രചന : വലിയശാല രാജു ✍
അമ്മയും മക്കളും തമ്മിലുള്ള ബന്ധം തെളിയിക്കാൻ ഇന്ന് ലോകം ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ഡിഎൻഎ (DNA) പരിശോധനകളെയാണ്. കാരണം, പ്രകൃതി ഓരോ മനുഷ്യനും നൽകിയിട്ടുള്ള ജനിതക കോഡ് തികച്ചും സവിശേഷമാണ്. എന്നാൽ, സ്വന്തം ശരീരത്തിൽ നിന്ന് ചോരയും നീരും നൽകി പ്രസവിച്ചു വളർത്തിയ മക്കൾ തന്റെയല്ലെന്ന് ഒരു ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ട് വിധിയെഴുതിയാൽ ഒരു അമ്മയുടെ അവസ്ഥ എന്തായിരിക്കും? ശാസ്ത്രത്തിന്റെ കമ്പ്യൂട്ടർ കണക്കുകളെ കാറ്റിൽപ്പറത്തി, മെഡിക്കൽ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട ബോസ്റ്റൺ സ്വദേശിനിയായ കാരൻ കീഗൻ എന്ന അൻപത്തിരണ്ടുകാരിയുടെ ജീവിതത്തിലെ വിചിത്ര സംഭവമാണിത്.
പ്രതീക്ഷിക്കാതെ വന്ന രോഗവും ഞെട്ടിച്ച ഡിഎൻഎ ഫലവും
1998-ലാണ് ഈ കഥയുടെ തുടക്കം. അമേരിക്കയിലെ ബോസ്റ്റണിൽ ജീവിച്ചിരുന്ന കാരൻ കീഗന് (Karen Keegan) ഗുരുതരമായ വൃക്കരോഗം ബാധിച്ചു. ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിരമായി ഒരു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ (Kidney Transplant) വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഒരു ദാതാവിനെ (Donor) തേടിയുള്ള അലച്ചിലിനൊടുവിൽ, കാരന്റെ സ്വന്തം മക്കളിൽ ആരുടെയെങ്കിലും വൃക്ക അമ്മയ്ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു.
ഇതിനായി കാരന്റെയും അവരുടെ മൂന്ന് മക്കളുടെയും ഡിഎൻഎ പരിശോധന നടത്തി. പരിശോധനാ ഫലം വന്നപ്പോൾ ഡോക്ടർമാരും ദമ്പതികളും ഒരേപോലെ ഞെട്ടിവിറച്ചു! മൂന്ന് മക്കളിൽ രണ്ട് പേർക്ക് കാരനുമായി യാതൊരുവിധ ജനിതക പൊരുത്തവുമില്ല. ലളിതമായി പറഞ്ഞാൽ, ആ ആൺകുട്ടികൾ കാരന്റെ മക്കളല്ല എന്നായിരുന്നു ശാസ്ത്രത്തിന്റെ കണ്ടെത്തൽ.
മാതൃത്വത്തിന്റെ പോരാട്ടവും മെഡിക്കൽ ഗവേഷണവും
ഇതോടെ കുടുംബത്തിൽ വലിയ അസ്വാരസ്യങ്ങൾ പുകയാൻ തുടങ്ങി. എന്നാൽ തന്റെ മക്കളെ പ്രസവിച്ചത് താൻ തന്നെയാണെന്ന് കാരന് 100% ഉറപ്പായിരുന്നു. ജനിതക പരിശോധനകൾക്ക് ഒരിക്കലും തെറ്റുപറ്റില്ലെന്ന ഫോറൻസിക് സയൻസിന്റെ അഹങ്കാരത്തിന് മുന്നിൽ കാരൻ എന്ന അമ്മ തന്റെ മാതൃത്വത്തിന്റെ സത്യവുമായി ഉറച്ചുനിന്നു. ഒടുവിൽ ബോസ്റ്റണിലെ പ്രശസ്തമായ ബേ സ്റ്റേറ്റ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ ഈ വിചിത്ര പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ തീരുമാനിച്ചു.
‘ഹ്യൂമൻ കൈമേറ’ എന്ന വിചിത്ര പ്രതിഭാസം
കാരന്റെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കോശങ്ങൾ ശേഖരിച്ച് വിശദമായ ഗവേഷണം ആരംഭിച്ചു. കാരന്റെ രക്തത്തിലും മുടിയിലും ഉമിനീരിലുമുള്ള ഡിഎൻഎ ഒന്നുതന്നെയായിരുന്നു. എന്നാൽ, അവരുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ (Thyroid gland) നിന്നും, ശരീരത്തിന്റെ മറ്റ് ചില ആന്തരിക കോശങ്ങളിൽ നിന്നും സാമ്പിളുകൾ എടുത്തു പരിശോധിച്ചപ്പോൾ ഡോക്ടർമാർ അത്ഭുതപ്പെട്ടുപോയി. അവിടെ രക്തത്തിലുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ, രണ്ടാമതൊരു ഡിഎൻഎ കോഡ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു!
