നമ്മുടെ കുഞ്ഞുങ്ങൾ അത്യന്തം അപകടകരമായ പെരുവെഴിയിൽ അകപ്പെട്ടിരിക്കുന്ന അവസ്ഥ. അവസ്ഥയുടെ ഗുരുതരമായ നിലയെക്കുറിച്ച് അകപ്പെട്ടിരിക്കുന്ന കുഞ്ഞിന് അറിയില്ല. കുഞ്ഞ് അങ്ങനെ അകപ്പെട്ടിരിക്കുന്നു എന്ന് രക്ഷിതാവ് അറിയുന്നേയില്ല. അറിയാനൊട്ടു തയ്യാറുമല്ല.
പറഞ്ഞു വരുന്നത്.

മക്കളെ വിദ്യാഭ്യാസത്തിനയച്ചു കഴിഞ്ഞാൽ തൻ്റെ കുഞ്ഞിൻ്റെ അക്കാദമികവും പെരുമാറ്റ സംബന്ധവും ആചാരവിചാരപരവുമായ നില എന്തെന്ന് അന്വേഷിച്ച് അവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ ജാഗ്രതയോടെ സ്വമേധയാ ഒരിക്കലെങ്കിലും എത്തുന്ന രക്ഷിതാവിനെ 22 വർഷങ്ങളായി തുടരുന്ന എൻ്റെ അദ്ധ്യാപന ജീവിതത്തിൽ ഇന്നു വരെ ഞാൻ കണ്ടതേയില്ല.
ഏകദേശം നടതള്ളിയതു പോലെയാണ് രക്ഷിതാക്കളുടെ മനോഭാവം.
എനിക്ക് സഹപ്രവർത്തിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ സാമ്പത്തിക ചുറ്റുവട്ടം ഏറിയകൂറും ശരാശരിയിലും താഴെയാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മാതാപിതാക്കൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന വ്യഗ്രതയിൽ ആയതു കൊണ്ടാണ് ഇത്തരമൊരു മനോഭാവം എന്നു പറയാനാവില്ല.

കാരണം സമ്പന്നരായ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ സമാജത്തിൽ എങ്ങനെ ബിഹെയ്‌വ് ചെയ്യുന്നു.അവൻ്റെ / അവളുടെ കൂട്ടുകെട്ടും മട്ടും മാതിരിയും എന്താണ്?
പഠിക്കാൻ അയച്ചിട്ട് പഠിക്കുന്നുണ്ടോ?
ലഹരി സംഘത്തിലോ ഗുണ്ടാസംഘത്തിലോ ഉൾപ്പെട്ടിട്ടുണ്ടോ?
പ്രായപൂർത്തിയാവാത്ത കുഞ്ഞ് പഠിക്കാനായി വന്നിട്ട് ദാമ്പത്യത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണോ?
മറ്റെന്തെങ്കിലും വിപത്തുകൾ കുട്ടി അഭിമുഖീകരിക്കുന്നുണ്ടോ?
കുട്ടി സുരക്ഷിതമാണോ?
കുട്ടി എഴുതാനും വായിക്കുവാനും അതാവശ്യ കണക്കുകൾ കൂട്ടുവാനും പഠിച്ചുവോ?
സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ഏതു തരം ബന്ധം പുലർത്തുന്നു ?
എന്നൊന്നും രക്ഷിതാക്കൾ എത്തി നോക്കുന്നതു കൂടി ഇതു വരെ കണ്ടിട്ടില്ല.
ഒരു പക്ഷേ, ഉന്നത വിദ്യാഭ്യാസ മേഖല പരമ പവിത്രമായ വിദ്യാശാലകളാണെന്ന് ആ രക്ഷിതാക്കൾ വിശ്വസിക്കുന്നുണ്ടാകുമോ ?
അതോ സ്വന്തം മക്കൾ പഠിപ്പിൻ്റെയും പെരുമാറ്റത്തിൻ്റെയും ലോകോത്തരമാതൃകകൾ ആണെന്ന് അഭിമാനിച്ചു വശാകുന്നതു കൊണ്ടായിരിക്കുമോ ?
ഗത്യന്തരമില്ലാതെ അദ്ധ്യാപകർ രക്ഷിതാക്കളെ വിളിച്ചാൽ തന്നെ 99.9 % ശതമാനം രക്ഷിതാക്കളും കാര്യഗൗരവം പോലും മനസ്സിലാക്കാതെ സ്വന്തം കുട്ടികളുടെ തെറ്റിന് കുടപിടിക്കുന്ന രീതിയിൽ പെരുമാറുന്നതാണ് ഇക്കാലത്തെ നടപ്പുരീതി. ജീവനിൽ ഭയമുള്ള അദ്ധ്യാപകരാരും ഇക്കാലത്ത് അത്തരം അസുഖകരമായ സാഹചര്യം ഉണ്ടാക്കാറുമില്ല.

