വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇടവപ്പാതിക്കാലം. കോഴിക്കോട് പയ്യനക്കലിലെ ചാമുണ്ഡീവളപ്പുകാരായ ഞങ്ങൾക്ക് മഴക്കാലം ഒരു അത്ഭുതമൊന്നുമായിരുന്നില്ല. എന്നാൽ അന്ന് ആകാശത്തിന് എന്തോ വല്ലാത്തൊരു കലിയുണ്ടായിരുന്നു. തിമർത്തു പെയ്യുന്ന മഴയിൽ കല്ലായിപ്പുഴയുടെ ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന കൈവഴി കരകവിഞ്ഞൊഴുകാൻ തുടങ്ങി. പുഴയേത്, റോഡേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം നാടാകെ വെള്ളത്തിൽ മുങ്ങി.
പതിനാറ് വയസ്സിന്റെ ചോരത്തിളപ്പിൽ നിൽക്കുന്ന കാലമാണ്. അന്നത്തെ ഞങ്ങളുടെ പ്രധാന വിനോദം, അതല്ലെങ്കിൽ ഒരു സേവനം എന്ന് പറയാം, അത് വെള്ളം കയറിയ റോഡിലൂടെ നാട്ടുകാരെ തോണിയിൽ അക്കരെ കടത്തുക എന്നതായിരുന്നു. പുഴയിൽ നിന്നും കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന് മീതെ സ്ത്രീകളെയും കുട്ടികളെയും കയറ്റിയ തോണി ഉന്തിയും തള്ളിയും ഞങ്ങൾ ചാമുണ്ഡീവളപ്പ് പാലം വരെ കൊണ്ടുപോകും. അവിടുന്ന് അങ്ങോട്ട് പുഴ ദിശമാറി ഒഴുകുന്നതിനാൽ റോഡിൽ വെള്ളമുണ്ടാകില്ല. തോണി അക്കരെയും ഇക്കരെയും എത്തിക്കുന്ന ആ തിരക്കിനിടയിലാണ്, എന്റെ ഉള്ളിൽ ഒരു വല്ലാത്ത ബുദ്ധി അല്ലെങ്കിൽ ആ പ്രായത്തിന്റെ എടുത്തുചാട്ടം ഉദിച്ചത്.

അടുത്തു നിൽക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത് നിഷാദിനോട് ഞാൻ പറഞ്ഞു.
“എടാ, നമുക്ക് ഇവിടെ നിന്ന് പുഴയിലേക്ക് ചാടാം. എന്നിട്ട് നീന്തിയിട്ട് പാലം വരെ പോകാം. പിന്നെ വീട്ടിൽ പോയി ചായയും കുടിക്കാം.”
ശരിക്കും പറഞ്ഞാൽ, വെള്ളം കയറിയ റോഡിലൂടെ തോണിക്കൊപ്പം നടന്നുപോയാൽ മതി. പക്ഷേ, സാഹസികതയോടുള്ള കൗമാരത്തിന്റെ അടങ്ങാത്ത ആവേശമാകാം അങ്ങനെയൊരു ചിന്ത എന്റെ തലയിൽ കോറിയിട്ടത്. എന്റെ ബുദ്ധിശൂന്യതയ്ക്ക് കൂട്ടുനിൽക്കാൻ അവനും രണ്ടാമതൊന്ന് ആലോചിച്ചില്ല.
ഉടുത്തിരുന്ന മുണ്ട് മുറുക്കിക്കുത്തി മറുത്തൊന്നും ചിന്തിക്കാതെ ഞങ്ങൾ പുഴയിലേക്ക് ഒറ്റച്ചാട്ടം. ചാടിയ ആ നിമിഷം, ആരെങ്കിലും ഞങ്ങളെ ഒന്ന് വിലക്കിയിരുന്നെങ്കിലെന്ന് പിന്നീട് ജീവിതത്തിൽ എത്രയോ തവണ ഞാൻ ആശിച്ചിട്ടുണ്ട്.