കൂടുതൽ പഠനങ്ങൾക്കൊടുവിൽ ശാസ്ത്രം ആ സത്യം സ്ഥിരീകരിച്ചു: കാരൻ കീഗൻ ഒരു ‘ഹ്യൂമൻ കൈമേറ’ (Human Chimera) ആയിരുന്നു!
ജനിക്കാതെ പോയ സഹോദരിയും ജനിതക രഹസ്യവും.
ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ കാരന്റെ അമ്മയുടെ വയറ്റിൽ ഇരട്ടക്കുട്ടികളായി വളരാൻ തുടങ്ങിയതായിരുന്നു കാരനും അവരുടെ സഹോദരിയും. എന്നാൽ വളർച്ചയുടെ വളരെ ആദ്യത്തെ ഘട്ടത്തിൽ, കാരന്റെ ഭ്രൂണം തന്റെ ഇരട്ടസഹോദരിയുടെ ഭ്രൂണത്തെ സ്വന്തം ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയായിരുന്നു. അതായത്, ജനിക്കാതെ പോയ ആ സഹോദരിയുടെ കോശങ്ങൾ നശിച്ചുപോകാതെ കാരന്റെ ശരീരത്തിന്റെ വികാസത്തിൽ പങ്കാളികളായി.
കാരന്റെ ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളും സ്വന്തം ഡിഎൻഎയിലാണ് വളർന്നതെങ്കിൽ, അവരുടെ പ്രത്യുത്പാദന അവയവങ്ങളും ഗർഭപാത്രത്തിന്റെ ചില ഭാഗങ്ങളും രൂപപ്പെട്ടത് ജനിക്കാതെ പോയ ആ ഇരട്ടസഹോദരിയുടെ കോശങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് തന്നെ കാരൻ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് ലഭിച്ചതും ആ സഹോദരിയുടെ ജനിതക ഘടനയായിരുന്നു.
ശാസ്ത്രം അംഗീകരിച്ച ജൈവിക സത്യം
സാധാരണ രക്തസാമ്പിൾ മാത്രം വെച്ച് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ കമ്പ്യൂട്ടർ ജനിതക സാമ്യം മാത്രം കണക്കാക്കി ഇവർ കുട്ടികളുടെ അമ്മയല്ല, എന്ന തെറ്റായ ഫലം കാണിക്കുകയായിരുന്നു. തൈറോയ്ഡ് ഗ്രന്ഥിയിലെ രണ്ടാമത്തെ ഡിഎൻഎ കൂടി കണ്ടെത്തിയതോടെയാണ് കാരൻ സ്വന്തം മക്കളുടെ ജൈവിക അമ്മ തന്നെയാണ് എന്ന് ശാസ്ത്രം ഔദ്യോഗികമായി അംഗീകരിച്ചത്.
2003-ൽ ലോകപ്രശസ്തമായ ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ എന്ന മെഡിക്കൽ ജേണലിൽ കാരൻ കീഗന്റെ ഈ കേസ് വിശദമായി പ്രസിദ്ധീകരിച്ചു. ജനിതക ശാസ്ത്രത്തിലെ ഈ വലിയ കണ്ടെത്തലാണ് തൊട്ടടുത്ത വർഷം വാഷിംഗ്ടണിൽ സമാനമായ പ്രതിസന്ധി നേരിട്ട ലിഡിയ ഫെയർചൈൽഡ് എന്ന യുവതിക്ക് തന്റെ കുഞ്ഞുങ്ങളെ തിരികെ ലഭിക്കാൻ നിയമപരമായ വഴിത്തിരിവുണ്ടാക്കിയത്.
ഡിഎൻഎ പരിശോധനകൾ നൂറു ശതമാനവും അപ്രമാണികമല്ലെന്നും, പ്രകൃതിയുടെ ജനിതക രഹസ്യങ്ങൾ ഇനിയും മനുഷ്യൻ കണ്ടെത്തേണ്ടതായിട്ടുണ്ട് എന്നുമാണ് ഈ സംഭവം തെളിയിക്കുന്നത്. കീഗന്റെ ജീവിതം ഇന്നും മെഡിക്കൽ ചരിത്രത്തിൽ കൗതുകമായി തിളങ്ങിനിൽക്കുന്നു.

