ഉന്നതികളിൽ ഉറവിടങ്ങൾ ജനിക്കുന്നു
ഔന്നത്യങ്ങളിൽ ഭവ്യത പിറക്കുന്നു
ഒരു പിച്ചളപ്പൂട്ട് അകലം വരുത്തുന്നു
ഒരു കീറത്തുണി തീണ്ടൽ തുപ്പൽ മറയ്ക്കുന്നു.

മദിച്ചുന്മത്തരായവർ ചത തിന്ന് കൊഴുത്തു
മഞ്ഞിൻ കുളിർ പുതച്ച പ്രഭാതത്തിൽ കൊഴുപ്പ്
വിയർപ്പിക്കാൻ ചതകുലുക്കി ഓടിയൊരിന്നെവിടെ
വിയർപ്പിൻ സാഗര തിരയെടുത്തോ.

കൊതിച്ചുകേറുന്നു സൗഹൃദം പുണരാൻ
ലിപ്‌ലോക്കിൽ ക്ഷോഭിച്ച തെരുവുകൾ വിജനം
ലോക് ഡൗണിൽ മാസ്കുകൾ ലിപ്സ്റ്റിക്ക്
കമ്പനികൾ പൂട്ടിച്ചു പകപോക്കി.
മധുര ലേപന അധരയുഗ്മ സംഗമംത്തിനായ്
ചാവാലികൾ കന്നിമാസ തേരോട്ടത്തിനായ്
കവലകൾ നിരങ്ങാൻ കൊതിക്കുന്നു.

അറിവും വിത്തവും ഗർവും വീണപൂവായ്
ശോക ഗന്ധം വിതച്ചു കാറ്റിൽ പാടി കരഞ്ഞു
പാതയോരത്തെ തെണ്ടിയും ധനാഢ്യനും
സാഹിത്യ പുംഗവനും കോവിഡിന് തൃണസമം
.
അതിരുകൾ കാത്ത മാനവ മാനസങ്ങൾ
ജനിപ്പിച്ചു വളർത്തിയ മൃത്തിലെ ദൈവങ്ങൾ
അന്നം മുട്ടി കേഴുന്നു എങ്കിലും ഏക പരംപൊരുൾ നിത്യ സത്യമാകുന്നു.
ആൾ ദൈവങ്ങൾ ആലിംഗനങ്ങൾക്ക്
ഹർത്താൽ പ്രഖ്യാപിച്ചു.
.
വഴി മുടക്കിയ കാക്കികളെ മനസാ ശപിക്കുന്ന വാലാട്ടികിളികൾ ബൈക്കിൻ ദിശമാറ്റി നവ ഊടു വഴികളുടെ ഗവേഷണത്തിൽ ഡോക്റ്ററേറ്റിന് തീസിസും
സമർപ്പിച്ചു ഇന്ധനംതീർന്ന വണ്ടി ഉന്തുന്നു.

മതങ്ങൾ സ്നാനംനടത്തി കോവിഡ് മാറിയില്ല
പുണ്യാഹവും പൂജയും നടത്തി കോവിഡ് മാറിയില്ല
നിസ്കാരം നടത്തിയിട്ടും കോവിഡ് മാറിയില്ല.
കോവിടെ നീയൊരു സോഷ്യലിസ്റ്റ് നിശ്ചയം

വെള്ളരിപ്രാക്കളെ നിങ്ങൾ ഭൂമിയിലെ മാലാഖമാർ.
നിങ്ങൾ തൻ പരിചരണം മർത്യനെ
ചിരഞ്ജീവിയാക്കും
നഴ്‌സമ്മെ നിങ്ങൾ മണ്ണിലെ ദൈവങ്ങൾ.
നഴ്‌സ്മ്മെ സലാം…

അനിൽ പി ശിവശക്തി

By ivayana