തിരക്കേറിയ
നഗരപ്രാന്തത്തിൽ
നഗ്നയാക്കപ്പെട്ട
ഒരുവളെപ്പോൽ
ഒരൊറ്റയടിപ്പാത
മലർന്നു കിടന്നു…..
എന്തുകൊണ്ടോ
ആരും ആ മാർഗം
തിരഞ്ഞെടുത്തില്ല…..
തമ്മിൽത്തമ്മിൽ
കൂട്ടിമുട്ടിയും
ഒഴിഞ്ഞു മാറിയും
പലരും തിരക്കുകളിൽ
മുങ്ങിയും പൊങ്ങിയും
തിരകളിലെന്നപോൽ
മിന്നി മാഞ്ഞു ……
ആളുകളുപേക്ഷിച്ച
പാതയുടെ
നിമ്നോന്നതങ്ങളിൽ
അയാൾ മാത്രം പതിയെ
തൻ്റെ കാലുകളമർത്തി….
കാമുക സ്പർശത്താൽ
തരളിതയെന്ന പോൽ
പാത പൂത്തുലഞ്ഞു……
പാതയ്ക്കിരുപുറവും നിന്ന
ഗുൽമോഹർ മഞ്ഞകൾ
അവരിൽ പ്രണയം വിതച്ചു….
അലസമായ് വീശിയ
കുളിർ കാറ്റിലവർ
ആശ്ലേഷിതരായി ……
ഉടുപ്പൂരിയെറിഞ്ഞ്
അയാൾ പാതയിലേക്കമർന്നു
അനന്തതയിലേക്കുള്ള
അന്തമില്ലാത്ത യാത്രയ്ക്കുടൽ
നഗ്നമാകുന്നതാണുചിതം
എന്നുപനിഷത്തിലുണ്ടത്രേ……
നഗരത്തിലപ്പോഴും
തിരക്കായിരുന്നു…..
മൂർച്ഛിച്ച സമയങ്ങളിൽ
മുഖം നഷ്ടപ്പെട്ടവർ
കണ്ടതൊന്നും കാണാതെ
മിണ്ടാതെ കേൾക്കാതെ
തിരക്കുകൾക്കൊപ്പം
മുങ്ങിയും പൊങ്ങിയും
രമിച്ചുകൊണ്ടിരുന്നു…..
ഒറ്റയടിപ്പാത തിരക്കിൽ
നിന്നൊറ്റപ്പെടുന്നവർക്കായി
വിലാസവതിയായ
യക്ഷിയെപ്പോൽ
മുടിയഴിച്ചു കാൽപിണച്ചലസം
ചരിഞ്ഞു കൈ ശിരസിൽ
ചേർത്തു ശയിച്ചു
മന്ദഹസിച്ചു…….
ചിത്രഗുപ്തൻ്റെ
പുസ്തകത്തിലെൻ്റെ പേരും
ചുവപ്പിലടയാളപ്പെട്ടപ്പോൾ
ഞാനും അവളിലേക്ക്
പതിയെ കാലൂന്നി
തെന്നിവീഴാതെ അവളെന്നെ
നെഞ്ചിലൊതുക്കവേ
തണുത്ത മഞ്ഞപ്പൂക്കൾ
തിരക്കുകളവസാനിച്ചിടത്ത്
ഞങ്ങൾക്കു മേൽ
ചെയ്തു കൊണ്ടിരുന്നു….

By ivayana

Leave a Reply

Your email address will not be published. Required fields are marked *