേൾക്കേ
അക്ഷരമുത്തുകൾ കൊഞ്ചിപ്പാടി.
സ്നേഹത്തിന്റെ വിത്തുകളെങ്ങും
പതിരായിന്നും മാറുകയെന്നോ!
ഉലകിൽ പലതും മാറി മറിഞ്ഞു
തമ്മിൽ കാണാതിളകിമറിഞ്ഞു.
ലോകം വിരലിൻ തുമ്പത്താക്കി
കാണാകാഴ്ച്ചകൾ കണ്ടുരസിച്ചു.
ഒന്നാണെന്നു നടിച്ചും കൊണ്ടേ
തമ്മിലൊരക്ഷരമുരിയാടാതെ
കൂരയ്ക്കുള്ളിലൊരേ മുറിയിൽ, അവർ
കണ്ടില്ലെന്നു നടിപ്പൂ, കഷ്ടം!
കാലം പോകുവതെവിടേയ്ക്കാണെ-
ന്നറിവീലയ്യോ, പറയാൻ മേലാ.
മാറുമറച്ചീടാനക്കാലമ-
തെത്രവളർന്നു സമരാവേശം!
ഇന്നത്തെ കഥയാണെന്നാലോ
ചൊല്ലാൻ പോലും മടിയതുമായി.
മലയാളക്കരയിങ്കൽ ജനിച്ചോർ-
ക്കറിയാതായി തേൻ മലയാളം.
സദ്യയൊരെണ്ണമിരുന്നുണ്ണാനായ്
അറിയുന്നവരുമതില്ലെന്നായി.
വൃദ്ധന്മാരവർ ശരണം വിളിയായ്
വൃദ്ധാലയമോ തിങ്ങിക്കൂടി.
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ!
വേണം മാറ്റമതെല്ലാം, പക്ഷേ
കാര്യമതൊക്കെ വെടിപ്പാകേണം.
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ!

By ivayana

Leave a Reply

Your email address will not be published. Required fields are marked *