രചന : മരിയ തോപ്പിൽ ✍️
ഉതിർന്ന ഇലകൾക്കൊപ്പം
കരിയിലകൾക്കിടയിൽ
മറഞ്ഞ മായാമാകന്ദത്തിന്റെ
സുഗന്ധം പോലെ…
പോയ കാലം
ഓർമ്മയുടെ നേർത്ത
വിരലുകളാൽ
എന്നെ വീണ്ടും തൊടുകയായ്
സൂര്യന്റെ അഗ്നിയിൽ
കരിഞ്ഞുപോയ ഭൂമിയുടെ
വിള്ളലുകളിലേക്ക്
വീണൊരു മഴത്തുള്ളിയാൽ…
ഉറങ്ങിക്കിടന്ന ബീജങ്ങൾക്ക്
വീണ്ടും മുളപൊട്ടുകയായ്..
കാട് തളിർക്കുകയായ്
നിശ്ശബ്ദതയുടെ മാറിൽ
സ്വപ്നങ്ങൾ പൂക്കുകയായ്
മരിച്ചുപോയെന്ന് കരുതിയ
പ്രതീക്ഷകൾ പോലും
പച്ചപ്പിന്റെ നാമ്പുകളായി
മണ്ണിൽ നിന്ന്
ഉയിർത്തെഴുന്നേൽക്കുകയായ് .
നിലാവ് മാഞ്ഞ
അർദ്ധരാവിൽ
ജനാലയ്ക്കരികിൽ
കഴിഞ്ഞകാലത്തിന്റെ
മുഗ്ധമാം ഓർമ്മകൾ
ചിറകടിക്കുന്നു…
തിരികെ വരാത്ത വസന്തമായ്
പെയ്തുതീരാത്ത മഴയായ്
മായാതെ കിടക്കുന്ന സുഗന്ധമായ്
എന്റെ ഉള്ളിൽ
കാലത്തിന്റെ അടയാളങ്ങളായ്
ഇന്നും ജീവിക്കുകയായ്
അരുണോദയത്തിൽ
ആസക്തിയിൽ ക്ഷീണിച്ച
കിളികൾ പോലും
മയക്കം വിട്ടുണർന്നില്ല…
പുതിയൊരു പ്രഭാതത്തെ
സ്വപ്നം കണ്ടുകൊണ്ടാവാം.
എങ്കിലും…
ഉണരൂ…
നീര് വറ്റിയ ഇടത്തിൽ നിന്ന്
പുതിയൊരു കാട് പിറക്കുകയായ്..
പച്ചയണിഞ്ഞ കാട്ടിലൂടെ
നാം വീണ്ടും
സ്വച്ഛമായി വിഹരിക്കുകയായ്
ഉണങ്ങിയ ഇലകൾക്കപ്പുറം
ഒരു തളിരായ്
ഇരുളിനപ്പുറം
ഒരു പുലരിയായ്
മറവിക്കപ്പുറം
മായാത്തൊരു സുഗന്ധവുമായ്
വീണ്ടും പൂക്കാനുള്ള
സ്വപ്നമാണ്..
