അഞ്ചാമത് ലോക കേരള സഭ സമ്മേളിക്കുമ്പോൾ പ്രവാസികൾ അത്ര പ്രതീക്ഷയിലൊന്നുമല്ല. കാരണം കഴിഞ്ഞകാല അനുഭവങ്ങൾ അത്ര
ശുഭകരമല്ല. സമസ്ത മേഖലയിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രതിനിധികൾ(?)പങ്കെടുക്കുന്ന സമ്മേളനങ്ങൾ പ്രവാസികൾക്ക്
കൂടി വേണ്ടിയാകണം എന്നതാണ് പ്രധാനം.കേരള നിയമ സഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും ഉൾപ്പടെ 351 അംഗങ്ങളാണ് ലോക കേരള സഭയിൽ ഉള്ളത് .മറ്റു അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിർദ്ദേശിക്കപ്പെടുന്നവർ പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ തുടങ്ങിയ പരിഗണനകൾ മുൻനിർത്തിയായിരിക്കും അംഗങ്ങളെ നിശ്ചയിക്കുക എന്നാണ് വെയ്പ്പ് .

എന്നാൽ ഇതിലെ പ്രതിനിധികൾ കേവലം രാഷ്ട്രീയ പാർട്ടിയുടേയോ മത
സാമുദായിക സംഘടനകളുടെയോ പ്രതിനിധികൾ മാത്രമായി ചുരുങ്ങുന്നു
എന്നതാണ് വസ്തുത .പ്രതിപക്ഷ കക്ഷികളെ ഇക്കാര്യത്തിൽ വിശ്വാസത്തിലെടുക്കാനും ആയിട്ടില്ല .
എന്താണ് സാധാരണ പ്രവാസിയുടെ അവസ്ഥ ?തൊഴിൽ സാഹചര്യങ്ങൾ എത്രമാത്രം അനുകൂലമാണ് ?വളരെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് .ഇൻഷുറൻസ് പരിരക്ഷ ,ഇവിടെങ്ങളിലെ ആശുപത്രികളിൽ എത്തിയാലുണ്ടാകാവുന്ന ഭാരിച്ച ചിലവുകൾ ,താമസ സൗകര്യങ്ങളുടെ പരിമിതികൾ ഇതിനൊക്കെ എന്താണ് ലോക കേരള സഭക്ക് ചെയ്യാൻ കഴിയുക ?

പ്രവാസി വോട്ടവകാശം യാഥാർഥ്യമായാൽ നമമുടെ രാഷ്ട്രീയ നേതാക്കന്മാർ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഇവിടങ്ങളിൽ ഓടിയെത്തും .
മാത്രമല്ല ഇവിടങ്ങളിൽ തമ്പടിച്ചു പ്രവാസി പ്രശ്നങ്ങളിൽ ഇടപെടും .
നമമുടെ പണം കൊണ്ട്‌ ഒരു പരിധിവരെ സ്വയം പര്യപ്തരായ കേരള സംസ്ഥാനത്തിന് മാത്രമായി പരിമിതികൾ ഉണ്ട് എന്നാൽ
പ്രവാസ ലോകത്തെ ഭരണാധികാരികളുമായി ഒരു ചര്ച്ച നടത്തിയാൽ ആരോഗ്യ രംഗത്തു പ്രവാസികൾക്കു ഇവിടെങ്ങളിലെ സർക്കാർ ആസ്പത്രികളിൽ കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാകും അതിനെ കുറിച്ച് നാളിതുവരെ ഒരു നീക്കവും നടന്നതായി അറിവില്ല .

വിദ്യാഭ്യാസ മേഖലകൾ അടിമുടി വ്യവസായവൽക്കരിച്ചതിന്റെ പരിണിത ഫലങ്ങൾ ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ ദൈനംദിന ചെലവിൽ പ്രഥമ സ്ഥാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറിയിരിക്കുന്നു .പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ വിദ്ധ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കിക്കൊണ്ടു ഇന്ത്യൻ ഭരണഘടനാ ഉറപ്പു തരുന്നുണ്ട് .കേരള സർക്കാരിന്റെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചിട്ടുണ്ട് .പ്രവാസികൾക്ക് ഇതൊക്കെ ബാധകമാണോ എന്ന ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .

വിദേശത്തു തൊഴിലെടുക്കുന്ന ഗൃഹനാഥന്റെ ശരാശരി പ്രവാസി കുടുംബത്തിന് താങ്ങാവുന്നതിലും അധികം പണം നൽകിയാലേ ഒരു കുട്ടിയെ സ്കൂളിൽ പഠിപ്പിക്കാൻ കഴിയൂ എന്ന വസ്തുത നിലനിൽക്കുമ്പോഴാണ് ഒന്നിലധികം കുട്ടികളുള്ള കുടുംബത്തോടൊപ്പം താമസിക്കാനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഉള്ളപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരിൽ മാത്രം കുടുംബത്തെ കൂട്ടാൻ കഴിയാത്തവരുടെ എണ്ണവും നിലവിൽ നാട്ടിലേക്ക് കുടുംബത്തെ തിരിച്ചയക്കുന്നവരുടെ എണ്ണവും പ്രവാസ ലോകത്തു വർദ്ധിച്ചു വരുമ്പോൾ കണ്ടില്ലന്നു അധികൃതർ നടിക്കുന്നത് വോട്ടു ബാങ്കിൽ പ്രവാസികൾക്ക് കാര്യമായ സ്വാധീനമില്ലാത്തത് കൊണ്ടാണോ ?അതിൽ ലോക കേരള സഭയുടെ അഭിപ്രായം എന്താണ് ?

