രചന : ബിന്ദു അരുവിപ്പുറം ✍️
ലഹരിയാൽ വീണൊരാഭ്രാന്തന്റെ ചിന്തകൾ
ചങ്ങലക്കെട്ടിന്റെയുള്ളിൽ പിടയ്ക്കയോ!
ആർത്തിയാൽ നക്കിത്തുടയ്ക്കും രുചിക്കൂട്ടാ-
ലോർമ്മകളെങ്ങോ പറന്നകലുന്നുവോ?
ഭ്രാന്തന്റെ ജല്പനം കേൾക്കുമാ ശ്വാനനും
കണ്ണുകൾ രണ്ടും വിടർത്തി നോക്കുന്നുവോ?
വറ്റിവരണ്ടതാം സ്വപ്നങ്ങളെല്ലാമ-
ശാന്തിതൻ മന്ത്രം നുണഞ്ഞിരിപ്പായിതോ?
വേട്ടപ്പിശാചുകൾ പിടിമുറുക്കുന്നുവോ,
വീട്ടിലവനൊരു ഭാരമാകുന്നുവോ?
കരയിൽ കിടന്നു പിടയുന്ന മത്സ്യമാ-
യീ മണ്ണിലാജന്മമിന്നു മാറുന്നുവോ?
രാത്രിയിൽ നിലതെറ്റി വീണതിൽ പിന്നെയാ-
കണ്ണുകളൊട്ടും തുറന്നീലിതുവരെ!
വിപ്ലവവീര്യങ്ങൾ കുത്തിക്കുറിച്ചവ-
രാർത്തിയാൽ കീറിമുറിച്ചിതോ ദേഹവും!
ഉന്മാദിനികൾക്കു കാലം കരുതിയ
വാരിക്കുഴിയായി നൊമ്പരമെക്കെയും.
ഉള്ളം മരവിക്കും കാഴ്ച്ചകളൊക്കയും
കണ്ടവർ കാണാത്തമട്ടിൽ കടന്നുവോ?
എല്ലാ പ്രതീക്ഷയുമറ്റുപോയീടവേ
നോവാൽ പിടയുന്നു മാനസം പിന്നെയും.
എന്നുമനീതിയ്ക്കെതിരെ ജ്വലിക്ക നാം,
വിപ്ലവഭ്രാന്തുമായ് പൊട്ടിത്തെറിച്ചിടാം.
