അക്ഷരങ്ങളിൽ സൃഷ്ടിയും
സ്ഥിതിയും സംഹാരവും നടത്തുന്ന
കവി ബ്രഹ്മാവു തന്നെയാണ്….
നോവുതിന്ന ഓർമ്മകളുടെ
കൂട്ടിൽ ബീജസങ്കലനം
നടക്കാത്ത അണ്ഡങ്ങൾക്ക്
അടയിരുന്ന വിഡ്ഢിയാണ് കവി…
ഏകാന്തതയുടെ ഒറ്റമരങ്ങളെ
പുഞ്ചിരിയുടെ പട്ടുടുപ്പിച്ചു
എല്ലാം ഭദ്രമെന്നു കൗതുകമൊളിപ്പിക്കുന്ന കവി ഒരു കാടാണ്….
ഗുൽമോഹറിന്റെ നനഞ്ഞ കനലിൽ പ്രണയവും വിരഹവും
വിപ്ലവും ചുട്ടെടുക്കുന്ന
ഇന്ദ്രജാലക്കാരനാണ് കവി
സ്വപ്നങ്ങളെയും സ്വന്തം അസ്ഥിത്വത്തെ
തന്നെയും പടുമരം കണക്കു
മുറിച്ചു വിറ്റ കവി മനോരാജ്യങ്ങളുടെ വിൽപ്പനക്കാരനാണ്….
വാക്കുകളിലിടമുറിഞ്ഞും,
തേങ്ങികരഞ്ഞും വരികൾക്കിടയിൽ പൊട്ടിച്ചിരിച്ചും
ചില മൗനക്കയങ്ങളിൽ മുങ്ങിമരിച്ചും ….
ജീവനൊടുണ്ടെന്നു വീമ്പുപറയുന്ന കവി ഒരു ഭ്രാന്തനാണ്….
ഞാൻ ജീവിക്കുകയാണെന്ന്….
ഞാൻ ചിരിക്കുകയാണെന്ന്.. തന്നോട് തന്നെ കളവു പറയുന്ന,
കൽപാന്തകാലം മരിച്ചു ജീവിക്കുവാൻ വിധിക്കപ്പെട്ട
കവി പെരുംകള്ളനാണ്….!!
പെരുംകള്ളനാണ്….!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *