രചന : വലിയശാല രാജു ✍️
ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് 1948 ജനുവരി 30. എന്നാൽ, ഗാന്ധിജി വധിക്കപ്പെടുന്നതിന് കൃത്യം പത്തുദിവസം മുൻപ് നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ, ചരിത്രം ആവർത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “നമുക്ക് ഗാന്ധിജിയെ രക്ഷിക്കാമായിരുന്നില്ലേ?”
1948 ജനുവരി 20-ന് ബിർള ഹൗസിലെ പ്രാർത്ഥനായോഗത്തിനിടെ ഒരു ബോംബ് സ്ഫോടനം നടന്നു. അഭയാർത്ഥിയായ മദൻലാൽ പഹ്‌വ ആയിരുന്നു ഇതിന് പിന്നിൽ. യഥാർത്ഥത്തിൽ അന്ന് തന്നെ ഗാന്ധിജിയെ വധിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. പഹ്‌വ ബോംബ് പൊട്ടിച്ച് പരിഭ്രാന്തി സൃഷ്ടിക്കുമ്പോൾ, സംഘത്തിലുണ്ടായിരുന്ന ദിഗംബർ ബാഡ്‌ഗെ മതിലിന്റെ ജാലകത്തിലൂടെ ഗാന്ധിജിയെ വെടിവെക്കണം എന്നതായിരുന്നു തീരുമാനം.
എന്നാൽ പഹ്‌വ ബോംബ് പൊട്ടിച്ച ഉടൻ തന്നെ പോലീസ് അദ്ദേഹത്തെ പിടികൂടി. ഇതുകണ്ട ബാഡ്‌ഗെയ്ക്ക് പരിഭ്രാന്തി (Panic) ഉണ്ടാവുകയും വെടിവെക്കാൻ ധൈര്യമില്ലാതെ വരികയും ചെയ്തു. പിടിക്കപ്പെടുമെന്ന ഭയത്താൽ ബാഡ്‌ഗെ ആ ദൗത്യം ഉപേക്ഷിച്ച് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ പരാജയമാണ് ജനുവരി 20-ലെ സംഭവത്തെ ഒരു ‘റിഹേഴ്സൽ’ എന്ന നിലയിലേക്ക് മാറ്റിയത്.
ഗൂഢാലോചനയുടെ ചുരുൾ അഴിയുന്നു
പഹ്‌വ പിടിയിലായതോടെ ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നു. പഹ്‌വയുടെ അഭ്യുദയകാംക്ഷിയായിരുന്ന പ്രൊഫസർ ജെ.സി. ജെയിൻ, തന്റെ ശിഷ്യൻ വഴി ലഭിച്ച വിവരങ്ങൾ അന്ന് ബോംബെ ആഭ്യന്തര മന്ത്രിയായിരുന്ന മോറാർജി ദേശായിയെ നേരിട്ട് കണ്ട് അറിയിച്ചു. മോറാർജി ജയിനിന്റെ സുഹൃത്തായിരുന്നു. പൂനെയിൽ നിന്നുള്ള ഒരു സംഘം ഇതിന് പിന്നിലുണ്ടെന്നും അതിൽ ‘ഹിന്ദു രാഷ്ട്ര’ പത്രത്തിന്റെ പത്രാധിപരായ ഗോഡ്‌സെ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അക്ഷന്തവ്യമായ സുരക്ഷാ വീഴ്ചകൾ
വിവരങ്ങൾ ലഭിച്ചിട്ടും ഭരണകൂടത്തിനും പോലീസിനും വലിയ വീഴ്ചകൾ സംഭവിച്ചു.
ബോംബെ പോലീസ് നൽകിയ വിവരങ്ങൾ ഡൽഹി പോലീസ് ഗൗരവമായി എടുത്തില്ല.
സ്ഫോടനത്തിന് ശേഷം ദിവസങ്ങളോളം ഗോഡ്‌സെയും സംഘവും ഡൽഹിയിലെ ഹോട്ടലുകളിൽ താമസിച്ചിരുന്നു. പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നെങ്കിൽ അവരെ അന്ന് തന്നെ പിടികൂടാമായിരുന്നു.
ജനുവരി 20-ലെ പരാജയത്തിന് ശേഷം രക്ഷപ്പെട്ട ഗോഡ്‌സെയും ആപ്‌തെയുൾപ്പെടെയുള്ളവർ, ജനുവരി 27-ന് വീണ്ടും വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചെത്തിയിട്ടും ഇന്റലിജൻസ് അത് അറിഞ്ഞില്ല. പല വട്ടം ഗോഡ്‌സെ ഡൽഹി-ബോംബെ വിമാനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടും യാത്രക്കാർ വിരളമായ
അക്കാലത്തു കണ്ടുപിടിക്കാൻ പോലീസിന് കഴിഞ്ഞില്ല എന്നത് ഗുരുതര വീഴ്ച തന്നെയാണ്.
ജനുവരി 20-ന് പഹ്‌വ പിടിയിലായപ്പോഴോ, അല്ലെങ്കിൽ പ്രൊഫസർ ജെയിൻ മുന്നറിയിപ്പ് നൽകിയപ്പോഴോ പോലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. പ്രതികളെ പേര് വിവരങ്ങൾ സഹിതം തിരിച്ചറിഞ്ഞിട്ടും അവരെ പിടികൂടുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ആത്മീയമായ കാരണങ്ങളാൽ ഗാന്ധിജി സുരക്ഷ നിരസിച്ചിരുന്നുവെങ്കിലും, ലഭിച്ച ഇന്റലിജൻസ് വിവരങ്ങൾ വെച്ച് പ്രതികളെ വലയിലാക്കാൻ പോലീസിന് കഴിയുമായിരുന്നു എന്നത് ഒരു ചരിത്രസത്യമായി അവശേഷിക്കുന്നു.
പിന്നീട് കപൂർ കമ്മീഷനും ഇതെല്ലാം സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.. പൂന യായിരുന്നു എല്ലാത്തിന്റെയും കേന്ദ്രമെന്നും
രേഖപ്പെടുത്തപ്പെട്ടു.

