നിലവിളക്കിൽ വെളിച്ചം കൊളുത്തിക്കൊണ്ട് ഐശ്വര്യത്തോടെ ഒരു പരിപാടി തുടങ്ങുന്നത് അനിസ്‌ലാമികമെന്ന് പ്രഖ്യാപിക്കുന്ന പണ്ഡിതവേഷധാരികളെ കുറ്റം പറയാനൊക്കില്ല. അവർ വിശ്വസിക്കുന്ന റബ്ബെന്നത് മക്കയിലെ ജാഹിലിയാ(അജ്ഞതയുടെ ഇരുണ്ട) കാലത്തെ അന്ധവിശ്വാസികളുടെ ഏറ്റവും വലിയ ഗോത്രദൈവവും, അവരുടെ ദീനെന്നത് പ്രകാശത്തിന് മേൽ പ്രകാശമായ തിരുപ്രവാചകരേയും കുടുംബത്തേയും ഇല്ലാതാക്കിയ ശേഷം അവിടുത്തെ മേൽ വ്യാജപ്രമാണങ്ങൾ പടച്ചുണ്ടാക്കിയ അധികാരമോഹികളായ കപടവിശ്വാസികളുടെ സ്വാർത്ഥ മതമാണ്.

സമാധാനം, സമർപ്പണം എന്നൊക്കെ അർത്ഥം വെച്ചുള്ള യഥാർത്ഥ ഇസ്ലാം ധർമ്മവുമായി അതിന് യാതൊരു ബന്ധവുമില്ല.
യഥാർത്ഥ ഇസ്‌ലാമിന്റെ(ശാന്തിയുടെ ) മാർഗ്ഗത്തിലുള്ള സൂഫിവര്യന്മാരുടെ സമാധി ഇടങ്ങളായ ദർഗകളിൽ നിത്യം നിലവിളക്ക് കൊളുത്തുന്നുണ്ട്…
എന്ത് ആചാരത്തിന്റെ പേരിലായാലും വെളിച്ചം (നൂർ ) പ്രപഞ്ചേശ്വരനായ അല്ലാഹുവിന്റെ നാമ-ഗുണ വിശേഷണമാണെന്ന് അംഗീകരിക്കാനുള്ള ആത്മീയവളർച്ചയൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ ദിവ്യഗുണങ്ങളാൽ ഇവിടെ ആരാധ്യമായതെല്ലാം തന്നെ ഏകമായ ജഗദീശ്വരനാണെന്ന തൗഹീദിനെ അല്ലെങ്കിൽ ‘ഒന്നാണ് സൂര്യൻ, പലതു പ്രതിബിംബം’ എന്ന അദ്വൈതത്തെ ‘അല്ലാഹു’ എന്ന അറബി പേരിൽ അല്ലാതെ ഒരു ദൈവവും ഇല്ലെന്ന തരത്തിൽ നേർവിപരീതാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നവരാണ്…
അല്ലാഹുവിനെ കാണാതെ കണ്ടെന്ന് സാക്ഷ്യം വഹിക്കുന്ന കപട വിശ്വാസികളാണ്…
യഥാർത്ഥത്തിൽ കണ്ടിരുന്നെങ്കിൽ അവർക്കിവിടെ ഒന്നിനേയും നിഷേധിക്കാനോ നിന്ദിക്കാനോ സാധിക്കില്ലായിരുന്നു…

ആകാശഭൂമികളുടെ പ്രകാശമെന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്ന അൽ ഇലാഹായ അല്ലാഹുവിനെയല്ലാതെ ഒന്നിനേയും എവിടേയും കാണാനാവില്ലയിരുന്നു.
‘ലാ മൗജൂദ ഇല്ലല്ലാഹ്’ അഥവാ അല്ലാഹുവല്ലാതെ ഇവിടെ ഒന്നുമില്ലെന്ന തിരിച്ചറിവിൽ എല്ലാത്തിനേയും ആദരിക്കാനും ആരാധിക്കാനും സാധിക്കുമായിരുന്നു.
പടപ്പിനുള്ള ഖൈറും ഷെറും(നന്മയും തിന്മയുമായ) എല്ലാം പടച്ചോനിൽ നിന്നെന്ന ഈമാനിൽ(ബോധ്യത്തിൽ ) എല്ലാത്തിനെയും ഉൾക്കൊള്ളാനുള്ള ഹൃദയ വിശാലത ഉണ്ടാവുമായിരുന്നു.

അറബി ഭാഷാപരമായി അൽ ഇലാഹായ അല്ലാഹുവിനെ ഹ(അവയായിട്ടും ) ഹി(അവളായിട്ടും ) ഹു(അവനായിട്ടും) വിശേഷിപ്പിച്ചതെല്ലാം ഏകമെന്ന തിരിച്ചറിവിൽ, സകലതിലും സകലരിലും അല്ലാഹുവിനെ(സംസ്‌കൃതത്തിൽ പറഞ്ഞാൽ പരബ്രഹ്മത്തെ) ദർശിക്കാൻ സാധിക്കുമായിരുന്നു….
ആദമായ മനുഷ്യനിലെ അല്ലാഹുവായ
അജ്ഞത അഥവാ അറിവില്ലായ്മ കുറ്റമല്ല, എന്നാൽ അവിദ്യ അഥവാ തെറ്റായ അറിവ് അപകടമാണെന്ന പോലെ, തെളിവിന്റെ അഭാവത്തിലുള്ള അവിശ്വാസം കൊണ്ട് കുഴപ്പമില്ല, എന്നാൽ വ്യാജ തെളിവ് കൊണ്ടുള്ള കപട വിശ്വാസം വലിയ പ്രശ്നമാണ്.
അങ്ങനെയുള്ളവരിലാണ് വിഭാഗീയ-വർഗ്ഗീയ- തീവ്രവാദ മനോഭാവമുണ്ടാവുന്നത്.
അവരാണ് ലോകത്ത് ഫിത്ന(കലഹം ) ഉണ്ടാക്കുന്നത്…
അത്തരത്തിലുള്ള നെഗറ്റിവിറ്റി അഥവാ സാത്താന്റെ ആളുകൾ എല്ലാ മതവിഭാഗങ്ങളിലുമുണ്ട് താനും.

വിവരമുള്ളവർ അവരിൽ നിന്ന് തിരിഞ്ഞു നടക്കുകയെന്നല്ലാതെ, അവരെ തിരുത്താൻ നോക്കിയിട്ട് കാര്യമില്ല.
“അവർ അവനെ ആകാശത്ത് തിരയുന്നു, എന്നാൽ പ്രപഞ്ചത്തിൽ അവനില്ലാത്ത ഇടമേതാണുള്ളത്?” എന്ന് ചോദിച്ച, താനും ആ പരമസത്യം തന്നെയെന്ന് വിളിച്ചു പറഞ്ഞ മൻസൂർ അൽ ഹല്ലാജിനെ അവർ ക്രൂരമായി വകവരുത്തി.
പ്രപഞ്ചസത്യത്തിലേക്കും ശാസ്ത്രീയമായ യുക്തിബോധത്തിലേക്കും വെളിച്ചം വീശിയ സകല പ്രവാചകരേയും ഗുരുക്കന്മാരെയും അവർ കല്ലെറിഞ്ഞു.
ജ്ഞാനത്തിന്റേയും പ്രണയത്തിന്റെയും പ്രകാശം അവർക്കെന്നും അരോചകമാണ്.
അവർ തമസിനെ സ്വാർത്ഥ നേട്ടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഉള്ള തിരശീലയായി ഉപയോഗപ്പെടുത്തുകയാണ്.

കവി പാടിയ പോലെ ‘ഇരുട്ടല്ലോ സുഖപ്രദം’!
ലോകത്തിന് വെളിച്ചമായി അവതരിച്ച ഗുരുക്കന്മാർ അവർക്ക് വഴി പിഴച്ചവരാകും.
കാരണം അവർക്ക് ഗുരുത്വം എന്നൊരു ഗുണമില്ല.
അതിന് പ്രകൃതിയെ അഥവാ ഈശ്വരനെ ജാതി-മത-ലിംഗ-ദേശ-ഭാഷ വിവേചനമൊന്നും കൂടാതെ ഉൾക്കൊള്ളാനും അതിൽ പൂർണ്ണ സമർപ്പിതരാവനുമുള്ള ശിഷ്യത്വ ഗുണം വേണം.
ദൈവമെന്ന പ്രതിഭാസത്തെ ഉപാധികളില്ലാതെ സ്നേഹിക്കാനുള്ള ഭക്തി വേണം.
അല്ലാത്ത പക്ഷം നേടുന്ന വിദ്യയും സിദ്ധിയുമെല്ലാം പാഴാണെന്ന് മാത്രമല്ല, അതുകൊണ്ട് ലോകത്തിന് ഉപദ്രവം മാത്രമാണുണ്ടാവുക…

ഓരോരുത്തരും ടോർച്ച് അവനവനിലേക്ക് തന്നെയൊന്ന് അടിച്ചു നോക്കുക.
ഏതു ഭാഷയിൽ ഏതു പേരിലായാലും സ്വന്തത്തിലുള്ള ദൈവത്തെയും മതത്തേയും ഒന്ന് ആത്മവിശകലനം ചെയ്യുക.
കാരുണ്യം, സ്നേഹം, നീതി, യുക്തി, സത്യം, വെളിച്ചം തുടങ്ങിയ അനവധി ദൈവിക ഗുണങ്ങൾക്ക് വിപരീതമായ എന്തെങ്കിലുമൊന്ന് അതിൽ കാണാൻ സാധിച്ചാൽ ഉടനെ തികഞ്ഞ ദൈവനിഷേധിയും മതവിരോധിയും ആവുക.
കാരണം ആ ‘ലാ ഇലാഹ്’ കടന്നിട്ടാണ് ‘ഇല്ലല്ലാഹ്’ എന്ന സർവ്വം അല്ലാഹ് എന്ന സത്യാവസ്ഥ പ്രാപിക്കൂ.

അതിനായി ചുരുങ്ങിയ പക്ഷം അവനവനിലെ മുസ്ലിമിനെയും ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും കൊന്നിട്ട് മനുഷ്യനായൊന്ന് ജനിക്കാൻ നോക്കണം…
അതിനായി ഈഗോയെ മുഴുവൻ കരിച്ചു കളഞ്ഞ് ‘മരണത്തിന് മുൻപേ മരിക്കണം’.
അപ്പോൾ റൂമി സൂചിപ്പിച്ച പോലെ കഴ്ബയെ വിഗ്രഹം ഉള്ളപ്പോളും ഇല്ലാത്തപ്പോളും ഒരുപോലെ പ്രദക്ഷിണം( ത്വവാഫ്) ചെയ്യാനാവും…
ഏതൊരു ദിക്കിലേക്ക് തിരിഞ്ഞും ഏതൊരു വസ്തുവിന് നേരെയും സുജൂദ്(പ്രണാമം ) ചെയ്യാനാവും…

ഉള്ളിലും പുറത്തുമുള്ള ഏകമായതിനെ തിരിഞ്ഞ കടലിലെ തുള്ളിക്ക് പിന്നെ പടച്ചോന്റെ വൈവിദ്ധ്യമാർന്ന വെളിപ്പെടലിനെ ആസ്വദിക്കാനേ ആവൂ, ഒരിക്കലും സത്യനിഷേധിയാവാൻ സാധിക്കില്ല…
പ്രിയ നാരായണ ഗുരു പറഞ്ഞത് പോലെ, അകമേ വെളിച്ചം തെളിയാതെ പുറമേ എത്ര വിളക്ക് കൊളുത്തിയിട്ടും കാര്യമില്ല….!
തമസോ മാ ജ്യോതിർ ഗമയ!
അൽ നൂർ യാ അല്ലാഹ്!

By ivayana

Leave a Reply

Your email address will not be published. Required fields are marked *