രചന : കെഎം മുസ്തഫ ✍️
വിദ്യാഭ്യാസത്തിൽ, ആരോഗ്യരംഗത്ത്, സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ, മനശ്ശാസ്‌ത്രത്തിൽ വരെ വെർച്വൽ റിയാലിറ്റി ഇന്ന് കടന്നുകയറിക്കഴിഞ്ഞു. സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിലെല്ലാം ഈ ഡിജിറ്റൽ വിപ്ലവം അതിൻ്റെ പ്രയുക്തസാന്നിധ്യമറിയിക്കുന്നുണ്ട്. എല്ലാം വെർച്വലായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഗുരുതരമായ ജീവാപായങ്ങൾക്കും പരിസര മലിനീകരണത്തിനും സാധ്യതയുള്ള നമ്മുടെ ആഘോഷങ്ങൾ കൂടി എന്തുകൊണ്ട് വെർച്വലായിക്കൂടാ?
തൃശ്ശൂരിൽ അടുത്തിടെയുണ്ടായ ദൗർഭാഗ്യരമായ പടക്കദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ ആഘോഷങ്ങളിൽ വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ ആരായുന്നത് പ്രസക്തമാണെന്ന് കരുതുന്നു.
ഒറിജിനലിൻ്റെ സുഖവും സംതൃപ്തിയും ഒരിക്കലും വെർച്വലിന് നൽകാനാവില്ലെന്നാണോ നാമിപ്പോഴും കരുതുന്നത്?. ഒറിജിനലിനെ പതിൻമടങ്ങ് വെല്ലുന്ന വെർച്വൽ അനുഭൂതികൾ ഞൊടിയിടകൊണ്ട് സൃഷ്ടിക്കാൻ കഴിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ സ്വകാര്യമായ ജൈവിക അനുഭൂതികളിൽ പോലും വെർച്വൽ റിയാലിറ്റി അതിൻ്റെ രസതന്ത്രം കണ്ണും മുക്കും നോക്കാതെ പ്രയോഗിക്കുന്ന ഡിജിറ്റൽ അതിമായികതയുടെ ഈ യുഗത്തിൽ , മനുഷ്യൻ്റെ അമൂല്യമായ ജീവനും പ്രകൃതിക്കും ഏറെ ഗുണകരമാകുന്ന തികച്ചും പോസിറ്റീവായ ഒരു മാറ്റത്തിന് ആ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതിൽ അപാകതയുണ്ടോ?
സമൂഹത്തിൻ്റെയും പ്രകൃതിയുടെയും സുരക്ഷയിലൂന്നിയുള്ള മാറ്റങ്ങളിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ. ഒരേ സമയം പോസിറ്റീവും നെഗറ്റീവുമായ ഏറെ വശങ്ങളുണ്ടെങ്കിലും വെർച്വൽ ലോകം നമുക്ക് മുന്നിൽ ഒരു യാഥാർത്ഥ്യമായി അതിരുകളില്ലാതെ തുറന്ന് കിടക്കുകയാണ്. അങ്ങനെയെങ്കിൽ ജീവൻ അപായപ്പെട്ടേക്കാവുന്ന സാഹചര്യങ്ങൾക്കും, അന്തരീക്ഷ മലിനീകരണം മൂലമുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾക്കും ഒരു ബദലായി അതിനെ നമുക്ക് മാറ്റിയെടുത്ത് കൂടേ?
എത്ര ശ്രദ്ധിച്ചാലും ഏറെ അപകടസാധ്യതകളുള്ള കരിമരുന്നിന് പകരം ഡിജിറ്റൽ സ്കൈ ഷോകൾ (Digital Sky Shows) നമ്മുടെ ഉത്സവവേദികളെയും ആഘോഷങ്ങളേയും മനമഞ്ചിപ്പിക്കുന്ന മിന്നൽ പ്രപഞ്ചമാക്കുന്ന ഒരു കാലം നമുക്ക് ചിന്തിക്കാമോ?
ഒരു കൂട്ടം ഡ്രോണുകൾ ആകാശത്ത് ചിറകുവിരിച്ച് മാന്ത്രികത തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോകൾ (Drone Light Shows) ഒരുനാൾ നമ്മളെയും വിസ്മിത നേത്രരാക്കും !ലേസറുകളും ഹൈ-ഡെഫനിഷൻ പ്രൊജക്ഷനുകളും ഉപയോഗിച്ച് അനന്തതയിൽ അവർണ്ണനീയമായ വർണ്ണവിസ്മയങ്ങൾ തീർക്കാൻ ഇന്ന് സാങ്കേതികവിദ്യക്ക് കഴിയും! വെടിക്കെട്ടുകളുടെ ഇടിമുഴക്കം നെഞ്ചിലേറ്റുന്നവർക്ക്, ദിക്കുകൾ മുഴക്കുന്ന സ്പേഷ്യൽ ഓഡിയോ (Spatial Audio) സംവിധാനങ്ങളിലൂടെ അതേ ശബ്ദാനുഭൂതി അതിൻ്റെ പൂർണ്ണതയിൽ തന്നെ, എന്നാൽ തീർത്തും സുരക്ഷിതമായി സൃഷ്‌ടിക്കാനാവും! ഒരു തരി വെടിമരുന്ന് പോലുമില്ലാതെ, വായുവിനെ പൊടിപോലും മലിനമാക്കാതെ ആയിരക്കണക്കിന് ആളുകൾക്ക് ഒരേസമയം ഈ ദൃശ്യവിരുന്നിൽ പങ്കുചേരാം. (അപ്പോഴും ശബ്ദമലിനീകരണ സാധ്യതകൾ നിലനിൽക്കുന്നുണ്ട് എന്നത് വേറെ വിഷയം )
