World Alzheimer’s Day. മറവിയുടെ താഴ്വാരങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എത്രയോ പേർ നമുക്ക് ചുറ്റും…

ഇന്നെന്‍ മനസ്സിന്‍ അകത്തളത്തില്‍ എത്ര
മര്‍മ്മരങ്ങള്‍, വ്യഥ തന്‍ സ്വരങ്ങള്‍
മിന്നലു പോലെ വന്നെത്തുന്നു മായുന്നു
ചിന്തയിലേതോ നിഴലുകളും

എന്തു കൊണ്ടോര്‍ക്കുവാനാവുന്നതില്ലയെന്‍
മുന്നില്‍ നിരക്കും മുഖങ്ങളൊന്നും
കൊഞ്ചി, “അപ്പൂപ്പ”നെന്നോതി വന്നെത്തുന്ന
കണ്മണി തന്നുടെ പേരു പോലും?

പോയ കാലത്തിന്‍റെയോര്‍മ തന്‍ ചിന്തുകള്‍
ചാറലായ് ഉള്ളില്‍ വന്നെത്തിടുമ്പോള്‍
ആഴക്കടലിലെ മുത്തുകളെന്ന പോല്‍
ചേര്‍ത്തുവച്ചീടുന്നു നെഞ്ചകത്തില്‍

ഇന്നു ഞാനേകനായ് നില്ക്കുന്നു, മല്‍സഖി-
യെങ്ങോ മറഞ്ഞു വിദൂരതയില്‍
വിങ്ങുന്നു മാനസം, പെയ്യുന്നു നൊമ്പരം
ഇല്ലൊരു സാന്ത്വനസ്പര്‍ശമെങ്ങും

ദൂരെ ഇരുളും കനക്കുന്നു, മൂകമായ്
നീളും വിജനതയെന്‍റെ മുന്നില്‍
ഓരിയിട്ടെത്തും കുറുനരിക്കൂട്ടങ്ങള്‍
മാനസം ഭീതിയാൽ നൊന്തിടുന്നു.

മങ്ങിയ മാമക ചില്ലുപാത്രത്തിലായ്
ചെഞ്ചോര മെല്ലെ നിറഞ്ഞീടവേ
നൊമ്പരമില്ലാത്ത താഴ് വാരമൊന്നിതില്‍
സഞ്ചരിച്ചീടാന്‍ കൊതിച്ചിടുന്നു.

ശ്രീദേവി വിജയന്‍

By ivayana

Leave a Reply

Your email address will not be published. Required fields are marked *