പ്രകൃതിയിലെ വിസ്മയകരമായ കാഴ്ചകളിൽ ഒന്നാണ് തൂക്കണാംകുരുവിയുടെ കൂട്. കേവലം ഒരു വാസസ്ഥലം എന്നതിലുപരി, ഒരു ആൺപക്ഷി തന്റെ പ്രണയിനിക്കായി സമർപ്പിക്കുന്ന സ്നേഹോപഹാരമാണത്. എന്നാൽ ഈ നിർമ്മാണത്തിന് പിന്നിൽ വലിയൊരു പരീക്ഷണത്തിന്റെ കഥയുണ്ട്.

മഴക്കാലത്തിന്റെ തുടക്കത്തിലാണ് ആൺ തൂക്കണാംകുരുവികൾ സജീവമാകുന്നത്. പനയോലയുടെയോ പുല്ലിന്റെയോ നാരുകൾ ഉപയോഗിച്ച് അവർ കൂട് നെയ്യാൻ തുടങ്ങും. എന്നാൽ ആദ്യമേ കൂട് പൂർത്തിയാക്കില്ല. കൂടിന്റെ പകുതി ഭാഗം, അതായത് ഒരു ‘ഹെൽമെറ്റ്’ രൂപത്തിലാകുമ്പോൾ ആൺപക്ഷി പണി നിർത്തും. എന്നിട്ട് മനോഹരമായി ചിറകടിച്ചു ശബ്ദമുണ്ടാക്കി പെൺപക്ഷികളെ അടുത്തേക്ക് ക്ഷണിക്കും. തന്റെ കരവിരുതിന്റെ പ്രദർശനമാണത്.

ആൺപക്ഷിയുടെ ക്ഷണം സ്വീകരിച്ച് പെൺപക്ഷികൾ എത്തുമ്പോഴാണ് കഥയിലെ നിർണ്ണായക ഘട്ടം തുടങ്ങുന്നത്. അവൾ കൂടിൽ കയറി അതിന്റെ ബലവും, ഉപയോഗിച്ച നാരുകളുടെ ഗുണമേന്മയും, കാറ്റിൽ ആടുമ്പോഴുള്ള സുരക്ഷിതത്വവുമെല്ലാം സൂക്ഷ്മമായി പരിശോധിക്കും. അവൾക്ക് കൂട് ബോധ്യപ്പെട്ടാൽ മാത്രമേ ആ ആൺപക്ഷിയെ തന്റെ പങ്കാളിയായി അവൾ സ്വീകരിക്കുകയുള്ളൂ.
തിരസ്കാരവും തകർക്കപ്പെടലും.

ഒരു ആൺപക്ഷി നെയ്ത കൂട് കണ്ട് ഒരു പെൺപക്ഷിയും വന്നില്ലെങ്കിലോ, അതല്ലെങ്കിൽ വന്നവർക്കൊന്നും ആ കൂട് ഇഷ്ടപ്പെട്ടില്ലെങ്കിലോ പിന്നെ അവിടെ സംഭവിക്കുന്നത് തികഞ്ഞ നിരാശയുടെ കാഴ്ച്ചയല്ല, മറിച്ച് വാശിയോടെയുള്ള പുതിയൊരു തുടക്കമാണ്. പെൺപക്ഷി ഉപേക്ഷിച്ച ആ കൂട് ആൺപക്ഷി തന്നെ കൊത്തിക്കീറി നശിപ്പിക്കും. സ്വന്തം അധ്വാനം പാഴായല്ലോ എന്ന വിഷമമില്ലാതെ, കൂടുതൽ മികച്ച രീതിയിൽ അവൻ അടുത്ത കൂട് നെയ്യാൻ തുടങ്ങും. താൻ സ്വപ്നം കാണുന്ന പങ്കാളിക്ക് തന്റെ വീട് ബോധിക്കുന്നത് വരെ ഈ പ്രക്രിയ അവൻ ആവർത്തിച്ചുകൊണ്ടേയിരിക്കും.
ഒടുവിൽ ഒരു പെൺപക്ഷി കൂട് ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ, പിന്നെ ആൺപക്ഷി ബാക്കി പണികൾ പൂർത്തിയാക്കും. മഴയും കാറ്റും ഏൽക്കാത്ത വിധം ഉറപ്പുള്ള, താഴേക്ക് കുഴൽ പോലെയുള്ള പ്രവേശന കവാടമുള്ള ആ മനോഹരമായ വീട് പ്രകൃതിയിലെ എഞ്ചിനീയറിംഗ് വിസ്മയമാണ്.

മടുപ്പില്ലാത്ത ഈ കഠിനാധ്വാനവും, മികച്ചത് മാത്രം തന്റെ പ്രണയിനിക്ക് നൽകണമെന്ന വാശിയുമാണ് തൂക്കണാംകുരുവിയെ പക്ഷികൾക്കിടയിലെ വേറിട്ടൊരു കാമുകനാക്കുന്നത്

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *