ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് “Self Love.”
നാൽപതുകൾ കഴിഞ്ഞാൽ നമ്മൾ നമ്മളിലേക്ക് മടങ്ങണം എന്ന് പലരും പറയുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്യണം.
ഒറ്റയ്ക്ക് കോഫി കുടിക്കണം.
ഒറ്റയ്ക്ക് സിനിമ കാണണം.
ഒറ്റയ്ക്ക് സന്തോഷിക്കാൻ പഠിക്കണം.

ഒറ്റപ്പെടലിനെ പോലും ഒരു സൗന്ദര്യമായി അവതരിപ്പിക്കുന്ന കാലമാണിത്.
പക്ഷേ, എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്…
നാൽപതുകൾക്ക് ശേഷമുള്ള ഒറ്റപ്പെടൽ ഒരു യാഥാർഥ്യമാണ്.
പക്ഷേ അതിനെ ‘Self Love’ എന്ന് വിളിക്കുന്നത് എല്ലായ്പ്പോഴും സത്യമായിരിക്കണമെന്നില്ല.
കാരണം മനുഷ്യൻ അടിസ്ഥാനപരമായി ഒരു സാമൂഹിക ജീവിയാണ്.
നമ്മുടെ സന്തോഷങ്ങളിൽ പോലും മറ്റൊരാളുടെ സാന്നിധ്യം തേടുന്നവരാണ് നമ്മൾ.
അതുകൊണ്ടാണല്ലോ സോഷ്യൽ മീഡിയക്കു ഇത്ര പ്രസക്തി.
ഒരാൾ നമ്മുടെ ദിവസം എങ്ങനെയായിരുന്നു എന്ന് ചോദിക്കുമ്പോൾ,
നമ്മൾ പറയുന്ന ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചു കേൾക്കുമ്പോൾ,
നമ്മോടൊപ്പം ഇരുന്ന് ഒരു കോഫി കുടിക്കുമ്പോൾ,
ഒന്നും പറയാതെ നമ്മുടെ കൈ പിടിക്കുമ്പോൾ,
ഒരു മോശം ദിവസം കഴിഞ്ഞ് നമ്മളെ ചേർത്തുപിടിക്കുമ്പോൾ…
അവിടെ ഉണ്ടാകുന്ന ഒരു ആശ്വാസമുണ്ട്.

അതിന് പകരം വെക്കാൻ എത്ര മനോഹരമായ ‘self-care’ വാക്കുകൾ കൊണ്ടുവന്നാലും കഴിയില്ല.
കാരണം സ്നേഹമെന്നത് ഒറ്റയ്ക്ക് അനുഭവിക്കാനുള്ള ഒന്നല്ല.
പങ്കുവെക്കുമ്പോഴാണ് അതിന്റെ പൂർണ്ണത അനുഭവപ്പെടുന്നത്.
നമുക്ക് കടൽക്കരയിൽ ഒറ്റയ്ക്ക് ഇരുന്ന് സൂര്യാസ്തമയം കാണാം.
അത് മനോഹരമാണ്.
പക്ഷേ, അതേ സൂര്യാസ്തമയം കണ്ടിട്ട്,
“നോക്കൂ… എത്ര മനോഹരം.”
എന്ന് പറയാൻ ഒരാൾ അരികിലുണ്ടാകുമ്പോൾ ആ നിമിഷം എത്ര മനോഹരമാണ്.
നമ്മൾ ഒറ്റയ്ക്ക് യാത്ര പോകാം.
ഒരു മലമുകളിൽ കയറി നിന്ന് കാഴ്ചകൾ കണ്ട് കാറ്റിനെ ആസ്വദിക്കാം.
ഒരു റെസ്റ്റോറന്റിലിരുന്ന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം.
പക്ഷേ ചില നിമിഷങ്ങളിൽ നമ്മുടെ ഉള്ളിൽ നിന്ന് ഒരു ചെറിയ ചോദ്യം ഉയരും…
“ഇത് ആരോടെങ്കിലും പങ്കുവെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…”
ആ ചോദ്യം കേവലം ദൗർബല്യമല്ല.

അതു നമ്മുടെ മനസ്സിന്റെ ആവശ്യമാണ്,
നാൽപതുകൾക്ക് ശേഷമുള്ള ഒറ്റപ്പെടൽ പലപ്പോഴും നമ്മൾ തിരഞ്ഞെടുക്കുന്നതല്ല.
ജീവിതം നമ്മളെ അവിടേക്ക് കൊണ്ടെത്തിക്കുന്നതാണ്.
കുട്ടികൾ വളർന്നു സ്വന്തം ലോകങ്ങളിലേക്ക് പോകുന്നു.
ബന്ധങ്ങൾ മാറുന്നു.
സുഹൃത്തുക്കൾക്ക് അവരുടെ കുടുംബവും ഉത്തരവാദിത്വങ്ങളും ഉണ്ടാകുന്നു.
ചില വിവാഹബന്ധങ്ങൾ പേരിൽ മാത്രം ബാക്കിയാകുന്നു.
ചില ബന്ധങ്ങൾ അവസാനിക്കുന്നു.
ചിലർ ഒരിക്കലും തിരിച്ചുവരാത്തവിധം നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നുപോകുന്നു.
അങ്ങനെ ഒരു ദിവസം…
വീട്ടിൽ എല്ലാവരും ഉണ്ടായിരുന്ന കാലം കഴിഞ്ഞ്,
നമ്മുടെ മുറിയിൽ നമ്മൾ മാത്രം ബാക്കിയാകുന്നു.
അപ്പോഴാണ് നമ്മൾ പറയാൻ തുടങ്ങുന്നത്
“എനിക്ക് ആരെയും ആവശ്യമില്ല.
ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നു.”
ഒരുപക്ഷേ അത് ആത്മവിശ്വാസത്തിന്റെ വാക്കായിരിക്കാം.
പക്ഷേ ചിലപ്പോൾ…

അത് നമ്മുടെ വേദനയെ മറയ്ക്കാനുള്ള ഒരു മനോഹരമായ വാചകം മാത്രമായിരിക്കാം.
സ്വയം സ്നേഹിക്കണം. വേണ്ടെന്ന് പറയുന്നില്ല, പക്ഷെ പരസ്പരം അർഹിക്കുന്നവർ തമ്മിൽ പകരാനും കഴിയണം
നമ്മളെ നമ്മൾ സ്നേഹിക്കുമ്പോഴും
മറ്റൊരാളുടെ തോളിൽ തല ചായ്ക്കാൻ തോന്നാം.
നമ്മൾ സ്വതന്ത്രരായിരിക്കുമ്പോഴും
ഒരാളുടെ കൈ പിടിച്ച് നടക്കാൻ ആഗ്രഹിക്കാം.
നമ്മൾ സ്വയം പര്യാപ്തരായിരിക്കുമ്പോഴും
“ഇന്ന് എങ്ങനെയുണ്ടായിരുന്നു?” എന്ന് ആത്മാർത്ഥമായി ചോദിക്കുന്ന ഒരാളെ ആഗ്രഹിക്കുന്നുണ്ട്
അതിൽ യാതൊരു വൈരുദ്ധ്യവുമില്ല.
സ്വയം സ്നേഹിക്കുക എന്നത്
“എനിക്ക് ആരെയും ആവശ്യമില്ല” എന്നല്ല.
മറിച്ച്
“എനിക്ക് എന്നെ നഷ്ടപ്പെടുത്താതെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയും”
എന്നതായിരിക്കണം.
നാൽപതുകൾക്ക് ശേഷം നമ്മൾ പ്രണയത്തെ കുറിച്ച് കുറച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നു.

യൗവനത്തിലെ പ്രണയത്തിന് പലപ്പോഴും സ്വന്തമാക്കാനുള്ള തിടുക്കമുണ്ടാകും.
പക്ഷേ നാൽപതുകൾക്ക് ശേഷമുള്ള പ്രണയത്തിന്…
ഒരു കസേര കൂടി മതി.
ഒരു കപ്പ് കോഫി കൂടി മതി.
ദിവസം മുഴുവൻ സംസാരിക്കേണ്ടതില്ല.
പക്ഷേ സംസാരിക്കുമ്പോൾ മനസ്സിലാകണം.
ഒരുപാട് വാഗ്ദാനങ്ങൾ വേണ്ട.
പക്ഷേ കൂടെയുണ്ടെന്നൊരു ഉറപ്പ് മതി.
ശരീരത്തിനപ്പുറം മനസ്സിനെ കാണുന്ന ഒരാൾ.
നമ്മുടെ വിജയങ്ങൾ മാത്രമല്ല, നമ്മുടെ ഭയങ്ങളും കേൾക്കുന്ന ഒരാൾ.
നമ്മുടെ പഴയ മുറിവുകളെ ആയുധമാക്കാതെ, അവിടെ പതുക്കെ തലോടുന്ന ഒരാൾ.
അങ്ങനെയൊരു കൂട്ടാണ് ഒരുപക്ഷേ നാൽപതുകൾക്ക് ശേഷമുള്ള ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഡംബരം.

ജീവിതത്തിന്റെ ഈ ഘട്ടത്തിൽ നമുക്ക് ആവശ്യമുള്ളത് ഒരുപക്ഷേ ഒരു രക്ഷകനെയല്ല.
ഒരു കൂട്ടുകാരനെയാണ്, അല്ലെങ്കിൽ ഒരു കൂട്ടുകാരിയെ.
നമ്മുടെ ജീവിതം ഏറ്റെടുക്കാൻ വരുന്ന ഒരാളെയല്ല.
നമ്മോടൊപ്പം ജീവിതം പങ്കിടാൻ വരുന്ന ഒരാളെ .
നമ്മുടെയുള്ളിൽ ശൂന്യത നിറയ്ക്കാൻ വരുന്ന ഒരാളെയല്ല.
നമ്മൾ ഇതിനകം നിറച്ചുവെച്ച ജീവിതത്തിൽ ഒരു കസേര കൂടി വലിച്ചിട്ട് ഇരിക്കാൻ തയ്യാറുള്ള ഒരാൾ.
കാരണം…
ഒറ്റയ്ക്ക് സന്തോഷിക്കാൻ പഠിക്കുന്നത് മനോഹരമാണ്.
പക്ഷേ സന്തോഷം പങ്കിടാൻ ഒരാളെ കണ്ടെത്തുന്നത് അതിലും മനോഹരമാണ്.
നാൽപതുകൾക്ക് ശേഷമുള്ള ജീവിതം സ്വയം കണ്ടെത്താനുള്ള കാലമാണെന്ന് പലരും പറയുന്നു.
എനിക്ക് തോന്നുന്നത് അത് സ്വയം കണ്ടെത്തിയ ശേഷം, നമ്മളിലേക്ക് മറ്റൊരാളെ അനുവദിക്കാൻ പഠിക്കുന്ന കാലം കൂടിയാണ്.

ഇത്രയും കാലം മറ്റുള്ളവർക്കായി ജീവിച്ച ശേഷം…
ഒരിക്കൽ നമ്മളിലേക്കും മടങ്ങിവരാം.
പക്ഷേ ആ മടക്കം മറ്റുള്ളവരിൽ നിന്ന് അകന്നുപോകലാകരുത്.
അത് നമ്മളെ കൂടുതൽ സ്നേഹിക്കാനും,
കൂടുതൽ സത്യസന്ധമായി ഒരാളെ സ്നേഹിക്കാനും കഴിയുന്ന ഒരു മടക്കമാകണം.
നാൽപതുകൾക്ക് ശേഷമുള്ള യഥാർത്ഥ ‘Self Love’ ഒരുപക്ഷേ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കുന്നതല്ല.
മറിച്ച്…

ഒറ്റയ്ക്ക് ജീവിച്ചാലും തകർന്നുപോകാത്തത്ര ശക്തരായി,
ഒരാളെ സ്നേഹിച്ചാലും നമ്മളെ നഷ്ടപ്പെടുത്താത്തത്ര ബോധമുള്ളവരായി,
വീണ്ടും ഒരാളുടെ കൈ പിടിക്കാൻ ഭയപ്പെടാത്തത്ര സുഖപ്പെട്ടവരായി
നമ്മളിലേക്ക് തന്നെ മടങ്ങിയെത്തുന്നതാണ്.
അതായിരിക്കാം…
നാൽപതുകൾക്ക് ശേഷമുള്ള യഥാർത്ഥ സ്വയം മടക്കം.

സംഗീത ഹരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *