അത്രയും സ്നേഹം കൊണ്ടെന്നെ
ശ്വാസം മുട്ടിച്ച നേരങ്ങളിൽ
ഞാനയാളോട് ചോദിച്ചിട്ടുണ്ട് എങ്ങനെയാണ്
നിനക്കെന്നെ മനസ്സിലായതെന്ന്!!?
ഒരുവാക്ക് പോലും പറയാതെ
നിന്നിലേക്ക് നോക്കിയിരുന്ന എന്നെ
എങ്ങനെയാണ് നീയിങ്ങനെ ചേർത്തുപിടിച്ചതെന്ന്!!
എങ്ങനെയാണെന്റെ ചിന്തകളെ,
വേദനകളെ സങ്കടങ്ങളെ നിന്നിലേക്ക്
പകർത്താമെന്ന ചോദ്യചിഹ്നത്തിൽ
വിരലോടിക്കുമ്പോൾ നീയെങ്ങനെയാണ്
എന്നെ കുറിച്ചിത്രയേറെ എഴുതിയതെന്ന്!!
എന്റെ ദൃശ്യമാകാത്ത
മുറിവുകളുടെ എണ്ണത്തെ
നീ പറയുന്നതെങ്ങനെയാണെന്ന്!!
അതിശയം വേണ്ട…..
മുറിവുകൾ പൊറുപ്പിക്കുന്ന
വൈദ്യനേക്കാൾ ചില സമയങ്ങളിൽ
മുറിവുകളെ അലങ്കരിക്കുന്ന
എന്നെയാണ് നിനക്ക് വേണ്ടതെന്ന്
എനിക്കറിയാം,
നിന്റെ വേദനകളുടെ,
അദൃശ്യമുറിവുകളുടെ വേരുകളെ
വ്യക്തമാക്കി ഭൂപടം നിർമ്മിക്കാൻ
കഴിയുമെന്നെനിക്കിന്നറിയാം.
എന്നുമുതലെന്ന് നിനക്കറിയുമോ,
എന്റെ ഭൂപടത്തിൽ ആവിപറത്തിയിരുന്ന
മണൽപ്പാടങ്ങളിൽ സ്നേഹത്തിന്റെ പച്ചപ്പ്
തുന്നിച്ചേർക്കാൻ നീ വന്നതിന്റെ
തൊട്ട് മുൻപ് മുതലാണത്.🖤

By ivayana

Leave a Reply

Your email address will not be published. Required fields are marked *