രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
ഒരു കറുത്ത കാലമുണ്ടായിരുന്നു
പണ്ട് അതിർവരമ്പുണ്ടായിരുന്നു
മേലാളർ നാടു വാണിരുന്നു അന്ന്
കീഴാളർ വെറും അടിമകളായിരുന്നു
പ്രതാപം കൊടികുത്തി വാണിരുന്നു
പാവങ്ങൾ അടിമകളാക്കപ്പെട്ടിരുന്നു
ജാതി മതങ്ങൾ കളം വരച്ചു വെച്ചു
അതിൽ കീഴാളർ തഴയപ്പെട്ടിരുന്നു
തൊഴിലുകൾ കല്പിച്ചു നൽകിയിരുന്നു
തൊഴി മാത്രം കൂലിയായ് ഏറ്റുവാങ്ങി
താണവർ എന്നു പേരിട്ടു അവരെ
തൊട്ടു കൂടാത്തവരാക്കി മാറ്റിനിർത്തി
യജമാനനെന്നോമന പേരിട്ടു , പിന്നിൽ
ഏറാൻ മൂളികൾ നിരനിരയായി നിന്നു
ഏറ്റേറ്റു ചൊല്ലി പഠിച്ചിച്ചു പിന്നെ
ഏറ്റവും വികൃതമായ രൂപം വരച്ചു
ജന്മികൾ മൂകൾതട്ടിലെത്തി അപ്പോൾ
ജനതയെ അടിത്തട്ടിലാക്കി ഭരിച്ചു
നാടുവാഴികളും, കാര്യസ്ഥന്മാരും ചേര്‍ന്ന്
നാട്ടിൽ താണ്ഢവ നൃത്തം നടത്തി
അടിമകളാക്കി പരിഹസിച്ചു, കൂടാതെ
അടവുകൾ കാട്ടി പഴി ചൊല്ലി തകർത്തു
മനുഷ്യൻ മനുഷ്യനെ അടിമയാക്കുന്ന
മനശ്ശാസ്ത്രം കൈമുതലാക്കി ചിരിച്ചു
ക്രൂരതയെങ്ങും നടനമാടി, നിറഞ്ഞാടി
മേൽക്കോയ്മയിൻ നിറം കൃത്യമാക്കി
കാലത്തെ വെല്ലുവിളിച്ചു നടന്നവരിന്ന്
കാലത്തിൻ മാറ്റത്തിൽ തോറ്റു പോയി…
ആ കാലമിന്ന് നമ്മൾ മറന്നു പോയി
ആശകൾ ചിറകു മുളച്ചു പറന്നുയർന്നു
ഇന്നിതാ കാപാലികന്മാർ പതിയെപ്പതിയെ
ആ കാലത്തെ പുനർജനിപ്പിക്കാൻ ശ്രമിപ്പൂ
മതവും ജാതിയും മാത്രമല്ലല്ലോ ഇന്നിതാ
നിറവും, തൊഴിലും,പണവും തിരയുന്നു കശ്മലർ
കൺകെട്ടു കെട്ടി, കയ്യൂക്ക് കാട്ടിയവർ
വർണ്ണവിദ്വേഷം വിളമ്പുന്നു കാണുക
ഇനിയൊരു തിരിച്ചു പോക്കില്ല…പറയുക
ഇവിടെയിനി കാവലാൾ നന്മതൻ യോദ്ധാക്കൾ
ഇരുണ്ട കാലത്തിന്റെ പുത്തൻ പതിപ്പിതാ
ചവിട്ടിമെതിക്കുന്നു നന്മതൻ പാദങ്ങൾ
ഒന്നാണ് നമ്മളീ മണ്ണിൽ മനുഷ്നായ്
ഒന്നായി മാറണം ,കാലം പറയുന്നത് കേൾക്കുക
വരും തലമുറ ഇവിടെയിനി ഏറ്റേറ്റു പാടട്ടെ
പൂർവ്വികർ തന്നതാണീവഴി, നേർവഴി….
സത്യം….സമത്വം….സാതന്ത്ര്യം, സനാതന ധർമ്മം
നിത്യം ഭജിക്കണം നമ്മളിനി നാളേക്കായ്
നാളെയിനിയിവിടെ നമ്മളാരുമില്ലെന്നാകിലും
നാടിതൊരു സ്വർഗ്ഗമായ് മാറണം പാടുക…
സത്യമേവ ജയതേ.

