ഏറെയില്ലാ, തിരശ്ശീല താഴ്ന്നീടുവാൻ
ഏവമുണർത്തുന്നു കനലുപോൽ സാന്ധ്യകം;
ഏകാംഗ നാടകമാം മർത്യജീവിതം
ഏകതാളത്തിലുണർത്തുന്നു ഹൃദ്സ്വരം.

ഏതു നിമിഷത്തിലായീടിലും കാലമേ,
ഏഴു വർണ്ണത്തിൽത്തെളിക്കയെൻ സൃതിപഥം;
ഏറെത്തിളക്ക മോടാകട്ടെയനുപമം;
ഏതു ഹൃദയത്തിനുമേകുമൊരു ഗീതകം.

ഏറാതിരിക്കട്ടെയവസാന ചുംബനം;
ഏകേണ്ടതാണുദയ,കാലമന്നാദരം
ഏതിരുളിലും തിളങ്ങീടുമീ കവിമനം;
ഏറ്റെടുത്തണിയുമൊരു സാന്ദ്ര മലർ സ്മിതം.

ഏതഭയ ഗീതമോടണയുമാ നിൻ പ്രിയം;
ഏറെക്കൊതിച്ചതാണാർദ്രമാ, യാ, മനം
ഏഴിലംപാല പൂക്കുന്നപോലാ,ദിനം
ഏതു വർണ്ണത്തിലുണർത്തുമാ, തിരുഹിതം?

ഏറ്റമാശിപ്പതെന്നാർദ്ര വാസന്തമാം
ഏകാഗ്ര ചിത്തമുണർത്തുന്ന ഗ്രാമ്യകം
ഏഴംബരങ്ങളുമെന്നിലേയ്ക്കണയുന്ന;
ഏഴഴകുള്ളതാം ബ്രാഹ്മ മുഹൂർത്തവും.

ഏകോപനത്താലുണർത്തട്ടെ കവിതകൾ;
ഏറെത്തളിർത്തതാം യുവരമ്യ കരളുകൾ
ഏറ്റെടുത്തന്ത്യ യാത്രയ്ക്കായൊരുങ്ങുക;
ഏതേതു ഗ്രാമീണമാം കാവ്യപുലരികൾ?

ഏകാകിയാകില്ലയാർദ്ര സ്നേഹത്തിന്റെ
ഏതാണ്ടൊരായിരം ഗ്രാമ്യമനസ്സുകൾ
ഏകോദരങ്ങളായാ,മഞ്ചലേറ്റുവാൻ
ഏകതാ വർഷമിഴികളോടെത്തിടും
ഏവമെൻ കാവ്യാർദ്രയരുവികൾ തഴുകിടും..

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *