രചന : ദിവാകരൻ പി.കെ. ✍️
കലയും ക്രാഫ്റ്റും (കരകൗശലം) ഒന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുള്ള ഒരു പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവ രണ്ടും വ്യത്യസ്തമായ രണ്ട് തലങ്ങളാണെന്ന് മനസ്സിലാക്കാം. ലളിതമായി പറഞ്ഞാൽ, ക്രാഫ്റ്റ് എന്നത് മാധ്യമത്തിന്റെ ശരീരവും, കല എന്നത് അതിന്റെ ആത്മാവുമാണ്.
ക്രാഫ്റ്റ് എന്നത് നിരന്തരമായ പരിശീലനം കൊണ്ട് ഏതൊരാൾക്കും കരഗതമാക്കാൻ കഴിയുന്ന ഒന്നാണ്. സാങ്കേതികമായ മികവ്, അളവുകളിലെ കൃത്യത, മാധ്യമം കൈകാര്യം ചെയ്യാനുള്ള നൈപുണ്യം എന്നിവയൊക്കെ ക്രാഫ്റ്റിന്റെ പരിധിയിൽ വരുന്നു. ഒരു ആശാരി മരത്തിൽ മനോഹരമായ ഒരു കതക് നിർമ്മിക്കുമ്പോഴോ, ഒരു തയ്യൽക്കാരൻ കൃത്യമായ അളവിൽ വസ്ത്രം തുന്നിയെടുക്കുമ്പോഴോ അവിടെ ക്രാഫ്റ്റ് ആണ് പ്രവർത്തിക്കുന്നത്. ഇതിലേക്ക് കലാപരമായ ഒരു അംശം കൂടി ചേരുമ്പോഴാണ് അത് ‘കരകൗശലമായി’ മാറുന്നത്. ഇവിടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കലാകാരൻ വ്യത്യസ്തങ്ങളായ മാധ്യമങ്ങൾ (Mediums) ഉപയോഗിക്കുന്നു.
കേവലം ഒരു മാധ്യമത്തെ കൃത്യമായി ഉപയോഗിക്കുന്നതിനപ്പുറം, ചിത്രകലയിൽ സർഗ്ഗാത്മകത കടന്നുവരുന്നത് പല രീതിയിലാണ്. അത് കേവലമൊരു ദൃശ്യത്തെ പകർത്തൽ മാത്രമല്ല; മറിച്ച് ശക്തമായ ആശയപ്രകാശനമോ, കലാകാരന്റെ സ്വപ്നചിഹ്നങ്ങളോ ആകാം. വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സർഗ്ഗധനരായ ചിത്രകാരന്മാർ ക്യാൻവാസിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അവയാണ് കലാലോകത്ത് പുതിയ പ്രസ്ഥാനങ്ങൾക്ക് വഴിതുറന്നത്.
പ്രകൃതിയെയും മനുഷ്യനെയും യഥാതഥമായി പകർത്തിയ റിയലിസവും, വെളിച്ചത്തിന്റെ നിമിഷാർദ്ധങ്ങളെ ക്യാൻവാസിൽ ആവാഹിച്ച ഇംപ്രഷനിസവും, വികാരങ്ങൾക്ക് പ്രാധാന്യം നൽകിയ പോസ്റ്റ്-ഇംപ്രഷനിസവും, യുക്തിക്കപ്പുറമുള്ള സ്വപ്നങ്ങളെയും ഉപബോധമനസ്സിനെയും ദൃശ്യവൽക്കരിച്ച സർറിയലിസവുമെല്ലാം ഇതിന്റെ ഫലമായി രൂപപ്പെട്ടതാണ്. ലിയോണാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ പ്രഗത്ഭർ തങ്ങളുടെ കാലഘട്ടങ്ങളിൽ ഇത്തരം ക്രിയേറ്റീവ് ആയ സൃഷ്ടികൾക്ക് ജന്മം നൽകിയവരാണ്.
ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവകാരിയായ ചിത്രകാരനായ പാബ്ലോ പിക്കാസോ തന്റെ ചിത്രരചനയിൽ ഈ ക്രാഫ്റ്റിനെ വളരെ ഭംഗിയായി സമന്വയിപ്പിച്ചു. ചെറുപ്പകാലത്ത് തന്നെ റിയലിസ്റ്റിക് ശൈലിയിലുള്ള ചിത്രരചനയിൽ അപാരമായ വൈദഗ്ധ്യം നേടിയ അദ്ദേഹം, പിന്നീട് ആ ക്രാഫ്റ്റിനെ തന്റെ സവിശേഷമായ സർഗ്ഗാത്മകതയുമായി കൂട്ടിയിണക്കി. ക്യൂബിസം പോലുള്ള പുതിയ ശൈലികളിലൂടെ രൂപങ്ങളെ ഉടച്ചുവാർത്തപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ ‘ക്രാഫ്റ്റ്സ്മാൻ’ ആ രചനകൾക്ക് കൃത്യമായ അടിത്തറ നൽകിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വെറും അമൂർത്തമായ വരകളാകാതെ, ആഴത്തിലുള്ള കലാസൃഷ്ടികളായി മാറിയത്.
എന്നാൽ ഇന്നത്തെ കലാരംഗത്ത് ചില ദൗർഭാഗ്യകരമായ പ്രവണതകൾ കണ്ടുവരുന്നുണ്ട്. ഒരു കലാസൃഷ്ടി സ്വന്തം മനസ്സിൽ നിന്നെടുത്ത് ക്യാൻവാസിലേക്കോ ശില്പത്തിലേക്കോ പകർത്തുന്നതിന് പകരം, കൂലിക്ക് ആളുകളെ നിർത്തി നിർദ്ദേശം കൊടുത്ത് ചെയ്യിക്കുന്ന രീതി ചിലരെങ്കിലും പിന്തുടരുന്നുണ്ട്. ഇവിടെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വൈകാരികമായ ആത്മബന്ധം പൂർണ്ണമായും ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതോടെ ആ സൃഷ്ടി കേവലമൊരു ‘ക്രാഫ്റ്റ് വർക്ക്’ മാത്രമായി ഒതുങ്ങിപ്പോകുന്നു.
ക്രിയേറ്റീവ് ആയ ഒരു ചിത്രമോ ശില്പമോ കാണുമ്പോൾ അത് ഉൾക്കൊള്ളാനും അതിനോട് സംവേദിക്കാനും കാഴ്ചക്കാരന് കഴിയണമെങ്കിൽ കാഴ്ചക്കാരന്റെ സംവേദനക്ഷമതയും വലിയൊരു ഘടകമാണ്. എന്നാൽ ഈ രംഗത്ത് ഒട്ടേറെ കള്ളനാണയങ്ങളും ഇന്ന് സജീവമാണ്. താൻ എന്താണ് ചെയ്തുവെച്ചിരിക്കുന്നത് എന്ന് തനിക്ക് പോലും നിശ്ചയമില്ലാത്ത രൂപങ്ങൾ (അല്ലെങ്കിൽ കൊലരൂപങ്ങൾ) ഉണ്ടാക്കിവെച്ചിട്ട്, “അത് കാഴ്ചക്കാർ വിലയിരുത്തിക്കോളും” എന്ന് വിചാരിക്കുന്നവരുടെ എണ്ണം ഇന്ന് ഒട്ടും കുറവല്ല. സ്വന്തം ആശയക്കുഴപ്പങ്ങളെ കലയെന്ന പേരിൽ വിപണനം നടത്താനാണ് ഇവർ ശ്രമിക്കുന്നത്.
കലയുടെ സ്വാതന്ത്ര്യത്തെയും അതിന്റെ അതിരുകളില്ലാത്ത വായനകളെയും നാം അംഗീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരാൾ ഒരു ഒഴിഞ്ഞ ക്യാൻവാസ് (Blank Canvas) മാത്രം പ്രദർശിപ്പിക്കുന്നു എന്ന് കരുതുക. അതിലൊരു ക്രിയേറ്റീവ് ചിന്തയുണ്ടാകാം. ‘കാഴ്ചക്കാർക്ക് ഇതിനെ എങ്ങനെ വേണമെങ്കിലും വിലയിരുത്താം’ എന്നൊരു സന്ദേശമാണ് അതിലൂടെ കൈമാറുന്നത്. കലയുടെ പരമാവധി സ്വാതന്ത്ര്യമായി അതിനെ കാണാമെങ്കിലും, മറ്റൊരു വശത്തുനിന്ന് നോക്കിയാൽ അതിനെ കലാകാരന്റെ ആശയദാരിദ്ര്യമായും നമുക്ക് വായിച്ചെടുക്കാവുന്നതാണ്. കലയിലെ സത്യസന്ധതയും പൊള്ളത്തരവും വേർതിരിച്ചറിയേണ്ടത് ഇവിടെയാണ്.
ചുരുക്കത്തിൽ, ക്രാഫ്റ്റ് മാത്രമുള്ള ഒന്നിന് സാങ്കേതികമായ തികവുണ്ടാകാമെങ്കിലും അത് ജീവനില്ലാത്ത ഒരു ശരീരം പോലെയാണ്. അതേസമയം, ആവശ്യത്തിന് ക്രാഫ്റ്റില്ലാത്ത വെറും ഭാവനകൾ ആശയക്കുഴപ്പങ്ങൾ മാത്രമേ സൃഷ്ടിക്കൂ. കലയും ക്രാഫ്റ്റും പരസ്പരം പൂരകങ്ങളാകുമ്പോഴാണ്, അവ ശരീരവും ആത്മാവും പോലെ ഒന്നായി തീരുമ്പോഴാണ് ഉദാത്തമായ കലാസൃഷ്ടികൾ ജനിക്കുന്നത്.
പത്തിരുപത്തഞ്ച് വർഷം കുട്ടികൾക്ക് ചിത്രകലാ പരിശീലനം നൽകിയ അനുഭവത്തിൽ നിന്ന്, അവരിലെ അപാരമായ സർഗ്ഗശേഷി നേരിട്ട് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ അവരുടെ ആ കഴിവിനെ നശിപ്പിക്കുന്നത് പലപ്പോഴും രക്ഷിതാക്കളും ബന്ധുക്കളും ചിത്രകലാ അധ്യാപകരും തന്നെയാണ്!
തന്റെ കുട്ടിക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടണം എന്ന വാശിയിൽ, അധ്യാപകൻ വർഷങ്ങളായി നേടിയെടുത്ത തന്റെ കൈവഴക്കം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നു. അങ്ങനെ ചെയ്താലേ മത്സരങ്ങളിൽ സമ്മാനം കിട്ടൂ എന്നും, എങ്കിലെ ഈ രംഗത്ത് തനിക്ക് നിലനിൽപ്പുള്ളൂ എന്നും അധ്യാപകനും ചിന്തിക്കുന്നു. കുട്ടിയുടെ സ്വാഭാവികമായ ഭാവന അവിടെ അടിച്ചമർത്തപ്പെടുകയാണ്.
ഈ അവസരത്തിൽ പാബ്ലോ പിക്കാസോയുടെ പ്രശസ്തമായ ആ വാക്കുകൾ ഞാൻ ഓർത്തുപോവുകയാണ്: “ഒരു മുതിർന്ന ചിത്രകാരനെപ്പോലെ വരയ്ക്കാൻ എനിക്ക് ഏതാനും വർഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ, എന്നാൽ ഒരു കുട്ടിയെപ്പോലെ വരയ്ക്കാൻ ഇനിയൊരു ജന്മം മുഴുവൻ വേണ്ടിവരും.”
തന്റെ പതിമൂന്നാം വയസ്സിൽ തന്നെ യൂറോപ്പിലെ പ്രഗത്ഭരായ ചിത്രകാരന്മാരുടെ നിലവാരത്തിൽ, ജീവസ്സുറ്റ ചിത്രങ്ങൾ വരച്ചു ഫലിപ്പിച്ച ഒരു പ്രതിഭയാണ് ഇത് ഓർമ്മിപ്പിച്ചത് എന്നത് നമ്മൾ പ്രത്യേകം ഓർക്കണം!
പിക്കാസോ ഒരു ചിത്രം പൂർത്തിയാക്കുന്നതിന് മുൻപ് ഒട്ടനവധി സ്കെച്ചുകൾ ചെയ്ത് കൃത്യമായ ഒരുക്കങ്ങൾ നടത്തുമായിരുന്നു. എന്നാൽ ഇന്നത്തെ ചില ചിത്രകാരന്മാർ നേരെ തിരിച്ചാണ്; പ്രദർശന ഹാൾ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് പലരും വരയെക്കുറിച്ച് ചിന്തിക്കാൻ പോലും തുടങ്ങുന്നത്! അതുകൊണ്ട് തന്നെ അത്തരം സൃഷ്ടികൾക്ക് ഒരു കുട്ടിയുടെ വരയുടെ നിഷ്കളങ്കതയോ നിലവാരമോ പോലും ഉണ്ടാകാറില്ല. അത് കേവലം കുട്ടികളെപ്പോലെ വരയ്ക്കാനുള്ള ഒരു പാഴ്ശ്രമം മാത്രമായി ഒതുങ്ങിപ്പോകുന്നു. ഇങ്ങനെയുള്ളവരെ കാണുമ്പോൾ പഴയ ആ ചൊല്ലാണ് ഓർമ്മ വരുന്നത്:
“ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല…”

