രചന : തോമസ് കാവാലം.✍️
ഒപ്പം നടന്നവരൊപ്പമില്ല
ഒപ്പത്തിനൊപ്പമായുള്ളവരും
എപ്പോഴും കൂടെയുണ്ടാകയില്ല
ഇപ്പോളിവിടെയായുള്ളവരും.
അപ്പനുമമ്മയും സ്വന്തക്കാരും
എപ്പോഴും കൂടെയുണ്ടാകയില്ല
ആശ്വാസമാകുക ഒന്നു മാത്രം
ശ്വാസമല്ലാതെ മറ്റൊന്നുമല്ല.
ഒപ്പമില്ലെങ്കിലുമോർത്തു വെക്കും
എപ്പോഴും ദൂരെയാണെങ്കിലെന്തേ
ഒപ്പമാഹൃത്തിലായ് ചേർത്തവരെ
ഒപ്പമുണ്ടെന്നതുപോലെ തന്നെ.
ഒപ്പത്തിനൊപ്പം ജനിച്ച നിഴൽ
എപ്പോഴും കൂടെയുണ്ടാകുകിലും
സൂര്യനുണ്ടാകുകിൽ മാത്രമാകും
സ്പഷ്ടമായ് കാണുവാൻ സാധ്യമാക.
ഒപ്പമീ ഭൂമിയിൽ വന്നപ്പോൾ നാം
ഒന്നുമേകൊണ്ടുവന്നില്ല കൂടെ
മന്നിൽ നാം ചെയ്യുന്ന നന്മയല്ലാ-
തൊന്നുമേ കൊണ്ടുപോകില്ലകൂടെ.
സന്തോഷ ജീവിത പാതകളിൽ
സന്താപം വന്നു തളർത്തിടുമ്പോൾ
സന്തതം കൂടെയുണ്ടായീടുക
സർവ്വശക്തന്റെ കരങ്ങളാകും.

