നിങ്ങൾ ഒരു കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ പോകുന്നവരല്ലേ
എങ്കിൽ ചില കാര്യങ്ങൾ ചോദിക്കട്ടെ..?
കല്യാണവുമായി ബന്ധപ്പെട്ടു അവിടമിൽ എത്തി വലിയ ഓഡിറ്റോറിയത്തിന്റെ മുന്നിൽ വന്ന് മുഖപ്പിലേക്ക് നോക്കുമ്പോൾ ആദ്യം കണ്ണിലുടക്കുക എങ്ങോട്ടാവും..? പ്രൗഢിയോടെ നിൽക്കുന്ന ആ പ്രധാന കവാടത്തിലേക്കാകില്ലേ..? ആഡംബരത്തിന്റെ തിളക്കം ചേർന്ന ആ വലിയ വാതിൽ. അതിന് തൊട്ടുചേർന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം ഒതുങ്ങിനിൽക്കുന്ന ഒരു ചെറിയ വാതിലുണ്ട്.

അല്ല എന്തിനായിരിക്കും
രണ്ട് വാതിലുകൾ..?
പുറമെ നിന്ന് നോക്കുന്നവർക്ക് അത് കേവലം ഒരു സാങ്കേതിക സൗകര്യം മാത്രമായിരിക്കാം എന്നാൽ സൂക്ഷിച്ചു നോക്കുന്നവർക്ക് അവിടെ മനുഷ്യബന്ധങ്ങളുടെ വികൃതമായ
മറ്റൊരു മുഖം കാണാൻ സാധിക്കുന്നില്ലേ .
​നമ്മുടെ ആഘോഷങ്ങൾ പലപ്പോഴും ആ വലിയ വാതിൽ പോലെയാണ്. അവിടെ വെള്ളയും വെള്ളയും ധരിച്ച് ആത്മാർത്ഥതയില്ലാത്ത ചിരികൾ ചുണ്ടിൽ ഒളിപ്പിച്ച ഒരു കൂട്ടം ആളുകളുണ്ടാകും. അവർക്ക് മുന്നിൽ നിലയും വിലയും പദവിയുമുള്ളവർ ആഗതരാകുമ്പോൾ സ്വീകരണങ്ങളുടെ പൂരമായിരിക്കും. കെട്ടിപ്പിടുത്തങ്ങളും കുശലാന്വേഷണങ്ങളും
കൊണ്ട് ആ വലിയ കവാടം ശബ്ദായമാനമാകും.

ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം നോക്കി മാത്രം കൈകൊടുക്കുന്ന ഈ പകൽ മാന്യന്മാരുടെ ലോകത്തേക്ക് കടന്നുചെല്ലാൻ എല്ലാവർക്കും
സാധിച്ചെന്നു വരില്ല.
​അവിടെയാണ് ആ ചെറിയ വാതിലിന്റെ പ്രസക്തി. ജീവിതത്തിന്റെ ഏതോ
ഘട്ടത്തിൽ പരാജയപ്പെട്ടുപോയവർ
പണമോ പ്രതാപമോ ഇല്ലാത്തവർ അല്ലെങ്കിൽ ലളിതമായ ജീവിതം
നയിക്കാൻ ആഗ്രഹിക്കുന്നവർ
അവർക്ക് ആ വലിയ വാതിൽ
ഒരു വെല്ലുവിളിയായി തോന്നാറില്ലേ .

അർഹിക്കുന്ന പരിഗണനകൾ
ലഭിക്കില്ലെന്ന തിരിച്ചറിവ് മറ്റുള്ളവരുടെ
പരിഹാസച്ചിരികൾ നേരിടേണ്ടി വരുമോ
എന്ന ഭയം പ്രഹസനങ്ങളുടെ ഭാഗമാകാൻ താല്പര്യമില്ലാത്ത മനസ്സ് ഇതെല്ലാം
അവരെ ആ ചെറിയ വഴി
തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.

എന്തെ ശെരിയല്ലേ..?
​വിധിയുടെ ഇടനാഴികളിലൂടെ നടന്നുനീങ്ങുന്ന
ഇത്തരക്കാർക്ക് ആ ചെറിയ വാതിൽ ഒരു അഭയസ്ഥാനമാണ്. ആരുടെയും
കണ്ണിൽപ്പെടാതെ ആരുടെയും പ്രത്യേക
പരിഗണനകൾക്കായി കാത്തുനിൽക്കാതെ തങ്ങളുടെ ആത്മാഭിമാനം മുറിവേൽക്കാതെ ഉള്ളിലേക്ക് കടക്കാൻ അവർ ഈ വഴി ഉപയോഗിക്കുന്നു. പുറത്ത് നടക്കുന്ന ആഘോഷങ്ങളോ സ്വീകരണങ്ങളോ തങ്ങൾക്കായുള്ളതല്ലെന്ന് ബോധ്യമുള്ളവർ സാഹചര്യങ്ങൾ കൊണ്ട് മാത്രം ചടങ്ങുകളിൽ പങ്കെടുക്കാൻ വിധിക്കപ്പെട്ടവർ അവർക്ക്
ആ ചെറിയ വഴി ഒരു വിട്ടുപോക്കല്ല
മറിച്ച് ലോകത്തിന്റെ
പൊള്ളത്തരങ്ങളിൽ നിന്നുള്ള ഒരു
നിശബ്ദമായ വിടവാങ്ങലാണ്.

നിങ്ങളുടെ ഭാഷയിൽ അത് വെറുമൊരു
വാതിലാകാം. എന്നാൽ ചിലരുടെ ജീവിതത്തിന്റെ ഭാഷയിൽ അത് മനുഷ്യർക്കിടയിലെ വലിയൊരു വിടവാണ്.
അധികാരത്തിന്റെയും പണത്തിന്റെയും മഹിമയിൽ വലിയ വാതിലുകൾ തുറക്കപ്പെടുമ്പോൾ, സ്നേഹവും സത്യസന്ധതയും മാത്രം കൈമുതലായുള്ളവർ ആ ചെറിയ ഇടനാഴികളിലൂടെ കടന്നുപോയി ഇരുളിലെവിടെയോ മറയുന്നു. ഒടുവിൽ ആ ഹാളിനുള്ളിൽ ഇവർ രണ്ടാക്കൂട്ടരും ഒന്നിച്ചുചേരുമ്പോഴും അവർ കടന്നുവന്ന വഴികൾക്കിടയിൽ കാലങ്ങളോളം മായാതെ നിൽക്കുന്ന ഒരു വലിയ ദൂരമുണ്ടാകും.
അത് ഹൃദയങ്ങൾ തമ്മിലുള്ള ദൂരമാണ്.

ജാബി പത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *