രചന : പ്രസീദ ദേവു ✍️
നിങ്ങളെൻ്റെ
മരണം വായിക്കുമ്പോൾ
കവിതയെഴുതി
മതിയാവാത്തവളുടെ
വിരലുകൾ വിറച്ചു
കിടക്കുന്നുണ്ടതിൽ,
പ്രണയിച്ചു
തോറ്റു പോയവളുടെ
ഹൃദയം മുറിഞ്ഞു
വീണീട്ടുണ്ടതിൽ,
നിസ്സഹയായ
പെണ്ണിന്റെ കരച്ചിൽ
തോർന്നു
പെയ്തിട്ടുണ്ടതിൽ ,
ഒരു കവിയെ
സ്നേഹിച്ച കുറ്റം കൊണ്ട്
നിങ്ങളെന്നെ ഓർത്തു പോയാൽ
എൻ്റെ വരികൾ
നിങ്ങളോട് അടക്കം പറയും ,
ആദരാഞ്ജലികളുടെ
അന്തിമോപചാരങ്ങളുടെ
നിലക്കാത്ത പ്രവാഹം
കൊണ്ട് നാളെ
ഞാനിവിടെ നിങ്ങളുടേതെന്ന
ഓർമ്മയിൽ നിറയും.
പെയ്തു പോവാത്ത
ഒരാൺമഴ
മൗനത്തിൻ്റെ കടിഞ്ഞാൽ
പൊട്ടിച്ച്
പെണ്ണേയെന്ന് ആർത്തിരമ്പും,
കുട്ടി ഉറങ്ങിക്കോളു എന്ന്
എന്നത്തെയും പോലെ ഒരാൾ
ദിനാന്ത്യ ചട്ടം തികയ്ക്കും, ‘
സ്നേഹിതർ,
ബഹുമാനിതർ,
ഞാനറിയാതെ
എന്നിൽ നിന്നു മുറിഞ്ഞു പോയവർ
എന്നെയൊന്നു കാണാൻ
അകലങ്ങളിൽ നിന്നു
കൊതിക്കും,
കുടുംബത്തിലെ
മൂന്നാംനെടുത്തൂണിൻ്റെ
നിഴലിനെ
കൂടപിറപ്പുകൾ
കെട്ടിപിടിച്ചലറും ,
അകലെയിരുന്നൊരാൾ
എന്നോടു പിണങ്ങിയോടീ
എന്നു കരഞ്ഞു വിളിക്കും.
മക്കളുടെ കണ്ണീരിൽ
എൻ്റെ ഗർഭപാത്രം
വിതുമ്പും,
കരയരുതെന്ന്
ഞാൻ പറയുമ്പോളെല്ലാം
എന്നെ പോലെ അനുസരണ കാട്ടാതെ
എൻ്റെ മൃതശരീരവും
നിലവിളിക്കും,
വേദനയും
ദുഃഖവും
ഹൃദയവും
പറിച്ചെറിഞ്ഞ്
സ്വയം ആത്മഹത്യ ചെയ്തവളുടെ
മരണത്തിൻ്റെ ദുരൂഹതയെ
ആരും ചോദ്യം ചെയ്യരുത്,
വായിച്ചു കഴിഞ്ഞാൽ
മടക്കി വെയ്ക്കുന്ന
പുസ്തകം പോലെ
ഞാനും ചിതലരിക്കും,
പഴയ വീടിൻ്റെ
പട്ടികത്തുമ്പാൽ
തട്ടി കളയുക
എന്നെയും കവിതയേയും ,
നിങ്ങളിലാർക്കും
അതീവസങ്കടമരുത്
ഒരിക്കൽ നിങ്ങളും
ഈ വഴി നടന്നു വരിക തന്നെ
ചെയ്യും,
ഇന്നത്തെ പോലെ
അന്ന് …..
ഞാൻ നിങ്ങളെ
കവിതയിലേയ്ക്കു
കൂട്ടി കൊണ്ടു പോകും ,
ഹൃദയത്തിൽ
അക്ഷരപൂക്കൾ മൂടും
