വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നുവെന്ന് കെ മുരളീധരൻ. 5000 -7000 വോട്ട് ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്. അതനുസരിച്ചു നേതാക്കൾ പെരുമാറണം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണം. 2001ൽ ഇത് മറന്നത് കൊണ്ട് തിരിച്ചടി ഉണ്ടായി. ടീം യുഡിഎഫ് ആയി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണം. നരേന്ദ്രമോദി ഇത്തവണ ലക്ഷ്യം വെച്ചത് ബംഗാളിനെ ആണ്. ഇനി കണ്ണുകൾ കേരളത്തിലേക്കു വരും. അത് തിരിച്ചറിഞ്ഞ് എല്ലാവരും പ്രവർത്തിച്ചാൽ നല്ലതെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ നിർണ്ണായക യോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ശ്രമം. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ വിഭാഗത്തിന്‍റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നത്.

നിയമസഭാ തെ‍രഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ചിന്താ ഫ്ലാറ്റിൽ മുറി. ചിന്താ ഫ്ലാറ്റിന്‍റെ മൂന്നാം നിലയിലെ 3A, 3B മുറികളാണ് പിണറായി വിജയന് വേണ്ടി സജ്ജീകരിക്കുന്നത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാല്‍ ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും പിണറായി വിജയന്‍റെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി.

പിണറായി സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാലെ ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭരണക്കാലത്ത് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *