രചന : എം പി ശ്രീകുമാർ✍️
മികച്ചത് ആഗ്രഹിയ്ക്കാം
മികച്ചത് നേടുവാനായ് ശ്രമിയ്ക്കാം
എങ്കിലും
അതിന് അടിമപ്പെടാതിരിയ്ക്കുന്നതാകും
നല്ലത്.
ഓളമടിയ്ക്കുന്ന ജലോപരിതലത്തിൽ
എവിടെയാണുയർച്ച
എവിടെയാണ് താഴ്ച !
ഇളങ്കാറ്റ് വീശിക്കൊണ്ടിരിയ്ക്കുമ്പോൾ
എവിടെയാണ്
സുഗന്ധം തങ്ങിനിൽക്കുന്നത് .
പ്രകാശസ്രോതസ്സുകൾ
ചലിച്ചു കൊണ്ടിരിയ്ക്കുമ്പോൾ
എവിടെയാണ് വെളിച്ചം
എപ്പോഴു
മുണ്ടാകുന്നത് !
മികവിലേയ്ക്കുളള പ്രയാണം ഒരു നിയോഗം
പോലയാണ്.
നേടുന്നവ കൈമാറ്റം ചെയ്യുവാനുളളതായിരിയ്ക്കുകയും
കൈപ്പറ്റുന്നവർ
അതുമായ്
മുന്നോട്ടു പോകുകയും ചെയ്യുന്നു.
അതിലൂടെ പ്രകൃതി, സമ്പുഷ്ട
മാകുകയും പുതുക്കപ്പെടുകയും ചെയ്യുന്നു.
അതിനായുള്ള പ്രവണതകളാണ്
എവിടെയും ഓളമടിയ്ക്കുന്നത് .
പിൻതുടരുന്നത് ശ്രേഷ്ഠമായ
ഒന്നിനെയെങ്കിൽ
അതിനായുളള പ്രവൃത്തികൾ
ആരാധനകളും ഉപാസനകളും
പോലെയാണ് .
എങ്കിലും അതിൽ
പൂർണ്ണമായ് മുഴുകുമ്പോഴും
അതിന് അടിമപ്പെടാതിരിക്കുന്നതാകും
നല്ലത്.
ഒഴുകുന്ന പുഴ
എവിടെയും തിരിഞ്ഞു നില്ക്കുന്നില്ല
വീശുന്നകാറ്റ് ഒരുമരച്ചില്ലയിലും
ചെക്കേറുന്നില്ല.
സ്വതന്ത്രമായിരിയ്ക്കണം
താമരയിലയിലെ
ജലകണങ്ങൾ പോലെ !