കേരളത്തിലെ ഉത്സവങ്ങളുടെയും ആഘോഷച്ചടങ്ങുകളുടെയും മറ്റൊരു പ്രധാന ആകർഷണമാണ് ആനയെഴുന്നള്ളത്തുകൾ. പൊരിവെയിലത്തും, ആൾക്കൂട്ടത്തിലും, ഉത്സവാവേശങ്ങളുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിലും ഏറെനേരം നിൽക്കേണ്ടി വരുമ്പോൾ ആനകൾക്കുണ്ടാകുന്ന അസ്വസ്ഥതകളും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും നാം ചിലപ്പോഴൊക്കെ കാണാറുള്ളതാണ്. മിണ്ടാപ്രാണികൾക്ക് ആയാസമുണ്ടാക്കാതെയുള്ള ഒരു സുരക്ഷിത ബദൽ അന്വേഷിക്കുന്നവർക്ക് അനിമേട്രോണിക് ആനകൾ (Animatronic elephants) ഒരു മനോഹരമായ സാങ്കേതിക സാധ്യതയാണ്. ഒരുപക്ഷേ യഥാർത്ഥ ആനകളെ വെല്ലുന്ന ഗാംഭീര്യത്തോടെ, തികച്ചും സ്വാഭാവികമായ ചലനങ്ങളോടെ തലയെടുപ്പോടെ നിൽക്കുന്ന റോബോട്ടിക് ആനകൾ സാംസ്‌കാരിക പാരമ്പര്യത്തിൻ്റെ ഗാംഭീര്യം ചോർന്നുപോകാതെ തന്നെ മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നു.
തുടങ്ങാനും പരിപാലനത്തിനുമുള്ള സാമ്പത്തികച്ചെലവാണ് ഇത്തരം സാങ്കേതികവിദ്യകൾ ജനകീയമാകുന്നതിന് നിലവിലുള്ള വലിയ പരിമിതി. സാങ്കേതികമായി പ്രത്യേക പരിശീലനം സിദ്ധിച്ചവരെ ഉപയോഗിച്ച് മാത്രമേ ഇത്തരം സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനാവൂ .ഡ്രോണുകൾ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള സുരക്ഷാ നിയന്ത്രണങ്ങളും അനുമതികളുമൊക്കെ ആവശ്യമായി വരുമ്പോൾ ഗ്രാമീണ മേഖലയിലെ ചെറിയ ചെറിയ ഉത്സവങ്ങൾക്കും മറ്റും ഇത്തരം സംവിധാനങ്ങൾ നിലവിൽ പ്രായോഗികമായെന്ന് വരില്ല. വൻ ഉത്സവങ്ങളിൽ പരമ്പരാഗത വെടിക്കെട്ടുകൾക്ക് ചെലവ് ഭീമമാണെങ്കിലും അത് നിലവിൽ ജനകീയമാണ്. ആചാരപ്രധാനമായ ഉത്സവങ്ങളിൽ നിലവിലുള്ള രീതികൾക്ക് പകരം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതും ഒരു തടസ്സമായേക്കാം.
ഇത്തരം പരിമിതികൾ നിലവിലുണ്ടെങ്കിലും
സാങ്കേതിക വിദ്യ മൂലമുണ്ടാകുന്ന ശരിയായ ദിശയിലുള്ള മാറ്റം ഒരു സാംസ്കാരിക ശോഷണമല്ല! മറിച്ച് മാനവികതയിലൂന്നിയുള്ള സാംസ്‌കാരിക വികസനത്തിലേക്കുള്ള പരിണാമമാണ്. സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതിയുടെ പല പല പ്രതിഫലനങ്ങൾ നമ്മുടെ ആഘോഷങ്ങളിൽ ഇപ്പോൾതന്നെ കാണാൻ സാധിക്കും. യൂറോപ്പിലും ചൈനയിലും യു എ ഇ ലുമൊക്കെ വലിയ ഉത്സവങ്ങളിൽ ഇത്തരം സങ്കേതങ്ങൾ ഇതിനകം പ്രയോജനപ്പെടുത്തി കഴിഞ്ഞു. നമ്മുടെ കൊച്ചുകേരളത്തിലും സാങ്കേതിക വനങ്ങൾ കടന്നെത്തിയ റോബോട്ടിക് ആനകൾ ചിന്നം വിളിക്കാൻ തുടങ്ങിയിരിക്കുന്നു.
ഭയമോ ബുദ്ധിമുട്ടുകളോ ഇല്ലാതെ , പ്രകൃതിയെ അപകടപ്പെടുത്താതെ ആസ്വദിക്കാൻ കഴിയുന്നവയാകണം നമ്മുടെ ആഘോഷങ്ങൾ. ആധുനിക സാങ്കേതികവിദ്യകൾ നമുക്ക് തുറന്നുതരുന്നത് ഈ സുരക്ഷിതത്വത്തിലേക്കും മഹത്വത്തിലേക്കുമുള്ള വലിയ സാധ്യതകളാണ്. പഴയ ശീലങ്ങളെ കാലോചിതമായി നവീകരിച്ച്, കൂടുതൽ സുരക്ഷിതവും മനോഹരവും അർത്ഥപൂർണ്ണവുമായ ആ വെർച്വൽ ആഘോഷ പ്രപഞ്ചത്തിൽ നമ്മളും ധൈര്യപൂർവ്വം ചുവടുവെക്കുന്ന കാലം വിദൂരമല്ല എന്നാണ് ഈ കുറിപ്പുകാരൻ കരുതുന്നത്.