പുറത്തുനിന്ന് നോക്കുമ്പോൾ കാണുന്ന ശാന്തതയായിരുന്നില്ല വെള്ളത്തിനടിയിൽ. പുഴയ്ക്ക് ഒരു ഭീകരസത്വത്തിന്റെ കരുത്തുണ്ടായിരുന്നു. താഴേക്ക് പതിച്ച ഞങ്ങളെ വെള്ളം അതിവേഗം അടിത്തട്ടിലേക്ക് വലിച്ചുകൊണ്ടുപോയി. ഏകദേശം അര മിനിറ്റോളം ഞങ്ങൾക്ക് മുകളിലേക്ക് പൊങ്ങാൻ പോലും കഴിഞ്ഞില്ല. വെള്ളത്തിനടിയിലുള്ള പലതിലും തട്ടിയും ഉടക്കിയും ശരീരം വേദനിച്ചു. അതൊക്കെ സഹിക്കാം, പക്ഷേ ശ്വാസം കിട്ടാതെ വന്നപ്പോഴാണ് മരണഭയം എന്നെ പൊതിഞ്ഞത്. ഹൃദയമിടിപ്പ് നിലയ്ക്കുന്നത് പോലെ. എങ്ങനെയൊക്കെയോ കൈകാലിട്ടടിച്ച് ഞാൻ മുകളിലേക്ക് കുതിച്ചു. ആ പ്രായത്തിൽ തന്നെ കടലിൽ വഞ്ചിയിൽ മീൻപിടിക്കാൻ പോയതും, ഉൾക്കടലിലെ ഇളക്കങ്ങളിൽ നീന്തി ശീലിച്ചതുമാകാം അന്ന് എനിക്ക് തുണയായത്.
വെള്ളത്തിന് മുകളിൽ തലയുയർത്തിയ ഉടൻ ഞാൻ ചുറ്റും നോക്കി. നിഷാദിനെ കാണാനില്ല. ആർത്തലച്ചൊഴുകുന്ന പുഴയിൽ എന്റെ കണ്ണുകൾ അവനെ പരതി. ഭാഗ്യത്തിന്, അധികം ദൂരെയല്ലാതെ അവൻ മുങ്ങിപ്പൊങ്ങുന്നത് ഞാൻ കണ്ടു. സർവ്വശക്തിയുമെടുത്ത് ഞാൻ അവനടുത്തേക്ക് നീന്തി. അപ്പോഴാണ് ഒഴുക്കിന്റെ ചതി എനിക്ക് ശരിക്കും മനസ്സിലായത്. വെള്ളത്തിൽ നമുക്ക് ഇഷ്ടമുള്ള ദിക്കിലേക്ക് നീന്താനാകില്ല. ഒഴുക്കിനൊപ്പം പോവുക, എവിടെയെങ്കിലും പിടിച്ചു കയറുക എന്നത് മാത്രമാണ് ഏകവഴി. എങ്കിലും, കൂട്ടുകാരനെ ഒറ്റയ്ക്കാക്കില്ല എന്ന വാശിയിൽ ഏറെ പ്രയാസപ്പെട്ട് ഞാൻ അവനരികിലെത്തി.
അവൻ ആകെ പരിഭ്രാന്തനായിരുന്നു. അവനെ പിടിക്കാനായി ഞാൻ അവന്റെ മുണ്ടിലേക്ക് കൈ നീട്ടിയപ്പോഴാണ് അറിഞ്ഞത്, ഒഴുക്കിന്റെ ശക്തിയിൽ അവന്റെ ഉടുതുണി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന്. ഞാൻ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. ഭയത്താൽ വിറയ്ക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു,
“സവാദേ… നമ്മുടെ പാലമൊക്കെ കഴിഞ്ഞെടാ…”

സത്യമായിരുന്നു അത്. ആ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ നാടും കടന്ന് ചക്കുംകടവ് എന്ന സ്ഥലത്തേക്ക് ഞങ്ങൾ എത്തിയിരുന്നു. അവിടുന്ന് അങ്ങോട്ട് ഞങ്ങളൊഴുകുന്ന ഈ വെള്ളം ചെന്ന് ചേരുന്നത് കല്ലായിപ്പുഴയിലാണ്. കല്ലായിപ്പുഴയാകട്ടെ, നേരെ കടലിലേക്കും.
