രചന : റഫീഖ് പുളിഞ്ഞൽ ✍️
അടുത്തിരുന്നെങ്കിലും,
എന്നിലേക്ക് എത്താൻ കഴിയാത്ത
ഒരു ദ്വീപുപോലെയായിരുന്നു നീ.
നിന്റെ തോളിൽ
എന്റെ നിഴൽ വീണിരുന്നു;
പക്ഷേ
എന്റെ ഏകാന്തതയ്ക്ക്
വിശ്രമിക്കാൻ
ഒരു ചുമൽ പോലും കിട്ടിയില്ല.
ചിരിച്ചെങ്കിലും,
ആ ചിരിയുടെ പിന്നിൽ
കണ്ണാടിക്കുള്ളിൽ
വിള്ളൽ ഒളിപ്പിച്ച
ഒരു വിളക്കുണ്ടായിരുന്നു.
മിണ്ടിയെങ്കിലും,
ഓരോ വാക്കും
ചുണ്ടിലെത്തും മുമ്പേ
തൊണ്ടയിൽ കുരുങ്ങിമരിച്ച
ചെറിയ പക്ഷികളായിരുന്നു.
ഞാൻ നിന്നോടൊപ്പം നടന്ന വഴികളിൽ
ഇന്നും എന്റെ കാൽപ്പാടുകളില്ല—
മഴവന്നാൽ ആദ്യം
മായുന്നത്
കാത്തിരിപ്പുകളാണല്ലോ.
രാത്രി
എന്റെ ജനാലയിൽ വന്ന്
ചന്ദ്രനെ തൂക്കിയിട്ടു;
പക്ഷേ
അതിന്റെ വെളിച്ചം പോലും
എന്റെ മുറിയിലെത്താൻ
വഴി മറന്നുപോയിരുന്നു.
നെഞ്ചിനുള്ളിൽ
ഒരു പഴയ കിണറുണ്ട്—
ഓരോ ഓർമ്മയും
അതിലേക്ക് വീഴുന്ന
കല്ലിന്റെ ശബ്ദം മാത്രം;
വെള്ളം
കാലങ്ങൾക്ക് മുമ്പേ
ദാഹം കുടിച്ച് തീർന്നിരുന്നു.
ഞാൻ ഇന്നും
മനുഷ്യരുടെ ഇടയിൽ നടക്കുന്നു.
പക്ഷേ
എന്റെ ഉള്ളിൽ
ആരോ താമസിച്ചിരുന്ന
ഒരു വീട് മാത്രം
ചുമരുകളിൽ
ചിരിയുടെ മങ്ങിയ പാടുകൾ…
വാതിലിൽ
തിരികെ വരാത്ത കാൽപ്പാടുകളുടെ പൊടി…
ജനാലയിൽ
കാത്തിരിപ്പ് നെയ്ത ചിലന്തിവല…
മുറ്റത്ത്
പൂക്കാൻ മറന്ന ഒരു വസന്തം…
അതിന്റെ നടുവിൽ,
ഇടിഞ്ഞുവീഴാതിരിക്കാൻ മാത്രം
സ്വയം താങ്ങിനിൽക്കുന്ന
ഒരു മനുഷ്യൻ…

