രചന : മധു മാവില ✍️
ഒരു നൂറ്റാണ്ടിനിപ്പുറവും മാറ്റുവിൻ ചട്ടങ്ങളെ എന്ന് ചൊല്ലാനാളില്ലാത്ത ദുരവസ്ഥയിലാണ് കേരളം.
അന്നുള്ളവർക്കായി അവരുണ്ടാക്കിയ
മനുസ്മൃതിയും പുരാണവും കത്തിക്കണം.
ആ സംസ്കാരവും ഇല്ലാതാക്കണം.
ശൂദ്രരായി തന്നെ ജയിക്കണം
സവർണ്ണരായി നാട് ഭരിക്കണം
അന്നവർ ഭരിച്ചതുപോലെ നമ്മുടെ
കൂടെയുള്ളവർക്കായി പകുത്തു
നൽകണമധികാരവും അർത്ഥവും.
എന്നിട്ട്…
അടിയാനെ അമ്പലത്തിൽ കയറ്റാത്ത
ദൈവങ്ങളെ കാർക്കിച്ച് തുപ്പണം.
അക്ഷരമറിവായ് പകരാത്ത
അന്തപ്പുര മനകളഗ്നിയിൽ
ചുട്ടെടുത്താവെളിച്ചം കൊളുത്തണം
തുറയിലെ അടിയൻ്റെ ജാഥക്ക്.
ആ കെട്ടകാലം തീപ്പന്തങ്ങളാക്കണം
ചെറുമൻ്റെ ആദ്യരാത്രിക്കവകാശം
കേട്ടോരെ വെള്ളപ്പട്ടിൽ വടക്കോട്ടെടുക്കണം.
എന്നിട്ട്….
ഇന്ന് മൂന്ന് മുറിയുള്ള കൂരയുണ്ടങ്കിൽ
നാല് ചക്ര വണ്ടിയുള്ള നാണിക്ക്
പെൻഷനില്ലന്നെഴുതിയോന്ന്
അഞ്ചക്ക പെൻഷനവൻ്റെയവകാശം
എന്ന് നാണിയെക്കൊണ്ട്തന്നെ
പറയിക്കുന്ന നിയമമുണ്ടാക്കണം.
ആ കൊട്ടാരത്തിലഞ്ച് കാറുകൾ
ചിരിക്കുമ്പോൾ,
അഷ്ടിക്ക് വകയില്ലാത്തവനായിരം
കടമ്പകൾ കടക്കണം ക്ഷേമപെൻഷന്.
ഇന്നത്തെ ജനാധിപത്യനിയമങ്ങളുത്തമം.
എന്നിട്ടിന്ന്,
മന്ത്രിമന്ദിരങ്ങളിലഞ്ച് കൊല്ലം
മൃഷ്ടാന്നം ഭുജിച്ചിറങ്ങിയോർക്കെല്ലാം
കൊടുക്കണമഞ്ചക്ക പെൻഷൻ .
അടിയാളർ ചോര തുപ്പിചോപ്പിച്ച
നെല്ലിൻ്റ പൊൻപണം കടമായ്
പലിശയും ചേർത്ത് തരാനിണ്ടാസും
തുല്യം ചാർത്തിയിറക്കണം
ചട്ടങ്ങൾ ബഹുകേമം..
നാല് ലക്ഷം കൊണ്ടുണ്ടാക്കിയവീട്ടിൽ
കോളനിക്കുട്ടികൾക്കതുതന്നെയധികമെന്ന്
മുഖംകോട്ടുന്ന പഞ്ചായത്ത്…
മുക്കില് മുക്കിലായ് ഉയർത്തണം
മുപ്പത് ലക്ഷത്തിൻ്റെ ബസ്ഷെൽട്ടർ.
ഇരുപത് ലക്ഷത്തിൻ്റെ തിളങ്ങുന്ന
മഞ്ഞവിളക്കാകാശം വെളുപ്പിക്കണം.
അടിയിലായ് വക – MLA യുടെ
വലിയബോർഡും ഫോട്ടവും.
നാല് ലക്ഷത്തിന്റെ വീടിന് നടന്നു
തളർന്നവനെ നോക്കി ചിരിക്കണം.
എന്നിട്ട്..
സിന്ധു നദീതടത്തിൽ
കുഴികുത്തി കത്തിക്കണം
സതിയുണ്ടാക്കിയ നൂറ്റാണ്ടുകൾക്ക്
മുന്നെയുള്ള സവർണ
സംസ്കാര വൈകൃതസ്മൃതിയും…
സ്ത്രീവിരുദ്ധമായതെല്ലാം .
പടിയടച്ച് മനമുറ്റത്ത് പിണ്ഡം വെക്കണം…
എന്നിട്ടിന്ന്
സംവരണ സീറ്റിലല്ലാതെ സ്ത്രിയെ
പരിഗണിക്കാനാവില്ലെന്ന ചിരിയിൽ
വനിതാനേതാവും ചിരിക്കുന്നു
കൊടി നിറവിത്യാസമില്ലാത്ത ചിരി.
ദളിതനായി മാറ്റിവെച്ച സീറ്റിലേക്ക്
ഇരുട്ടിലെന്നോ നരച്ചുപോയ കോളനിയിൽ
ശൂദ്രനെ തിരയുന്നവവർ
സോഷ്യലിസ്റ്റ് ജയഭേരികളിൽ
വർഗ്ഗീയ കോളനികയറുന്ന ഗാന്ധികൾ.
എന്നിട്ട്…
മർത്യനെ പല ജാതിയായ്
വേർതിരിച്ചവൻ്റെ വായിലമേദ്യം
ചാലിച്ചവരുടെ ശുദ്ധവുംമാറ്റണം.
