അകാലത്തിൽ
പൊലിഞ്ഞു പോവുന്ന
കവിയ്ക്ക് …….
ആദരാഞ്ജലികളുടെ
പെരുമഴ കൊണ്ട്
ആരുമെന്നിൽ
ഓർമ പുതുക്കേണ്ടതില്ല,
എൻ്റെയായവർ
എൻ്റെ നെഞ്ചിൽ
പറ്റി കിടക്കുന്നുണ്ട്.
കള്ളം പറഞ്ഞ
നാവുകളെന്നെ
കാണാൻ വരരുത്
കരുതി വെച്ചിട്ടുണ്ട് കാലം നിങ്ങൾക്കെൻ്റെ
മറുപടി,
രാഷ്ട്രീയത്തിൻ്റെ
നിഴൽ പിടിച്ച്
ഒറ്റയാളെന്നെ
എത്തി നോക്കരുത്,
മരിച്ചവളേക്കാൾ നാറ്റം
സ്വയം അനുഭവപ്പെട്ടേക്കാം,
നെറുകയിൽ
ചുംബിക്കാനുള്ള
സമ്മതപത്രം
മരിച്ച വിരലിനാൽ
തീർച്ചപ്പെടുത്തുക,
അനശ്വര കവി
ഇടപ്പിള്ളിയുടെ
രണ്ടുവരി കവിത
സഖാവും കവിയുമായ
എൻ്റെ പ്രിയ കൂട്ടുകാരാ
നീ ചൊല്ലണെ,
അവയവങ്ങൾ
പെരുമയ്ക്കു
ദാനം ചെയ്ത് എഴുതിയവളല്ല.
ആരെങ്കിലുമൊന്ന്
ഓർമപ്പെടുത്തണേ .
കവി
മരിച്ചിരിക്കുന്നു.
എന്ന വാർത്ത കേട്ട്
അവർ ഉത്സവമൊരുക്കട്ടെ,
കൂടെ നിന്നവർ
ആർത്തുല്ലസിക്കട്ടെ,
ഇന്നലെ വരെ പ്രിയപ്പെട്ടവളെ
എന്നു വിളിച്ച
ആ നുണനാവുകളിൽ നിന്ന്
എന്നെങ്കിലും സത്യമുയരട്ടെ ,
ഞാൻ ചിരിച്ചാണ്
പോവുന്നത്,
ഇന്നിതു വരെ
വാക്കാലും നോക്കാലും
ഞാനാരെയും
മുറിവേൽപ്പിച്ചിട്ടില്ലെന്ന
ഉത്തമ ബോധത്തോടെ ,
കാവ്യയശ: പ്രാർത്ഥിയല്ല
കവിയാണെന്നു ഓർമപ്പെടുത്താൻ
ഞാനിവിടെ എഴുതി വെച്ച
കവിതകൾ സാക്ഷ്യം,
അവസാനമായ് ഒന്നു മാത്രം…
കവിതയാണെൻ്റെ
ജീവൻ ,
വാക്കാണെൻ്റെ
സ്പന്ദനം,

By ivayana

Leave a Reply

Your email address will not be published. Required fields are marked *