അതുവരെ നിഷാദിനെ കണ്ടെത്തുക എന്നത് മാത്രമായിരുന്ന എന്റെ ലക്ഷ്യമെങ്കിൽ അവിടെ വെച്ച് ജീവൻ നിലനിർത്തുക എന്നതായി മാറി. തൊട്ടുമുന്നിൽ മരണം വായ്പിളർന്നു നിൽക്കുന്നത് ഞങ്ങൾ കണ്ടു. കടപുഴകിയ മരങ്ങളും, വൻകൊമ്പുകളും, തേങ്ങയും, മാങ്ങയും, മനുഷ്യർ വലിച്ചെറിഞ്ഞ മാലിന്യങ്ങളും ഞങ്ങൾക്കൊപ്പം കുതിച്ചൊഴുകുന്നുണ്ടായിരുന്നു. പലതും ഞങ്ങളുടെ ശരീരത്തിൽ വന്നിടിച്ചു. ചുഴികളിൽ പെട്ട് വെള്ളം കുടിച്ചും മുങ്ങിപ്പൊങ്ങിയും ഞങ്ങൾ ഒഴുകി. എങ്കിലും, എന്തൊക്കെ സംഭവിച്ചാലും കൈകൾ വിടില്ല എന്ന് ഞങ്ങൾ പരസ്പരം ഉറപ്പിച്ചിരുന്നു.

അധികം വൈകാതെ ഞങ്ങൾ കല്ലായിപ്പുഴയുടെ പ്രധാന ഒഴുക്കിലേക്ക് ചെന്നുചേർന്നു. അക്ഷരാർത്ഥത്തിൽ അതൊരു മരണച്ചുഴിയായിരുന്നു. അതുവരെ ഞങ്ങളെ വലിച്ചിഴച്ചുകൊണ്ടുപോയ വെള്ളത്തിന്റെ വേഗതയേക്കാൾ എത്രയോ ഇരട്ടിയായിരുന്നു കല്ലായിപ്പുഴയുടെ അന്നത്തെ കുത്തൊഴുക്ക്. ഭ്രാന്ത് പിടിച്ച രണ്ട് കൂറ്റൻ ജലപ്രവാഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്ന ആ സംഗമസ്ഥാനത്ത് ഞങ്ങൾക്ക് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു വലിയ രാക്ഷസക്കൈ ഞങ്ങളെ പിടിച്ചു താഴേക്ക് വലിക്കുന്നതുപോലെയാണ് തോന്നിയത്. കറങ്ങിത്തിരിഞ്ഞ് ഞങ്ങളിരുവരും ഇരുട്ടുനിറഞ്ഞ പുഴയുടെ അടിത്തട്ടിലേക്ക് അതിവേഗം വലിച്ചെറിയപ്പെട്ടു. പാറക്കല്ലുകൾ നിറഞ്ഞ അടിത്തട്ടിൽ വന്നിടിച്ച ആഘാതത്തിൽ എന്റെ ബോധം മറയുമെന്ന് തോന്നിപ്പോയി. മാംസം ഞെരുങ്ങുന്ന വേദനയായിരുന്നു അത്. ശ്വാസം കിട്ടാതെ പിടയുന്ന ആ നിമിഷത്തിൽ, ജീവന്റെ അവസാനത്തെ തുടിപ്പ് മാത്രം ബാക്കിയുള്ളതുകൊണ്ട്, നിലത്ത് സർവ്വശക്തിയുമെടുത്ത് കാൽകുത്തി ഞങ്ങൾ ജീവനുവേണ്ടി മുകളിലേക്ക് കുതിച്ചു.
