രചന : കെ.ആർ.സുരേന്ദ്രൻ ✍️
നിങ്ങൾക്കറിയാം
ഗാസ ഇന്നും
അശാന്തമാണെന്ന്.
നിങ്ങൾക്കറിയാം
ഗാസ ഇന്നും
തിളക്കുന്ന കടലാണെന്ന്.
നിങ്ങൾക്കറിയാം
ഗാസ ഇന്നും
വിശപ്പിന്റെ തീച്ചൂളയയാണെന്ന്.
നിങ്ങൾക്കറിയാം
ഗാസയിൽ ഇന്നും
നിരപരാധികൾ ദിവസേന
മരണത്തിന്റെ ഇരകളാണെന്ന്.
ഗാസയിൽ ഇന്നും
സുരക്ഷിതമായൊരു
താവളം പൊലുമില്ലെന്ന്.
ലക്ഷങ്ങൾ
വാഗ്ദത്ത ഭൂമിയിൽ നിന്ന്
കുടിയൊഴിപ്പിക്കപ്പെടുന്നു എന്ന്.
നിങ്ങൾക്കറിയാം
കൊക്കുകളിൽ
ഒലീവിൻ ചില്ലകളുമായി
സമാധാന പ്രാവുകൾ
ഗാസയിലേക്കെത്തി നോക്കാൻ
മടിക്കുന്നു എന്ന്.
നിങ്ങൾക്കറിയാം
നിങ്ങൾ പോലും
അവിടെ ഇരകളാക്കപ്പെടുന്നു എന്ന്.
നിങ്ങൾക്കറിയാം
മരണത്തിന്റെ ശത്രുക്കളായ
ഭിഷഗ്വരരും,
ഫ്ളോറൻസ് നൈറ്റിംഗേലുകളും
ശത്രുവിന്റെ അഗ്നിവർഷങ്ങളിൽ
ചാരമാക്കപ്പെടുന്നുണ്ടെന്ന്.
ആതുരാലയങ്ങൾ
കത്തിയമരുന്നു എന്ന്.
വാട്ടർ ടാപ്പുകൾ വെറും
വായു മാത്രം തുപ്പുന്നുവെന്ന്.
നിങ്ങൾ ഇതൊന്നും അറിയാതല്ല.
നിങ്ങൾക്കറിയാം
ഗാസയേക്കാൾ ലോകശ്രദ്ധ
മറ്റൊരിടത്തേക്ക് തിരിയുമ്പോൾ
നിങ്ങൾക്കും തിരിയേണ്ടി വരുമെന്ന്.
നിങ്ങൾ അറിയാഞ്ഞല്ല ഗാസ
ലോകത്തിന്റെ നെഞ്ചിൽ
ഒരു ഉണങ്ങാത്ത മുറിവാണെന്ന്….

