കുർബ്ബാന കൂടിയോരൊക്കെ
പോകുന്ന തിരക്കല്ലേ….
കണ്ടാലും കണ്ടോര്
കാര്യമായിട്ടെടുക്കില്ല….
എന്നൊന്ന് ചിന്തിച്ച്
കുർബ്ബാന തീർത്തിട്ടച്ചൻ
കുഞ്ഞസനാരു കുട്ടിയെ
പള്ളിമേടയ്ക്കകത്തേക്ക്
കൂട്ടിക്കൊണ്ടുപോയി.
പേരെന്താണെന്നവൻ
പറഞ്ഞ മാത്രയിലച്ചൻ
ആദ്യമായ് ഒന്നു ഞെട്ടി.
കുർബ്ബാനയിൽ പ്രതി
വാക്യങ്ങളുരുവിടാതെ
പുറം പാണിയാൽകണ്ണീർ
തുടച്ചു കൊണ്ടവൻ തന്നെ
പകച്ച പോൽനോക്കി ക്കൊണ്ട്
നിൽക്കയായിരുന്നുടനീളം
‘ഇത്രചെറുപ്പത്തിൽ നിന്നെ
വേട്ടയാടുന്നതേതു
പാപം …..കുഞ്ഞേ ‘
പാപമെന്ന തെന്തെന്നു
തിരിയാതസനാരുട്ടി
പിന്നെയും കണ്ണു
നീർ തുടച്ചു.
‘കണ്ണു കാണാത്തൊരു പാവം
വില്ക്കാനായ് നീട്ടി നിന്ന
ലോട്ടറി ടിക്കറ്റ് തട്ടി –
പ്പറിച്ചോടി മഴയത്ത്
വിശന്നോരു സന്ധ്യയിൽ ‘
ഒരു പേമാരിയാ –
യവൻപെയ്തു
പിന്നെയും അച്ചനെ
ഇമയനങ്ങാതെ
നോക്കി നിന്നു.
ലഘു ഘോര മാരക പാപങ്ങൾ
എത്ര കണ്ടിരിക്കുന്നൂ
അച്ചൻ .
ഇതെത്ര നിസ്സാരം !
“പൈതലേ നീ
ശാന്തമാവുക “
“അതല്ല ച്ചാ……”
ഇലച്ചാർത്തുകുടഞ്ഞിട്ട
പെരുവെള്ളത്തുള്ളികൾ
എന്നപോൽ
ഉതിർന്നു……
കുറ്റ വിവശത
” അതിനു സമ്മാനമടിച്ചിരിക്കുന്നു
പത്തു കോടി”
ഒരു നടുക്കം
പടർന്നു കേറി
അച്ചന്റെ സിരകളാകെ.
‘നിനക്കാരുണ്ടെ’ന്നച്ചൻ
‘ആരുമില്ലെ’ന്നവൻ
ഉമ്മയെ ഉപ്പ
മൊഴി ചൊല്ലി
വീടു വിട്ടു പോയി
ഉമ്മ കാമുകനൊപ്പം
ഒളിച്ചു പോയി.
അടുക്കളക്കൊച്ചനടച്ചു വച്ച
മൊരിയിച്ച
റൊട്ടിയും
കാപ്പിയും
കുടിപ്പിച്ചച്ചൻ
കുഞ്ഞ സനാരു കുട്ടിയെകൂട്ടി –
ക്കൊണ്ടുപോയ്
കുവൈറ്റ് ജോസിനെ
കാര്യമായ്ത്തന്നെ
കാണുവാനായ് .
പിന്നെ
ജോസിന്റെ മക്കൾക്കൊപ്പം
കുഞ്ഞസനാരു കുട്ടിയും
ഉണ്ടുറങ്ങി
കളിച്ചു പഠിച്ചു
വളർന്നു.
ആരോടും പറഞ്ഞില്ലച്ചൻ
അസനാരു കുട്ടിയാരെന്നും,
ജോസങ്കിളും പറഞ്ഞില്ല
അസനാരു ട്രേഡേഴ്സ്
ഉടമയാണവനെന്ന്.
അസനാർ അന്ധവിദ്യാലയം
ഉദ്ഘാടനം ചെയ്ത നാളാ –
ണവനറിഞ്ഞത –
വന്റേതാണാ വിദ്യാലയമെന്ന്….
ഇളം മീശ കണ്ണാടി
കാട്ടിക്കൊടുത്ത നാളിൽ
അവൻ
തറക്കല്ലിട്ടു….
പൊങ്ങി
അസനാർ നഴ്സിംഗ്
സ്ഥാപനം.
അസനാരു കുഞ്ഞിൻ
കഥ പറയാ –
നമ്മച്ചിയ്ക്കായിരം
നാവാണ്.
കുവൈറ്റിൽ നിന്നവൻ
പറന്നെത്തുംദിനമാണിന്ന്
ഇന്നേക്കേഴാം നാളവന്
പറഞ്ഞുറപ്പിച്ച നിക്കാഹ്.
ചില്ലിട്ട ചിത്രമായ് മാളിക
ച്ചുമരിൽ ചിരിച്ചിരിക്കും
ജോസിനോടമ്മച്ചി
കണ്ണീർ തുടച്ചു
ചൊല്ലി
“എല്ലാം ഞാൻ
വേണ്ടുമ്പോലെ
ചെയ്തോളാം……
ഇവിടെ
ഈ മുറ്റത്തു തന്നെ
ഉയരും
നിക്കാഹിന്റെ
സത്ക്കാരപ്പന്തൽ….
തിരക്കിന്റെ നാളാണിനി.
ഇന്നെലത്തോടെത്തന്നെ
ക്ഷണിച്ചു തീർത്തു
സന്തു
ബന്ധുക്കളെ
സകലരേയും. “
ജോസിനെപ്പോലെത്തന്നെ
ഒരുകാറ്റു മന്ദം മന്ദം
പിന്നിൽ നിന്നമ്മച്ചിയെ
കെട്ടിപ്പിടിച്ചുമ്മ വച്ചു
“അതേയ്….. കേട്ടോ….
(അമ്മച്ചി കൂട്ടിച്ചേർത്തു )
ഇനി
വൈകാതുയരും
ജോസ് മെമ്മോറിയൽ
അസനാരു മന്ദിരം
വിരമിച്ച അച്ചന്മാർക്ക്
ദൈവനാമ മഹത്വത്തി-
നൊത്തവണ്ണം
ശിഷ്ടജീവിതം
നയിക്കാൻ….. തൊട്ടടുത്ത –
സനാർ പറമ്പിൽ
അസനാർ കുഞ്ഞിന്
ജോസുണ്ണി പിറന്നൊ
ന്നാം പിറന്നാൾ നാൾ. “
ഒരു ചെറു
ചിരിയെടുത്തണിഞ്ഞമ്മച്ചി
തിരക്കിലേക്കലിഞ്ഞു പോയ്
ഒന്നിരുന്നിളവേല്ക്കാൻ
നേരമില്ലിനി……

By ivayana

Leave a Reply

Your email address will not be published. Required fields are marked *