ഇനി വരാനിരിക്കുന്നത് ഇതിലും വലിയ വിപത്താണ്. പുഴ കടലുമായി ചേരുന്ന അഴിക്കൽ. അതിന് മുൻപ് എങ്ങനെയെങ്കിലും നീന്തിക്കയറണം. പുഴവക്കിലെ കല്ലുകളിൽ പിടിച്ചു കയറാൻ ഞാൻ നിഷാദിനോട് വിളിച്ചു പറഞ്ഞു. കല്ലായിലെ മരക്കമ്പനികളിൽ നിന്ന് കയർ പൊട്ടിവരുന്ന മരത്തടികൾക്കിടയിലൂടെ ഞങ്ങൾ സർവ്വശക്തിയുമെടുത്ത് കരയിലേക്ക് നീന്താൻ ശ്രമിച്ചു. പക്ഷേ, പ്രകൃതിയുടെ ഉഗ്രരൂപത്തിന് മുന്നിൽ ഞങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ഇനി ഞങ്ങൾക്ക് മുന്നിലുള്ളത് ആ അഴിമുഖം മാത്രമാണ്. ഒരു സാധാരണ ദിവസത്തിൽ പോലും അവിടെ നീന്തുക എന്നത് അസാധ്യമാണ്. അപ്പോൾ ഈ മലവെള്ളപ്പാച്ചിലിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

“എന്ത് വന്നാലും കൈ വിടരുത്… വലതുവശത്തുള്ള പുളിമൂട്ടിലേക്ക് പോകാതെ നോക്കണം.” ഞാൻ നിഷാദിനോട് വിളിച്ചുപറഞ്ഞു. കാരണം ഒഴുക്കിൽ അവിടെ ചെന്നിടിച്ചാൽ പിന്നെ ജീവനോടെ മടങ്ങാനാവില്ല എന്നത് ഉറപ്പാണ്.
ഞാനത് പറഞ്ഞുതീരും മുൻപേ ഞങ്ങൾ അഴിമുഖത്തെ കൂടിച്ചേരലിൽ എത്തിക്കഴിഞ്ഞിരുന്നു. കടലിന്റെ ശാന്തമായ നീലനിറം അവിടെ മാഞ്ഞുപോയിരുന്നു. പകരം മഞ്ഞയും കാപ്പിയും കലർന്ന മരണത്തിന്റെ നിറമുള്ള ചെളിവെള്ളം മാത്രം. ജീവിക്കുമോ മരിക്കുമോ എന്നറിയാത്ത ഭയാനകമായ നിമിഷങ്ങളിൽ, ആർത്തിരമ്പുന്ന ചെളിക്കുണ്ടിലേക്ക് ഞങ്ങൾ സ്വയം വിട്ടുകൊടുത്തു. വെള്ളത്തിന് അവിടെ ഒരുതരം പിശാചിന്റെ ഭാവമായിരുന്നു. ഞങ്ങളെ ജീവനോടെ വിഴുങ്ങാൻ വായ്പിളർന്നു നിൽക്കുന്നതുപോലെ.. താഴേക്ക് ക്രൂരമായി വലിച്ചുതാഴ്ത്തിയും, ചുഴറ്റിയെറിഞ്ഞും, ശ്വാസം മുട്ടിച്ചും അത് ഞങ്ങളെ പന്താടി. ഏറ്റവും വലിയ വെല്ലുവിളി ഞങ്ങൾക്ക് മുകളിലൂടെ ആർത്തലച്ചുവരുന്ന വെള്ളമായിരുന്നു. ഒരിറ്റു ശ്വാസത്തിനായി തലയൊന്ന് പുറത്തേക്കിടുമ്പോഴേക്കും, ഒരു മലപോലെ വെള്ളം ഞങ്ങളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴും. പൂർണ്ണമായും വെള്ളത്തിനടിയിലാകുന്ന ആ ഭീകരനിമിഷങ്ങളിൽ ചെളിയും ഉപ്പും കലർന്ന അഴുക്കുവെള്ളം തൊണ്ടയിലേക്കും ശ്വാസകോശത്തിലേക്കും ഇരച്ചുകയറി. ഉള്ളിൽ പ്രാണൻ പിടയുകയായിരുന്നു അപ്പോൾ.