സ്വന്തം മക്കളുടെ പെരുമാറ്റ വൈകല്യങ്ങൾ , കുറ്റകൃത്യങ്ങൾ, കൂട്ടുകെട്ടുകൾ ഇവയൊന്നും തിരുത്താതെ ആ എരിതീയിൽ അവർക്ക് അമിതപ്രിയം കൊണ്ട് എണ്ണയൊഴിച്ചു കൊടുക്കുന്ന രക്ഷിതാക്കൾ ഇക്കാലത്തെ പതിവു കാഴ്ചയാണ്.
സ്‌കൂളിൽ പഠിക്കുന്ന കുട്ടി ഉള്ളതിനാൽ അവരുടെ അദ്ധ്യാപകരുമായി ഞാൻ നിരന്തരസമ്പർക്കം രക്ഷിതാവെന്ന നിലയിൽ പുലർത്തുന്നുണ്ട്. അതുവഴി
പെരുമാറ്റ വൈകല്യമുള്ള കുഞ്ഞുങ്ങളെ രക്ഷിതാക്കൾ ആരാധിച്ചും ന്യായീകരിച്ചും അദ്ധ്യപകരെ ഭീക്ഷണിപ്പെടുത്തിയും സംരക്ഷിക്കുന്നതെങ്ങനെ എന്ന് സ്‌കൂളിലെ അദ്ധ്യാപകർ പറഞ്ഞ് എനിക്ക് നന്നേ അറിവുണ്ട്.

സ്‌കൂളുകളിൽ രക്ഷിതാക്കൾക്ക് ഒറ്റക്കാര്യമേ ഇപ്പോൾ ആവശ്യമുള്ളൂ; പഠിച്ചാലും പഠിച്ചില്ലെങ്കിലും മുഴുവൻ ഗ്രെയിഡും ടീച്ചേഴ്‌സ് ഇട്ടു കൊടുക്കണം. കുട്ടികളെ പഠിപ്പിച്ചും ശാസിച്ചും നേർവഴി ഉപദേശിച്ചും തൊന്തരവ് പണ്ണരുത്. അങ്ങനെ തോന്നിയാൽ തന്നെ രക്ഷിതാവ് ഉടൻ ചൈൽഡ് ലൈനിൽ വിളിക്കും. വേണ്ടി വന്നാൽ വിദ്യാഭ്യാസ മന്ത്രിയെ ,
വിവാദങ്ങൾ ഉണ്ടാക്കാൻ സമർത്ഥമായ മാധ്യമങ്ങളെ, കിളി പാടേ പോയ വ്ലോഗർമാരെ.
ആരാൻ്റെ അമ്മയ്ക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചന്തം. സർവ്വരും ചേർന്ന് രംഗം കൊഴുക്കും.
ഏതാണ്ട് അസൈലത്തിലെ ക്രിട്ടിക്കൽ കെയറിൽ ജോലി ചെയ്യുന്ന അവസ്ഥയാണ് ആത്മാർത്ഥതയുള്ള അദ്ധ്യാപകരുടേത്. അതല്ല പൂക്കി അദ്ധ്യാപകരാണെങ്കിൽ കുട്ടികൾക്കൊപ്പം ഇന്ദ്രിയ ആമോദകരമായ വിനിമയങ്ങൾ സംഘടിപ്പിച്ചും റീൽസ് എടുത്തും ഫുൾ ഗ്രെയിഡ് ദാനം ചെയ്തും വൈബാകാം.

