രചന : ആർച്ച ആശ✍️
നോക്കൂ,
നിങ്ങളെനിക്കായി
എനിക്കും
മേലെയുള്ളവനുമിടയിലെ
ഇടനിലക്കാരാവരുത്.
എനിക്കായി
നോമ്പും നോക്കരുത്,
എനിക്കുവേണ്ടി
പൂക്കളും കരുതരുത്.
പനി ഹേതുക്കളായ
പക്ഷിയേലിയെയും
കൊതുകുവൈറസിനെയും
കൊല്ലരുതേ,
അവരും
ഭൂമിയുടെ അവകാശികൾ.
എന്റെ മരണം
സ്ഥിതീകരിച്ചാൽ
ദയവായി,
അനുശോചന
പോസ്റ്റുകളിലേക്ക്
എന്നെ വലിച്ചിഴയ്ക്കരുത്.
ഒരിക്കലിവിടം
വെടിഞ്ഞുപോയ എന്നെ
സമാധാനത്തിന്റെ ലോകത്തിട്ട്
വീണ്ടും വീണ്ടും
കൊല്ലരുത്.
എനിക്കുവേണ്ടി
കുറിപ്പുകളിൽ
വാചകക്കസർത്തുള്ള
ആചാരവെടിയും
വേണ്ടാന്നെ.
അന്നൊരു നാൾ
ജനിച്ചതും,
ഇന്നൊരു നാൾ
മരിച്ചതും
ഒന്നും ഞാനോ
നിങ്ങളോ
അറിഞ്ഞിട്ടല്ലല്ലോ?
ഇതൊക്കെ
എന്റെ മാത്രം
തലതിരിഞ്ഞ ചിന്തകൾ.
ഇതിനൊന്നും
ആരും ഉത്തരവാദികളല്ല.
പ്രശ്നവും
കാരണവും
ഒന്നേയുള്ളൂ.
അതിപ്പോൾ
എങ്ങനെ ഞാൻ
പറയുക…
നിങ്ങൾ തന്നെ പറയൂ
എന്താണ്?
എവിടെയാണ്?
എപ്പോഴാണ്?
എങ്ങനെയാണ്?
