രചന : പ്രസീദ , എം.എൻ. ദേവു ✍
എന്റെ ഉടുപ്പ്
നിന്റെ ഉടുപ്പ് പോലെ
ആവണ ദിവസം ,
എന്റെ അടുപ്പ്
നിന്റെയുമാവണം
പുരുഷാ,
നിന്റെ ദൈവം
എന്റെ കൂടി ആവുന്ന കാലം
ഞാനവിടുത്തെ
പരികർമ്മിയോ ,
പള്ളിലച്ചിയോ
മൊയ്ലാരത്തിയേലും
ആവണം,
നിന്റെ മതം
നമ്മുടെയെല്ലാവരുടെയും
കൂടിയാവുമ്പോൾ
അവിടുത്തെ
മതപണ്ഡിതകളായി
എന്നെയും എന്റെയൊപ്പമുള്ള
സ്ത്രീകളെയും
വാഴ്ത്തണം ,
ജാതികളേറെയുള്ള
നാട്ടിൽ
മനുഷ്യ ജാതിക്ക്
വിത്തും , വളമിട്ടു
പാകാൻ നേരം
നിന്റെ ഭൂമി
എനിക്കു നേർപകുതി
തന്നെ വേണം
നീ കള്ളനും
ഞാൻ കള്ളിയുമാവുമ്പോൾ ,
അതു തരക്കേടില്ല.
എങ്കിലും
അനുവാദം കൂടാതെയോ ,
കൂടിയിട്ടോ
നീയെന്നെ പ്രാപിച്ചാൽ
നീ വേശ്യനോ
തുല്യമായ പദവിയോ
ഏറ്റെടുക്കണം ,
എന്റെ രാജ്യത്തെ
ഏകീകൃത വ്യവസ്ഥയെ
ഞാനംഗീകരിക്കുന്ന
പക്ഷം.
ഭാഷയിലുള്ള
തെറി തൊട്ട് ,
വേഷത്തിലുള്ള
തുറിച്ച നോട്ടം വരെയൊക്കെയും
പപ്പാതി ഭാഗിക്കണം ,
ഇന്ത്യയിൽ വീണ്ടുമൊരു
പെൺ പ്രധാനമന്ത്രി,
കേരളത്തിലൊരു
പെൺ മുഖ്യമന്ത്രി,
അങ്ങനെയങ്ങനെ
എല്ലാം മാറണം …
ഞങ്ങളുടെ പേരിലുള്ള
പുഴകൾ നിങ്ങൾക്കു
തീറെഴുതാം
ഭവാനിയോ, നിളയോ , സരയൂവോ
ഏതെന്ന് നിങ്ങൾക്ക് നിശ്ചയിക്കാം ,
ഞങ്ങളുടെ തീണ്ടാരി, പേറ്.
ഒക്കെ നിങ്ങൾക്ക്
പാട്ടം തരാം …
പേറൊന്നിന് വെച്ച്
കണക്കിൽ വരവ് വെച്ചാൽ മതി.
തീണ്ടാരിക്കുള്ള വേദന
എത്ര സുഖകരമന്ന്
നിങ്ങൾക്കൊന്ന്
ബോദ്ധ്യപ്പെട്ടാൽ മതി.
പെൺകവികളും
ആൺകവികളും
സമന്വയിച്ച്
പോകുന്നതാണുത്തമം ,
നൂറു പെണ്ണിടങ്ങളും ,
നൂറ്റമ്പതു ആൺ കവിതകളും
ആവർത്തനമാവാതെ
ഒരുമിച്ചെഴുതാം. വായിക്കാം …
കള്ള നീതി കൊണ്ട്
രാഷ്ട്രീയം പായുമെന്ന്
വീണ്ടും വീണ്ടും
തെളിയിക്കപ്പെടുന്നതിനാൽ
ഈ കോഡിന്റെ സെക്സ്
ഒന്നു പറഞ്ഞാൽ
എനിക്കീ പേനയൊന്നു
നിലത്തു വെച്ചുറങ്ങാമായിരുന്നു.