LSDയും അതിലും മാരക മരുന്നുകളും അടിച്ച് മക്കൾ തന്നെ രക്ഷിതാക്കളെ ഇക്കാലത്ത് കൊല്ലുമ്പോൾ രക്ഷിതാക്കളും ചിന്തിക്കണം ഈ അവസ്ഥയിലേയ്ക്ക് വെള്ളവും വളവുമിട്ട് സ്വന്തം കുഞ്ഞുങ്ങളെ വളർത്തിയതിലെ പ്രധാന കുറ്റവാളി താൻ തന്നെയാണെന്ന്.
കുട്ടിക്കാലം മുതൽ സ്‌ക്കൂളോളം ഒന്നു പോയി
എൻ്റെ കുഞ്ഞ് സഹപാഠികളോടും അദ്ധ്യാപകരോടും എങ്ങനെ പെരുമാറുന്നു
കൂട്ടുകെട്ട് എന്താണ്?
പഠന വിമുഖമാണോ?
അതല്ല പഠനം അവസാനിപ്പിച്ച് അവൻ്റെ / അവളുടെ ജന്മം പാഴാക്കാതെ മറ്റേതെങ്കിലും തുറയിൽ പരിശീലനം നൽകി ജീവിതം കരുപ്പിടിപ്പിക്കണോ എന്നൊക്കെ
അന്വേഷിക്കുമ്പോഴേ രക്ഷിതാവ് രക്ഷിതാവ് ആകൂ.
അല്ലാതെ ഏതു വിധവും ആർഭാടങ്ങളും സാധന സാമഗ്രികളും WHO നിലവാരത്തിൽ ആഹാരവും ട്യൂഷനുമേൽ ട്യൂഷനും നൽകിയതു കൊണ്ടായില്ല.
കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിൽ
പെരുമാറ്റത്തിൽ
പഠനത്തിൽ
വൈകാരിക സന്തുലിതമായ ജീവതചര്യയിൽ കാവലാളാകേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. ഗവൺമെൻ്റിനും സംവിധാനങ്ങൾക്കും പരിമിതികളുണ്ട്
കൊടുക്കേണ്ട അടി കൊടുക്കേണ്ട സമയത്ത് കൊടുക്കണം.

അതിന് വടി വീശാവുന്ന ദൂരം സ്വന്തം മക്കളോട് പാലിക്കണം.
അടിയുടെ ദൂരത്തിലും അവളുടെ അവൻ്റെ അകമേ ഇരുന്ന് സ്പന്ദിക്കുന്നത് മാതാപിതാക്കളായ ഞങ്ങൾ തന്നെയാണെന്നറിഞ്ഞ് ചേർത്തു പിടിക്കണം.
രക്ഷകർതൃത്വം സ്വയം ശിക്ഷണത്തിനുള്ള അസുലഭാവസരമാണെന്ന ഉൾവെളിവ് ഉണ്ടായാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ.
ഇതൊക്കെ ആരോടു പറയാൻ.
സ്വന്തം ഇന്ദ്രിയാമോദം തേടി പരക്കം പായുന്ന രക്ഷിതാക്കളോടോ ?
റീൽസിനും മയക്കുമരുന്നിനും വഴക്കിനും വാക്കാണത്തിനും അടിമയായ രക്ഷിതാക്കളോടോ ?

NB: മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് പഴമക്കാർ പറഞ്ഞ മൊഴിയിലും പതിരില്ലെന്ന് അദ്ധ്യാപന ജീവിതം കൊണ്ട് ബോധ്യപ്പെട്ടു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *