മരുഭൂമിയിലെ ശാന്തമായ സന്ധ്യയിൽ,
ഇളങ്കാറ്റലകളിലുലയുംശിരോവസ്ത്രവും
കുളിരില്‍ക്കൊരുത്ത കൈകളുമായവള്‍
അവന്‍റെ ചാരത്തണഞ്ഞിരുന്നു, മെല്ലേ.
കല്ലെറിയാനോങ്ങിയ കൈകൾക്കിടയിൽ-
നിന്നഭയം ചൊരിഞ്ഞ മിഴികളിലേക്കു നോക്കി,
മെല്ലെയവളുണർത്തിയൊരു ചോദ്യം:
“ഗുരോ! പാപിനിയെന്നു ലോകമെന്നെക്കണ്ടു.
വിലപേശിയതുമെന്നുടലിൻമാനം.
പക്ഷേ, നീയെന്നിൽ കണ്ടതെന്താണ്?
ദേവാലയധൂപസൗരഭ്യമോ?
അതോ മണ്ണിലുറ്റിയ ബാഷ്പകണങ്ങളോ?”
മന്ദഹാസത്തോടെ ശാന്തനാ,യവൻ
സന്ധ്യാകിരണപ്രഭനിറയുംമൊഴികളോടെ
സാന്ത്വനമായവളോടോതി:
“മറിയമേ, ലോകം കണ്ടതു നിൻമേനി;
ഞാൻ കണ്ടതു നിന്നാത്മാവിൻദാഹം.
നിന്നെ കല്ലെറിയാനോങ്ങിയ കൈകളിൽ
അവരുടെ പാപക്കറകൾ കണ്ടു ഞാന്‍.”
പാപിനിപ്പേരു ചുമക്കേണ്ടവളല്ല നീ;
സ്നേഹം തേടുമൊരു തീർത്ഥാടിക.
ആർദ്രമായവൾ ചോദിച്ചു വീണ്ടും:
“ഗുരോ, സ്നേഹമെന്നാലെന്താണ്?
വെറുമുടലുകൾതമ്മിലുള്ളൊരു
കൊടുക്കൽവാങ്ങലുകളോ?
അതോ വാനോളം പരന്നൊരു
മായതൻ മരീചികയോ?”
കരങ്ങൾ നീട്ടി, മണ്ണിനെ തൊട്ടറിഞ്ഞ്,
കാറ്റിലൊഴുകുംസുഗന്ധം തഴുകി,
അരുളിച്ചെയ്തവനപ്പോൾ:
“സ്നേഹമൊരു പുസ്തകംപോലേ,
ഇരുഹൃദയങ്ങളൊന്നായി
വായിച്ചെടുക്കേണ്ടുംവരികൾ;
ബാഹ്യലാവണ്യമല്ലതൊരിക്കലും.
മഴ നനയുംസായാഹ്നത്തില്‍
ഒന്നിച്ചിരിക്കാന്‍ ശാന്തമാമൊരിടം.
സ്വന്തമാത്മാവിനെയെന്നപോലേ
അന്യന്‍റെയാത്മാവിനെത്തൊട്ടറിയല്‍.
ഒരുമിച്ചുനടക്കുമ്പോൾ
നിശ്ശബ്ദതയിലും വാചാലമാകുംവഴികള്‍.
സ്വന്തം വീടുപോല്‍ ശാന്തി നല്കും-
ഹൃദയമത്രേ സത്യസ്നേഹം!”
തലകുനിച്ചവൾ ചോദിച്ചു വീണ്ടും:
“എന്നിട്ടുമെന്തേ ജഗത്തിൽ
വേദനയുമിത്രയേറെ വിദ്വേഷവും?
എന്തിനായ് വിചാരണ ചെയ്യുന്നു
മാനവർ മറ്റുള്ളവരെ?”
ശാന്തസ്വരത്തിൽ മൊഴിഞ്ഞിമ്മാനുവേൽ:
“തങ്ങളിലെയിരുട്ടിനെയവർ ഭയക്കുന്നു,
അതിനാലണയ്ക്കുന്നു
സഹജീവികൾതൻ ദീപനാളങ്ങൾ.
ദൈവത്തെത്തേടുന്നു മാനവർ വാനിൽ;
ദൈവമോ വസിക്കുന്നു
കരുണാർദ്രമനസ്സുകളിൽ.
മറിയമേ! മരമല്ല കുരിശുകൾ;
മരക്കുരിശുകളല്ലിവിടെ ഭാരങ്ങള്‍!
മാനവർ പേറുംസ്വാർത്ഥതയും
കണ്ണീരുമാണാ ഭാരങ്ങൾ.
ആ ചുമടൊഴിവാക്കുമവനത്രേ
സ്നേഹസ്വരൂപനാമൊരുവൻ!
അവനത്രേ സത്യപ്രവാചകൻ!
ആർദ്രതയോടെ വീണ്ടുമവൾ ചോദിച്ചു:
“ആ ഭാരം കുറയ്ക്കാനെനിക്കാവുമോ?
തനിച്ചായിപ്പോയൊരീ ജന്മത്തിനീ
ലോകത്തിനു നല്കുവാനെന്തുണ്ട്?”
വാത്സല്യമോടേ ചൊല്ലിയവൻ:
“പകരുക നിൻസ്നേഹാമൃതം;
ആർദ്രമാമൊരുതുള്ളിക്കണ്ണീരിനാൽ
മായും ഭൂവിലെ സങ്കടങ്ങളെല്ലാം.
കേവലമൊരു സ്ത്രീയാകരുതു നീ,
വെളിച്ചത്തിൻവഴിയായ്മാറുക!
ദേഹത്തിന്നതിരുകൾക്കപ്പുറം
ആത്മാക്കൾക്കൊരു ലോകമുണ്ട്.
വിചാരണകളില്ലാത്തൊരിടം;
സ്നേഹവും പങ്കുവയ്ക്കലും-
മാത്രമലയടിക്കുന്നൊരിടം!”
മരുഭൂമിയിൽ രാവു പടർന്നു;
വാനിൽ താരകങ്ങൾ തെളിഞ്ഞുമിന്നി.
ആ വിഹായസ്സിൻനിശ്ശബ്ദതയിൽ
അവർ രണ്ടുപേരുമൊന്നിച്ചിരുന്നു.
മനുഷ്യനായ് ഇറങ്ങിവന്ന ദൈവവും
ദൈവത്തെക്കണ്ട മനുഷ്യിയും
ഒരാത്മാവായിമാറിയ നിമിഷം!
മനീഷി

By ivayana

Leave a Reply

Your email address will not be published. Required fields are marked *