അപ്പോഴാണ് അതുവരെ ചാറിപ്പെയ്തിരുന്ന മഴ സർവ്വ സംഹാരരൂപം പൂണ്ടത്. കാറ്റിന്റെ ശക്തിയിൽ സൂചിമുന കൊള്ളുന്നതുപോലെയാണ് മഴത്തുള്ളികൾ മുഖത്ത് വന്ന് പതിക്കുന്നത്. കണ്ണ് തുറക്കാനോ തലയുയർത്താനോ വയ്യ. നൈനാവളപ്പിലെ ശ്മശാനം മനസ്സിലൂടെ മിന്നിമറഞ്ഞു. എല്ലാം അവസാനിച്ചു എന്ന് കരുതിയ നിമിഷങ്ങൾ.
പക്ഷേ, ഞങ്ങളുടെ ആയുസ്സിന്റെ പുസ്തകത്തിൽ അവസാനത്തെ വരി എഴുതാൻ സമയമായിരുന്നില്ല. ആ മഹാചുഴിയിൽ നിന്നും കഷ്ടിച്ച് ഞങ്ങൾ കടലിലേക്ക് ചെന്നു വീണു.
കടലിലെത്തിയതോടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞു. പക്ഷേ അപകടം ഒഴിഞ്ഞിരുന്നില്ല. ശക്തമായ കാറ്റിൽ കടലിലെ കൂറ്റൻ തിരമാലകൾ ഞങ്ങളെ വിഴുങ്ങാൻ വരുന്നുണ്ടായിരുന്നു. തിരകളിൽ പെട്ടാൽ അത് നമ്മളെ കീഴ്മേൽ മറിക്കും. മണ്ണും വെള്ളവും വായിലും മൂക്കിലും നിറയും. പലതവണ ഞങ്ങൾ തിരകൾക്കടിയിൽ പെട്ടു. അപ്പോഴൊന്നും ഞങ്ങൾ പരസ്പരം കൈവിട്ടില്ല. ഒരാൾ കൈവിട്ടാൽ, മറ്റെയാൾക്ക് പ്രതീക്ഷ നഷ്ടപ്പെടുമെന്നും അത് മരണത്തിലേക്കുള്ള വാതിലാണെന്നും എനിക്കറിയാമായിരുന്നു.

കടലുമായി ചേർന്ന പുഴ കുറച്ചുദൂരം ഉള്ളിലേക്ക് കുതിച്ചതിന് ശേഷം ബേപ്പൂർ ഭാഗത്തേക്ക് ദിശ മാറി ഒഴുകാൻ തുടങ്ങി. ആ ഗതിമാറ്റം തന്നെയായിരുന്നു ഞാൻ മുൻപേ മനസ്സിൽ കണക്കുകൂട്ടിയിരുന്നതും. കാരണം, ആ ഒഴുക്ക് പോകുന്ന വഴിയിലാണ് ഞങ്ങളുടെ നാടായ ചാമുണ്ഡീവളപ്പ്. അധികം വൈകാതെ ആ പ്രധാന ഒഴുക്കിൽ നിന്നും തെന്നിമാറി ഞങ്ങൾ കര ലക്ഷ്യമാക്കി നീന്താൻ തുടങ്ങി. അതുവരെ ഞങ്ങളെ കൊല്ലാതെ കൊന്ന പ്രകൃതി, അവിടെ വെച്ച് ഞങ്ങൾക്ക് തുണയായി. ആർത്തിരമ്പിവന്ന കടൽത്തിരകൾ ഞങ്ങളെ പതുക്കെ കരയിലേക്ക് തള്ളിത്തന്നു.

