വയറു പാതീം
പൊറത്ത് കാട്ട്യാര്ന്നു
ഓള് സാരിയുടുത്ത്ര്ന്നത്
ന്നട്ടും ഓൾടെ വയറ് കണ്ട്ട്ട്
ആർക്കും കുളിര് കോരീല
അരടേം നോട്ടം എടക്കെടക്ക്
ഓൾടെ വയറിൽ ഒളിഞ്ഞു കൊത്തീല
കറുത്തൊട്ടിയ ചുളിവീണ
വയറില് കാമം പതഞ്ഞില്ല
തലയില് വെച്ച മുറുക്ക്കൊട്ടയില്
കറുത്ത തേരട്ട പോലെ
അവൾടെ വെരല് കൊരുത്തു കെടന്നു.
തിരക്കുള്ള സ്റ്റേഷനില്
അതിലേറെ തെരക്കിക്കൊണ്ട്
ആളോള് അങ്ങടുങ്ങടും പാഞ്ഞു.
കൂർത്തൊരൊച്ചേല്
മുർക്കേ ….. മുർക്കെന്ന്
അരി ചേർത്തവള് വിളിച്ചുകേണു
ഓരോ വിളീലും വലിഞ്ഞ
തൊണ്ടക്കുഴീലെ ഞെരമ്പും
എക്കറ്റ വയറും മത്സരിച്ച്
ഉയർന്നു താണു കെതച്ചു.
ഓൾടെ സ്വരം നന്നല്ലാഞ്ഞോ
വയറിന് ചന്തല്യാഞ്ഞോ
മുറുക്കൊന്നും ചെലവായില്ല
ആൾക്കൂട്ടത്തെ നടത്തി വെട്ടിച്ച്
ആളൊഴിഞ്ഞിടത്തവള്
അന്നാദ്യം കണ്ടോനെ
പ്രാകിയിരുന്നു
അടുത്തു വന്നിരുന്ന
ആണെന്നു തോന്നിയൊരുത്തൻ
ഓൾടെ വയറിൽ തൊട്ട്
മുറുക്കിന് വെലപേശിനോക്കി
കൊമ്മല കളിക്കല്ലേക്കാ
ആണൊര്ത്തൻ കൂരേല്ണ്ട്
അമർത്തി മുരണ്ടോള്
നിറം മങ്ങിയ ചേല
വടിവിൽവലിച്ചിട്ട് കാറിത്തുപ്പി
ആണും പെണ്ണും കെട്ട
കൂട്ടങ്ങളെന്നും ചൊല്ലി
അരവയറത്താഴത്തിനവൾ
അടുത്തയാൾക്കൂട്ടത്തിലേയ്ക്ക് …….

ബിന്ദു കുറ്റിപ്പാല

By ivayana

Leave a Reply

Your email address will not be published. Required fields are marked *