പൗരാണിക പുരാണങ്ങളിൽ
നെറികേടുകളെല്ലാമുണ്ടാക്കി
അടക്കി ഭരിച്ചവരിന്നില്ലങ്കിലും
നാലാം നൂറ്റാണ്ടിലത് ചെയ്തവരുടെ
പരമ്പരയറ്റത്ത് ഇരുപത്തൊന്നാം
നൂറ്റാണ്ടിൽ നീട്ടി തുപ്പണം..
എന്നിട്ടിന്ന്…
ഉള്ളോൻ്റെ മക്കളുടെ പേരിനറ്റത്ത്
സവർണവാല് കെട്ടിയന്തസ്സോടെ
ജാതി ചൊല്ലണം നവോത്ഥാന കാലമേ…
വേദകാലത്താരോ ചൊല്ലിയുണ്ടാക്കിയ
മനുസ്മൃതിയെന്നെങ്കിലും നിങ്ങളുടെ
അപ്പനപ്പൂപ്പൻമാരെങ്കിലും കണ്ടിരുന്നോ..?
വായിച്ചിരുന്നോ..🤔
പാതയോരത്തലറുന്നവർ കണ്ടിരുന്നോ ?
നൂറ്റാണ്ടുകൾ പിന്നിലേക്കിനിയും
ചിക്കി ചിക്കി ഇന്നിൻ്റെ നാറ്റം മറക്കണം.
ഇന്നിന്റെ നാണം മറക്കാനോടുന്നവർ
മനുഷ്യരായ് മണ്ണിലദ്ധ്വാനിച്ച്
മക്കളെപോറ്റിയോരപ്പൻ്റെപ്പനെ
തെറിവിളിച്ചാനന്ദിക്കുന്ന
ജാതിഭ്രാന്താണ് നാടിന്..
എന്നിട്ട്…
ഉറവയുറ്റുന്ന ക്ഷേമപെൻഷനായ്
പാവങ്ങളാണെന്ന് മെമ്പർ സാക്ഷ്യംവേണം…
മക്കളായ് സമ്പന്നരില്ലന്ന സാക്ഷ്യം.
പെൻഷൻ പട്ടികയിലിടം പിടിക്കാൻ
ഭരിക്കുന്ന പാർട്ടിയിൽ ഇടം പിടിക്കണം.
മെമ്പറെ കണ്ടു കരഞ്ഞുമടുത്താൽ
പയ്യാരം പറഞ്ഞത് എന്നേക്കുമായി
വിനയാകുന്ന നിയമം.
നട്ടുണ്ടാക്കിയതൊന്നും വിളവായ്
തന്നില്ല കാട്ടു ജീവികൾ.
കതിർ കൊണ്ടുപോയി നഷ്ടങ്ങൾ.
മക്കൾക്കായ് നട്ടത് കിട്ടായപ്പോൾ
കെണി വെച്ചവൻ ജയിലിലാകുന്ന നിയമം.
വിശപ്പകറ്റാൻ പന്നിയിറച്ചി തിന്നോനും
കെണിവെച്ചവനും കേസിലാകുന്ന നിയമം.
വിശപ്പകറ്റാൻ ആമയെപ്പിടിച്ച
ശൂദ്രനഴിയെണ്ണൂന്ന വിപ്ളവസ്മൃതികൾ
സ്മൃതിയുണ്ടാക്കിയ മനു എത്ര ഭീകരൻ.
പേപിടിച്ച നായയെ
തല്ലിക്കൊന്നോനും ഇന്നിന്റെ
സ്മൃതിയാൽ ജയിലിലാകുമ്പോഴും
ചിരിക്കുന്നതാണ് നവോത്ഥാനം.
ദിവാനെതിരെ പേനയുന്തിയാൽ
വാതുറന്ന് എന്തെങ്കിലും ചൊല്ലിയാൽ
നാടുകടത്തിയ ച ചരിത്രകാലം..
ഇന്ന് കഥ മാറി…
പോലീസും ഈഡിയും പറമ്പളക്കും.
വൈദ്യുതികട്ടാവും.. വെള്ളം കിട്ടാതാവും.
നിയമലംഘന ചാർത്തുകൾ
പരമ്പരയായ് പത്രത്തിൽ വരും.
പാർട്ടിചാനലിൽ വരും .
വെട്ടുകിളി പാട്ടുകാർ ഉച്ചത്തിൽ
വട്ടമിട്ടു തെറിവിളിക്കും.
റിമാന്റാവുന്നതുവരെ ജീവൻ പിടക്കും.
സവർണ്ണൻ്റെയപ്പൂപ്പൻ്റെയപ്പന്റെ കുഴിമാന്തും.
നവലോക നിർമിതിയെത്ര മഹത്തരം
ഇന്നിന്റെ പുരോഗമന ജനാധിപത്യ
നിയമങ്ങളെത്ര സുന്ദര പുളകിതം.
അന്നത്തെ മനുസ്മൃതിയേക്കാളുമിന്ന്
നാറ്റമുണ്ടിതിനെന്ന് പറയാനാളില്ല.
ഇന്നുള്ളവർക്കായി ഇവരുണ്ടാക്കിയ
നിയമങ്ങളും ചട്ടങ്ങളും പൊളിയാണ്.
നവകാല നേതാക്കൾ സവർണ്ണരാജാവ്.
ശൂദ്രരായിന്നും പൊതുജനങ്ങൾ മാത്രം.
പേപ്പട്ടികൾ..പാമ്പുകൾ…കാട്ടാനകൾ..
കാട്ടുപന്നികൾ കടുവകൾക്ക് പോലും
വിലയുള്ള ഇന്നിന്റെ നിയമങ്ങൾ.
മനുഷ്യാ മനുസ്മൃതിയെത്രയോ ഭേദം.