ഒടുവിൽ, തളർന്നുറഞ്ഞ കാലുകൾ നനഞ്ഞ മണൽത്തരികളിൽ സ്പർശിച്ചപ്പോൾ എനിക്കെന്താണ് തോന്നിയതെന്ന് വിവരിക്കാനാകില്ല. മരണത്തിന്റെ ഇരുണ്ട തൊണ്ടക്കുഴിയിൽ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ഒരു അത്ഭുതം പോലെ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. അവിശ്വസനീയത കൊണ്ടാകാം, ഒരുതരം ഭ്രാന്തമായ ചിരിയാണ് എനിക്കപ്പോൾ വന്നത്. അതെ, ജീവനുണ്ട്… ഞങ്ങൾ മരിച്ചിട്ടില്ല. ശരീരത്തിലെ അവസാനത്തെ തരി ഊർജ്ജവും ചോർന്നുപോയിരുന്നു. ആർത്തലയ്ക്കുന്ന തിരമാലകൾ പുറത്തേക്ക് തുപ്പിയതുപോലെ ഞങ്ങൾ ആ മണൽപ്പരപ്പിലേക്ക് മുഖമമർത്തി വീണുപോയി. അപ്പോഴാണ് ഞാൻ നിഷാദിനെ നോക്കുന്നത്. ജീവൻ തിരിച്ചുകിട്ടിയതിന്റെ പകപ്പും ഭയവും പിന്നെ തണുപ്പും കാരണം ഉടുതുണി പോലുമില്ലാതെ അവൻ കിടന്നു വിറയ്ക്കുകയായിരുന്നു. മരവിച്ച കൈകളാൽ ഞാൻ എന്റെ ഷർട്ട് ഊരി അവനെ പുതപ്പിച്ചു. ആ നിമിഷം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. പക്ഷേ, മരണത്തെ മുഖാമുഖം കണ്ട് ഒരുമിച്ച് തിരിച്ചുവന്ന ആ നോട്ടത്തിൽ ഒരായിരം വാക്കുകളുണ്ടായിരുന്നു..

ഒരു കാര്യം കൂടി പറയാതെ ഈ ഓർമ്മക്കുറിപ്പ് പൂർണ്ണമാകില്ല. ഈ സംഭവം കഴിഞ്ഞ് രണ്ടു മൂന്നു മാസങ്ങൾക്ക് ശേഷം, എന്റെ വല്യുപ്പയുടെ അനിയൻ മീൻപിടുത്തം കഴിഞ്ഞ് ഇതേ പുഴത്തിലൂടെ ഇക്കരെ വീട്ടിലേക്ക് നീന്തിവരുമ്പോൾ മുങ്ങിമരിച്ചു. വർഷങ്ങൾക്ക് ശേഷം എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഫുവാദിന്റെ ജീവനെടുത്തതും ഇതേ പുഴയാണ്. അന്ന്, ആ പതിനാറുകാരന്റെ ബുദ്ധിശൂന്യതയിൽ മരിക്കാൻ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ഞാൻ ഒഴുക്കിലേക്ക് ചാടിയത്. പക്ഷേ, എന്നെയും നിഷാദിനെയും കടൽ ജീവനോടെ തിരികെ നൽകി.

പ്രിയപെട്ടവരെ വിഴുങ്ങിയ കടൽ, അന്നെന്തിനാണ് ഞങ്ങളെ മാത്രം ജീവനോടെ കരയ്ക്കടുപ്പിച്ചത്? ഇന്നും എനിക്ക് ഉത്തരമില്ലാത്ത ചോദ്യമാണത്. ഒരുപക്ഷേ, ഈ ഭൂമിയിൽ ഞങ്ങളെ സ്നേഹിക്കാനും ഞങ്ങൾക്കായി കാത്തിരിക്കാനും ഇനിയും ചിലരുണ്ടായിരുന്നതുകൊണ്ടാകാം… അല്ലെങ്കിൽ, ഈ ജീവിതത്തിൽ ഞങ്ങൾ ചെയ്തുതീർക്കാൻ എന്തൊക്കെയോ ബാക്കിയുള്ളതുകൊണ്ടാകാം. ആ മരണച്ചുഴിയിൽ എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷത്തിൽ, അദൃശ്യമായ ഏതോ ദൈവികകരങ്ങൾ ഞങ്ങളെ മുറുകെ പിടിച്ചിരുന്നു… ഒരു രണ്ടാം ജന്മം നൽകാനായി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *