രചന : ശ്രീകല മോഹൻദാസ് ✍️
പണ്ട് പേർഷ്യയിൽ നിന്ന് പെട്ടിയും പ്രമാണവുമൊക്കെയായി
അവധിക്കു വരുന്ന പേർഷ്യക്കാരൻ..
കൊല്ലത്തിലൊരിക്കലോ രണ്ടു കൊല്ലം
കൂടുമ്പൊഴോ ഒക്കെയാണ് അവരുടെ വരവ്..
വരുന്നതിന് രണ്ടു മൂന്നു മാസം മുമ്പു മുതൽ
വരാനുള്ള സന്നാഹങ്ങൾ തുടങ്ങും.
മണമുള്ള സോപ്പ്, പൗഡർ, സ്പ്രേ തുടങ്ങി
സാരി, ബ്ലൗസ് പീസ് സിഗരറ്റ്,
ഷർട്ടിനു തുണി, പേർഷ്യൻ മുണ്ട് അങ്ങനെ നാട്ടിൽ കിട്ടാത്ത പലതും വാങ്ങി
പെട്ടി നിറയ്ക്കും…
അന്നത്തെ പേർഷ്യൻ മുണ്ട് എന്ന് പറയുന്നത്
വലിയ വട്ടത്തിൽ പൂക്കളും ഡിസൈനുകളുമൊക്കെമായി
പള പളാ മിനുങ്ങുന്ന .പാവാട പോലെ കൂട്ടിയടിച്ച ഒന്നാണ്…
ആദ്യമായ് വരുമ്പോൾ ആളാം വീതം എല്ലാവർക്കും എന്തെങ്കിലുമൊക്കെ വാങ്ങും..
തൊട്ടയൽക്കാരും കൂട്ടുകാരു മൊക്കെ അതിൽ പെടും…
വരുന്നു എന്നു കേൾക്കുമ്പോൾ തന്നെ വീട്ടുകാരും കൂട്ടുകാരും
ദിവസമെണ്ണി കാത്തിരിപ്പു തുടങ്ങും.
മിക്കവാറും കൂട്ടിക്കൊണ്ട് വരാൻ
ടാക്സി വിളിച്ച് എയർ പോർട്ടിലേക്ക്
എല്ലാരും കൂടി ഒരു പോക്കുണ്ട്..
വീട്ടിൽ വന്നു കഴിഞ്ഞാൽ പെട്ടി തുറക്കൽ
വലിയൊരു ചടങ്ങാണ്…
കെട്ടിച്ചു വിട്ട സഹോദരി മാരൊക്കെ ഭർത്താവും കുഞ്ഞു കുട്ടികളുമടക്കാം
തലേന്നു തന്നെ എത്തിയിരിക്കും..
ആദ്യ വരവാണെങ്കിൽ മിക്കവാറും
മൂത്ത സഹോദരിക്കാവും
പെട്ടി തുറക്കാനുള്ള നിയോഗം ഉണ്ടാവുക..
വിവാഹിതനാണെങ്കിൽ ഭാര്യക്കുള്ള സാരി
ആരും കാണാതെ ഈ ബഹളത്തിനിടയിൽ നിന്നു മാറ്റാൻ പാടു പെടും.. 😄
മിക്കവാറും ഈ കൂട്ടത്തിൽ ഒരു ടേപ്പ് റെക്കോർഡറും ഉണ്ടായിരിക്കും..
അത് പ്രത്യേകം കയ്യിൽ പിടിച്ചിട്ടാണ് വരിക..
ദാസേട്ടന്റെ സിനിമാ പാട്ടുകൾ ഉൾപ്പെടുന്ന
കാസറ്റുകളും ഉണ്ടാവും.
പിന്നെ പേർഷ്യക്കാരൻ പോകും വരെ
വലിയ ശബ്ദത്തിൽ പാട്ടു കേൾക്കാം..
വന്ന് പിറ്റേന്ന് മുതൽ കൂട്ടുകാർ കൊടുത്തയച്ച സാധനങ്ങൾ
അവരവരുടെ വീടുകളിൽ എത്തിക്കാനുള്ള യാത്ര തുടങ്ങും…
പിന്നെ ഭാര്യ വീട്ടിലും സഹോദരിമാരുടെ
വീട്ടിലും ഒക്കെയായി വിരുന്നു പോക്ക്..
അങ്ങനെ എല്ലാം കഴിയുമ്പൊഴേക്കും
തിരിച്ചു പൊക്കിനുള്ള സമയമായി…
രണ്ടു വർഷത്തെ മണലാരണ്യ വാസത്തിനു ശേഷം ലഭിക്കുന്ന
കുളിർ കാറ്റു തഴുകുമ്പോല ത്തെ കുറച്ചു ദിനങ്ങൾ…
വീണ്ടും കണ്ണീരോടെ ഒരു മടക്ക യാത്ര.
അനുഭവച്ചൂടിൽ ഓർമ്മകൾ വെന്തുരുകുമ്പോൾ
ഗൃഹാതുരത്വത്തോടെ ഈ ചിത്രത്തിലേക്കു
വീണ്ടും വീണ്ടും നോക്കാതി രിക്കാനാവുന്നില്ല….