              ഏറ്റവും വലിയ പ്രവാസ സമൂഹമായ  മലയാളികൾക്കായി ,കെ ഫോണും കെ റെയിലും മുൻപോട്ടു വെച്ച കേരള സർക്കാർ മുൻകൈയെടുത്തു പ്രവാസികളുടെ മക്കൾക്കായി  സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസ് വാങ്ങി മികച്ച അധ്യാപകരെ ഉൾപ്പെടുത്തി പഠിപ്പിക്കാൻ കഴിയുന്ന കേരള മോഡൽ സ്കൂളുകൾ  അഥവാ കെ-  സ്കൂളുകൾ ആരംഭിക്കാൻ കഴിയുമോ ?അങ്ങനെ ഒരു ബ്രിഹത് പദ്ധതി ഉണ്ടായാൽ വിവാദമാകുകയോ അതിനെതിരെ ഒരു വാക്കോ പ്രവാസികളുടെ ഇടയിൽ  നിന്നുമുണ്ടാകില്ല. മാത്രമല്ല അകമഴിഞ്ഞ പിന്തുണ കൂടിയുണ്ടാകും .അത് വഴി മലയാളി വിദ്യാർത്ഥികൾക്ക് മികച്ച പഠനം മാത്രമല്ല നിരവധി തൊഴിലവസരങ്ങളുമുണ്ടാകും.
     വിമാന കമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തി നിരക്കു കുറക്കാനായാൽ  എല്ലാ വിഭാഗങ്ങൾക്കും ആശ്വാസമാകും .

തിരിച്ചെത്തിയ പ്രവാസികൾ കുടുംബമായി വിദേശങ്ങളിൽ താമസിച്ചവരുൾപ്പടെ കയറിക്കിടക്കാൻ ഒരു വീട് മാത്രം
സമ്പാദിച്ചവർ ആണ് അധികവും. കടം കയറി വീട് വിറ്റു സെറ്റില് ചെയ്യാമെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട് .കേരളത്തിലെ തെരുവോരങ്ങളിൽ തട്ടിൽ മീൻ വിൽക്കുന്നവരും കൂണ് പോലെ മുളച്ചു
നിൽക്കുന്ന മന്തി കടകൾ നടത്തുന്നവരുമാണ് റിട്ടേൺ പ്രവാസികളിൽ അധികവും .ഇവർക്ക്
മുൻപിൽ എന്ത് പ്രതീക്ഷ നൽകാൻ
കഴിയും? കൂടാതെ തിരിച്ചെത്തി നിൽക്കക്കള്ളിയില്ലാത്തവർക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കാൻ
കഴിയുമോ ?
ഇതൊന്നും ചര്ച്ച ചെയ്യാതെ എന്തു ലോക കേരള സഭ ? സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ ശാസ്ത്ര മഖലയിലുള്ളവരെയും താരതമ്യേന വരുമാനത്തിൽ കുറവുള്ളവരുടെ പ്രതിനിധികളെയും ലോക
കേരള സഭയിലേക്കെത്തിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല ?

“ ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അസാമാന്യ വിഭവശേഷിയാണ് നമ്മുടെ കൂട്ടായ്മയ്ക്കുള്ളത്. ഈ കൂട്ടായ്മയെ ഊട്ടിയുറപ്പിച്ചുകൊണ്ടു കേരളത്തെ പുതിയ സഹസ്രാബ്ദത്തിലൂടെ പുതിയ നൂറ്റാണ്ടിലൂടെ കാലത്തിനു ചേരുംവിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമ സമൂഹവും വികസിത നാടും യാഥാർഥ്യമാക്കുമെന്ന മഹത്തായ സന്ദേശമാണ് ലോക കേരള സഭ മുന്നോട്ടു വയ്ക്കുന്നത്.”

എന്നാണു 2026 ൽ ലോക കേരള സഭയിൽ മുഖ്യമന്ത്രി പറഞ്ഞത് .അത് അത്ര പെട്ടന്ന് യാഥാർഥ്യമാകുമോ എന്നതാണ് ചോദ്യം .
ലോക കേരള സഭ എന്ന ആഗോള ആശയത്തിന്റെ ആശയും പ്രതീക്ഷയും ഓരോ പ്രവാസിക്കുമുണ്ടാകണം . പ്രവാസികൾ ഒന്നും പ്രതീക്ഷിക്കുന്നവരല്ല .അതുകൊണ്ട് തന്നെ നാളെ ജോലിക്കു പോകണം
എന്ന ചിന്തയിൽ ഉറങ്ങിയുണരുന്നു ഇന്നും ഭൂരിപക്ഷം പ്രവാസികളും.

അഫ്സൽ ബഷീർ

By ivayana