ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ഇന്ന് സംസാരിക്കുമ്പോൾ, പത്താം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. ചോള രാജാക്കന്മാരുടെ കാലത്ത്, പ്രത്യേകിച്ച് ഉത്തിരമേരൂർ എന്ന ഗ്രാമത്തിൽ നിലനിന്നിരുന്ന അതിശയിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് രീതിയായിരുന്നു ‘കുടവോല സമ്പ്രദായം’.

‎സ്ഥാനാർത്ഥികളുടെ പേര് എഴുതിയ പനയോലകൾ ഒരു വലിയ കുടത്തിൽ നിക്ഷേപിക്കുന്നു. ഒരു കൊച്ചു കുട്ടിയെക്കൊണ്ട് അതിൽ നിന്നും ഓലകൾ എടുപ്പിച്ചാണ് വിജയിയെ നിശ്ചയിച്ചിരുന്നത്. ഇന്നത്തെ ലോട്ടറി സിസ്റ്റത്തിന് സമാനമായ, എന്നാൽ സുതാര്യമായ ഒരു രീതി.

‎വെറുതെ ആർക്കും വോട്ട് ചോദിച്ചു ഇറങ്ങാൻ കഴിയില്ലായിരുന്നു. . കർശനമായ നിബന്ധനകൾ ഉണ്ടായിരുന്നു:

‎​സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം.
‎‎​സ്വന്തം സ്ഥലത്ത് നിർമ്മിച്ച വീട്ടിൽ താമസിക്കുന്നവരായിരിക്കണം.
‎‎​35 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
‎‎​വേദങ്ങളിലും ഭരണകാര്യങ്ങളിലും പാണ്ഡിത്യം ഉണ്ടായിരിക്കണം.
അയോഗ്യതകൾ

‎​കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കമ്മിറ്റികളിൽ അംഗമായിരുന്നവർക്ക് വീണ്ടും മത്സരിക്കാൻ കഴിയില്ല.
‎‎​കണക്കുകൾ കൃത്യമായി ബോധിപ്പിക്കാത്തവർക്കും അവരുടെ ബന്ധുക്കൾക്കും വിലക്കുണ്ടായിരുന്നു.
‎മോഷണം, മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് അയോഗ്യത കൽപ്പിച്ചിരുന്നു.
‎അഴിമതിക്കും സ്വജനപക്ഷപാതത്തിനും പത്താം നൂറ്റാണ്ടിൽ തന്നെ ചോളന്മാർ തടയിട്ടിരുന്നു എന്ന് സാരം!

‎ഭരണ സമിതികൾ (വാരിയങ്ങൾ)

‎​തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഗ്രാമഭരണത്തിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതികളായി തിരിഞ്ഞിരുന്നു. ഇതിനെ ‘വാരിയങ്ങൾ’ എന്നാണ് വിളിച്ചിരുന്നത്:

‎തോട്ട വാരിയം: കൃഷിസ്ഥലങ്ങളുടെയും തോട്ടങ്ങളുടെയും മേൽനോട്ടം.
‎‎​ഏരി വാരിയം: ജലസേചന സൗകര്യങ്ങൾ, കുളങ്ങൾ, കായലുകൾ എന്നിവയുടെ സംരക്ഷണം.
‎പൊൻ വാരിയം: സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും നികുതി പിരിവിനുമുള്ള സമിതി.
‎പഞ്ചവാര വാരിയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പൊതുവായ ഭരണകാര്യങ്ങൾക്കും വേണ്ടിയുള്ളത്.

‎ഈ ഭരണരീതിയെക്കുറിച്ചുള്ള ഏറ്റവും വലിയ ചരിത്രരേഖ തമിഴ്‌നാട്ടിലെ ഉത്തിരമേരൂരിലെ ശിലാശാസനങ്ങളാണ്. എ.ഡി. 919-ലും 921-ലും പരാന്തകൻ ഒന്നാമൻ എന്ന ചോള രാജാവിന്റെ കാലത്താണ് ഈ ലിഖിതങ്ങൾ കൊത്തിവെക്കപ്പെട്ടത്. ജനാധിപത്യപരമായ വികേന്ദ്രീകരണം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്ന ഒന്നാണിത്.


‎ഒരു ഗ്രാമത്തെ 30 ‘ചേരികളായി’ (വാർഡുകൾ) തിരിച്ചിരുന്നു. ഓരോ ചേരിയിൽ നിന്നും ഓരോ പ്രതിനിധിയെ വീതം കുടവോല വഴി തിരഞ്ഞെടുക്കും.

‎​ സാധാരണയായി ഒരു വർഷമായിരുന്നു സമിതി അംഗങ്ങളുടെ കാലാവധി.
‎പൊതുയോഗങ്ങൾ സാധാരണയായി ക്ഷേത്രങ്ങളുടെ മണ്ഡപങ്ങളിലോ വലിയ മരങ്ങൾക്കിടയിലോ ആണ് നടന്നിരുന്നത്. ഇത് ഭരണത്തിൽ സുതാര്യത ഉറപ്പാക്കി.

‎പത്താം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഈ രീതിയെ ആധുനിക പഞ്ചായത്തിരാജ് സംവിധാനത്തിന്റെ പൂർവ്വരൂപമായി ചരിത്രകാരന്മാർ കാണുന്നു. അഴിമതി നടത്തുന്നവരെയും നികുതി വെട്ടിക്കുന്നവരെയും തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തിയിരുന്നത് ഇന്നത്തെ കാലത്തും മാതൃകയാക്കാവുന്ന ഒന്നാണ്. ആധുനിക ജനാധിപത്യം എന്ന് നമ്മൾ വിളിക്കുന്ന പല സംവിധാനങ്ങളും ആയിരം വർഷങ്ങൾക്ക് മുൻപേ ഇവിടെ സജീവമായിരുന്നു എന്നത് ഓർക്കുക വല്ലപ്പോഴും.

ശ്രീകല പ്രസാദ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *