നിന്നെ ഞാൻ കണ്ടത്
ഇന്നലെയുടെ വഴികളിൽ മാത്രമല്ല
മഴയായി പെയ്തിറങ്ങിയ
മേഘങ്ങളുടെ സ്വപ്നങ്ങളിലും
തിരമാല മായ്ച്ചുകളഞ്ഞ
മണൽപ്പുറത്തെ കഥകളിലും
പുലരിക്കാറ്റിൽ ഒഴുകിയെത്തിയ
പൂവിന്റെ മൗനസുഗന്ധത്തിലും
ഇന്ന് നിന്റെ പുഞ്ചിരി
ഒരു പുതിയ പുലരിയാകാം
എന്നാൽ അതിന്റെ ചൂട്
എനിക്ക് ജന്മങ്ങളുടെ പരിചയമാണ്
ഹൃദയം അറിയുന്നു
കാലത്തിന്റെ അതിരുകൾക്കപ്പുറം
പരിചയപ്പെട്ടൊരു സാന്നിധ്യമാണിത്
നീ അരികിലുണ്ടെങ്കിൽ
നിമിഷങ്ങൾ പൂക്കളായി വിടരുന്നു
നീ അകലെയായാലും
ഓർമ്മകൾ വഴിതെറ്റുന്നില്ല
കാരണം പ്രണയം എന്നത്
ഒരാളെ സ്വന്തമാക്കലല്ല
യുഗങ്ങളുടെ ഇരുണ്ട പാതകളിൽ
ഒരേ ആത്മാവിനെ
വീണ്ടും കണ്ടെത്തിക്കൊണ്ടിരിക്കുക
എന്നതാണ്.

യൂനസ് മണത്തല

By ivayana