നോവകമ്പടിയോടെ നനവാർന്ന ചില ചിന്താശകലങ്ങൾ
കേൾക്കുന്നതൊക്കെയും സംഘർഷങ്ങളുടെ കഥയാണ് അല്ല ജീവിതമാണ്.പറയുന്നവരൊക്കെയും ഖിന്നരാണ്.
എല്ലായിടത്തും ഇങ്ങിനെയൊക്കെയാണോ എന്നെനിക്കറിയില്ല. ഞാൻ പറയുന്നത് മലയാളികുടുംബങ്ങളിലെ അകത്തള അസന്തുഷ്ട കാലുഷ്യത്തിന്റെ കാര്യങ്ങളാണ്.
കുറേയേറെ സ്നേഹിതന്മാരും, തലമുതിർന്ന മറ്റു പലരും നിത്യേന പറഞ്ഞു കേൾക്കുന്ന അതീവ ദയനീയമായ അനുഭവ സത്യങ്ങൾ.
ഒരു വസ്തുതാന്വേഷണ വിശകലനത്തിന് ഒരുങ്ങുമ്പോൾ ഇത്തിരി അടിസ്ഥാന കണക്കുകൾ ആവശ്യമായി വരും.

ലഭ്യമായ കണക്കുകൾ അനുസരിച്ച് ഇപ്പോഴത്തെ കേരള ജനസംഖ്യ 3. 62 കോടിയാണ്.
അതായത് സൂക്ഷ്മമായ കണക്കിൽ മൂന്ന് കോടി 62 ലക്ഷത്തി 39000.
പുരുഷന്മാർ ഒരു കോടി 74 ലക്ഷത്തി പതിനോരായിരം.
സ്ത്രീകൾ ഒരുകോടി 88 ലക്ഷത്തി ഇരുപത്തിയെണ്ണായിരം.
ഇത്രയും ജനങ്ങൾ 90 ലക്ഷം വീടുകളിലായി ജീവിച്ചു വരുന്നു.
അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ആകെയുള്ള വീടുകളിൽ 12 ലക്ഷത്തോളം ആൾതാമസം ഇല്ലാതെ പൂട്ടിക്കിടക്കുന്നവയുമാണ്.
നാട്ടിൽ സ്വന്തമായി സ്ഥലമോ വീടോ യില്ലാത്ത കുടുംബങ്ങളുടെ എണ്ണവും ശുഷ്കമല്ല.
കുടുംബങ്ങളുടെ കണക്കായി 92 ലക്ഷം എന്നാണ് രേഖകളിൽ കാണുന്നത്.
നടേ സൂചിപ്പിച്ചത് ഈ വീടകങ്ങളിലെ മന: സംഘർഷങ്ങളെ കുറിച്ചും പരസ്പര പൊരുത്തമി ല്ലായ്മകളെ കുറിച്ചും തന്മൂലമുള്ള അസംതൃപ്ത ജീവിതങ്ങളെ കുറിച്ചുമാണ്.
അന്വേഷണത്തിൽ നിന്ന് ലഭിച്ച കാര്യകാരണങ്ങൾ കൂടി ചെറുതായൊന്ന് പരാമർശിക്കാം.
അസംതൃപ്തിയുടെയും, മനോ വിഷമങ്ങളുടെയും തദ്വാരയുണ്ടായ മന സംഘർഷങ്ങളുടെയും സകലമാന കാരണങ്ങളുമായി അറിയപ്പെടുന്നത് മദ്യ- ലഹരി ഉപയോഗവും തന്മൂലം തന്നെയുള്ള സാമ്പത്തിക അരക്ഷിതാവസ്ഥകളും ഞെരുക്കങ്ങളും പിന്നീടുണ്ടാകുന്ന കടബാദ്ധ്യതകളും തന്നെയാണ്.

അമിതമായ ഉപഭോഗ തൃഷ്ണ കൊണ്ട്, സുഖലോലുപതകൾ കാരണം കടക്കെണിയിൽ അകപ്പെട്ടവരാണ് ഒട്ടു മിക്ക കുടുംബങ്ങളും.
ഇതോടൊപ്പം തന്നെ ചേർത്തു പറയേണ്ടതാണ് ദേശീയ തൊഴിലില്ലായ്മാ പ്രശ്നങ്ങളും സംസ്ഥാനത്തെ തൊഴിൽ ലഭ്യതാ സാധ്യതക്കുറവും.
സമൂഹത്തിൽസമീപകാലങ്ങളിലാ യുണ്ടായി വന്ന രക്ഷിതാക്കൾക്ക് ഒരുവിധം പങ്കുകളും ഇല്ലാത്ത പ്രേമവിവാഹങ്ങൾ അതിന്റെ ആദ്യകാല മധുവിധു തീരുകയും കുറയുകയും ചെയ്യുന്നതോടൊപ്പം പിന്നീട് എത്തപ്പെടുന്നത് മുൻപിൻ വിചാരങ്ങളി ല്ലാത്ത വേർപിരിയലുകളിലേക്കാണ്.
തകർന്നു തരിപ്പണമാവുന്ന വിവാഹബന്ധങ്ങളിലെ നഷ്ട സാക്ഷ്യങ്ങളും ബലിയാടുകളുമാവുന്നത് അവർക്കുണ്ടായ പിഞ്ചു പൈതങ്ങളാണ്.

ഒറ്റ രക്ഷിതാവിന്റെ -single parents- പ്രയാസകരമായ സംരക്ഷണത്തിൽ വളർന്നുവരുന്ന ആ മക്കൾ അരക്ഷിതത്വ ബോധം അന്തരാളങ്ങളിൽ പേറി നിഷ്ക്രിയ രാവുകയോ ചെറിയ ഒരു ശതമാനമെ ങ്കിലും സാമൂഹിക ദ്രോഹികളായി മാറുകയോ ചെയ്യുന്നു എന്ന ദുരവസ്ഥയും കണ്ടുവരുന്നുണ്ട്.
കുടുംബങ്ങൾക്ക് അകത്തുള്ളത് വളരെ കുറച്ചു ആളുകളാണെങ്കിലും അവരോരുത്തരും ഒറ്റപ്പെടലിന്റെ മൗന വാല്മീകത്തിലാണ്.
ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് മലയാള മണ്ണിലെ മനോ ദുഃഖിത ആത്മഹത്യാ നിരക്കുകൾ.

കണക്കുകളിൽ കാണുന്നത് സ്വയംഹത്യയുടെ ശരാശരി പുരുഷന്മാർ 79% സ്ത്രീകൾ 21 ശതമാനവും.
ഇതു സംബന്ധിച്ച പഠനങ്ങളിൽ പറയുന്നത് പരസ്പരമുള്ള വിള്ളലുകളും യുവത്വ കാലത്തെ ദീർഘദൃഷ്ടിയില്ലായ്മയും അവബോധരാഹിത്യവുമാണ് എന്നതത്രെ.
എണ്ണമിട്ടു പറഞ്ഞാൽ

  1. കാഴ്ചപ്പാടിലെ വ്യത്യാസങ്ങൾ
  2. അനുസരണക്കേട്
  3. അമിതമായ ഉപഭോഗതൃഷ്ണ
  4. താരതമ്യങ്ങൾ
  5. സാമൂഹിക മാധ്യമങ്ങൾ
  6. അണു കുടുംബ വ്യവസ്ഥകൾ
  7. പരസ്പര മനസ്സറിയായ്ക അഥവാ സംവേദന ക്ഷമതയില്ലാതെയാവുക
    ഇതൊക്കെയും കാരണങ്ങളായി പറയപ്പെടുന്നുവെങ്കിലും ഇതൊന്നുമല്ലാത്ത അറിയപ്പെടാത്ത, വെളിവാക്കിയിട്ടില്ലാത്ത മറ്റനേകം കാരണങ്ങളുമുണ്ടാവാം.
    ആത്മഹത്യാ കണക്കുകളിലെ ലിംഗ വ്യത്യാസവും കൂടി ഇവിടെ പരാമർശിക്കുന്നത് നന്നായിരിക്കും
    31 മുതൽ 60 വയസ്സ് വരെയോ അതുമല്ലെങ്കിൽ 45 മുതൽ 60 വയസ്സ് വരെയോയുള്ള പുരുഷന്മാരിലാണ് ആത്മഹത്യ എത്തിനിൽക്കുന്നത്
    സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് കണക്കുകൾ കാണിക്കുന്നത്.
    മുകളിൽ സൂചിപ്പിച്ച കാര്യകാരണങ്ങളെ കൂടി ഉൾപ്പെടുത്തിയും അല്ലാതെയും ആകെയുള്ള സ്വയംഹത്യാ നിരക്കുകൾ വെളിപ്പെടുത്തുന്ന അതീവ ഗൗരവമായ മറ്റൊരു കണക്ക് ഈ പ്രവണതയ്ക്ക് അടിസ്ഥാനമായി ഭവിക്കുന്നതിൽ ഏകദേശം പകുതിയോളം കൃത്യമായി 47 ശതമാനത്തോളവും കുടുംബ പ്രശ്നങ്ങളാണ് എന്നത് മനസ്സാക്ഷിയിൽ ഞെട്ടലുണ്ടാക്കുന്നതുമാണ്.

കുട്ടി., മണ്ണാർക്കാട്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *