രചന : എബിൻ റോഷൻ പോൾ ✍
യേശു, ബുദ്ധൻ, സൂഫിസം, താവോയിസം. തിരക്കേറിയ ജീവിതത്തിൽ കിട്ടിയ ഇടവേളകളിൽ വായിച്ചറിഞ്ഞ നാലു ദാർശനിക്ക തത്വങ്ങൾ. സ്വതന്ത്രചിന്തയോടെ വായിക്കുന്നവരുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ കഴിവുള്ളവ. എന്നാൽ “ഏതു അതിൽ കേമൻ” എന്ന് ചോദിച്ചാൽ ഉത്തരം പ്രയാസം തന്നെ. ഒരു ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും വന്നതാകയാൽ ക്രിസ്തു വഴിയാണ് ഈ യാത്ര തുടങ്ങിയത്. അതു എവിടെയും പറയാൻ ഒരു മടിയും ഇല്ല. അതല്ലെങ്കിലും നമ്മുടെ ഉള്ളിലെ ദൈവീകത അതിശക്തമായാൽ മാത്രമേ ഇത്തരം ഒരു പരന്ന ചിന്തകൾക്കു അവിടെ സ്ഥാനമുള്ളു. അതിലെങ്കിൽ ഒരുവൻ തന്റെ ജീവിതാവസാനം ഒന്നുങ്കിൽ മതഭ്രാന്തനോ അല്ലെങ്കിൽ നിരീശ്വരവാദിയോ ആയി പരിണമിക്കുന്നു.
എന്തുകൊണ്ട് ഈ സമൂഹത്തിൽ അങ്ങനെ സംഭവിക്കുന്നുവെന്ന് നോക്കിയാൽ കാരണം വ്യക്തമാണ്. പലപ്പോഴും മേൽപറഞ്ഞ നാലു ചിന്തകൾ മുന്നോട്ടു വെയ്ക്കുന്ന ലളിതമായ ജീവിതസത്യങ്ങൾ, അതതു മതങ്ങളുടെ ദാർഷ്ട്യമേറിയ ചട്ടക്കൂടുകൾക്കുള്ളിൽപ്പെട്ട് ഞെരിഞ്ഞു സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ ആശയങ്ങൾ സങ്കീർണ്ണമാക്കപ്പെടുകയോ, അല്ലെങ്കിൽ മതം തന്നെ അവയെ ഭ്രഷ്ട് കൽപ്പിച്ച് പുറത്തേക്കു തള്ളിക്കളയുകയോ ചെയ്യും. കാലക്രമേണ ഇവയെല്ലാം അഴുകി മതാചാരങ്ങൾക്കും മതനേതാക്കൾക്കും വളമായി മാറുമ്പോഴും, ഒരു കൊടുംകാട്ടിൽ ആരുടേയും കണ്ണിൽപ്പെടാതെ അവശഷിക്കുന്ന മരക്കുറ്റി പോലെ ആ യഥാർത്ഥ ആശയങ്ങൾ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. ഒരു ആയുഷ്കാലത്ത് അതിനെ അന്വേഷിക്കുന്നവൻ മാത്രം കണ്ടെത്തുന്നു; കണ്ടെത്തുന്നവൻ മാത്രം അനുഭവിക്കുന്നു. എന്നാൽ അത് സ്വയം അനുഭവിക്കുകയല്ലാതെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ മറ്റൊരാൾക്ക് അതേപടി പകർന്നുനൽകുക തികച്ചും അസാധ്യമാണ്. ഒരുപക്ഷേ, ഈ മഹത്തായ ആത്മീയനേതാക്കൾക്ക് പിഴച്ചുപോയത് അവിടെയായിരിക്കാം. അവർ എഴുത്തിലൂടെയും, ഉപദേശങ്ങളിലൂടെയും, ശിഷ്യഗണങ്ങളിലൂടെയും അവ ഭാവിതലമുറയിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ‘അന്ധൻ ആനയെ കണ്ടതുപോലെ’ ഓരോരുത്തരും അവരവരുടെ രീതിയിലാണ് ആ ആശയങ്ങളെ അടുത്ത തലമുറയ്ക്ക് കൈമാറിയത്. അങ്ങനെ ഉള്ളിലെ കാമ്പ് നഷ്ടപ്പെട്ട ഫലം പോലെ തലമുറകളിലൂടെ കൈമാറി അവ അവസാനം വികൃതമാക്കപ്പെട്ടു.
അതിന്റെ ബാക്കിപത്രമാണ് പിൽക്കാലത്ത് ലോകം സാക്ഷ്യംവഹിച്ച ചോരയിറ്റുന്ന ചരിത്രങ്ങൾ—കുരിശുയുദ്ധം നടത്തിയ ക്രിസ്ത്യാനികളും, തോക്കെടുക്കുന്ന ബുദ്ധസന്യാസിമാരും, സ്വയം പൊട്ടിത്തെറിക്കുന്ന മുസ്ലിം തീവ്രവാദികളും. ഇതിലൊന്നിലും പെടാത്ത സാധാരണ മനുഷ്യരോ, ഒരു വിളക്കിന് ചുറ്റും വട്ടമിട്ടു പറക്കുന്ന ഈയാംപാറ്റകളെപ്പോലെ എന്തിനോ വേണ്ടി ജനിച്ച്, ജീവിച്ച്, ഒടുവിൽ മണ്ണോട് ചേരുന്നു. ഇവിടെയാണ് യഥാർത്ഥ “തിരിച്ചറിവ്” ഉണ്ടാകേണ്ടത്. ആ തിരിച്ചറിവിന് ശേഷം ഒരുവന്റെ ഉള്ളിൽ സ്വയം നടക്കേണ്ട ഒന്നാണ് “തിരിഞ്ഞുപോക്ക്” (The Inward Pilgrimage). അതിനർത്ഥം ഒരാൾ സ്വന്തം മതത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും പുറത്തുചാടണമെന്നോ, അവൻ ഉടനെ നിരീശ്വരവാദിയാകണമെന്നോ എന്നല്ല. മറിച്ച്, താൻ വന്ന വഴിയിലൂടെ തന്നെ പിന്നോട്ട് സഞ്ചരിച്ച് ആ ആത്മീയനേതാവിനെ, അല്ലെങ്കിൽ ആ ദർശനത്തിന്റെ ഉറവിടത്തെ കണ്ടെത്തുക എന്നതാണ്.
പക്ഷേ, അതത്ര കേൾക്കുംപോലെ എളുപ്പമുള്ള കാര്യവുമല്ല. കാരണം, നാലായിരത്തോളം വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞുവന്ന അനുഷ്ഠാനങ്ങളിൽ നിന്ന് ഒരുവൻ പിന്നോട്ടു നടക്കുമ്പോൾ, ജനനം മുതൽ നാം സത്യമെന്ന് വിശ്വസിച്ചുപോന്ന പലതും കേവലം ചില കെട്ടുകഥകളോ, മറ്റു ചിലരുടെ ഭാവനകളോ മാത്രമായിരുന്നു എന്ന തിരിച്ചറിവ് നമ്മെ ഉള്ളിൽ ചുട്ടുപൊള്ളിക്കും. ആ വേദന സഹിക്കാൻ തയ്യാറുള്ളവൻ മാത്രമേ ആ പാതയിലൂടെ “പിന്നോട്ട്” പോകുകയുള്ളൂ. ആ ദുർഘടമായ പ്രയാണം ഒടുവിൽ നമ്മെ എത്തിക്കുന്നത് ആ യോഗിവര്യനിലേക്കാണ്; അല്ലെങ്കിൽ ആ ആശയത്തിന്റെ തെളിഞ്ഞ തീരത്തിലേക്കാണ്. വരുംതലമുറയ്ക്കും ഈ ലോകത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും, മതങ്ങൾ വികൃതമാക്കപെട്ട ആ യഥാർത്ഥ മൂല്യങ്ങളുടെ വീണ്ടെടുക്കൽ അത്യന്താപേക്ഷിതമാണ്.
അവലംബം :
- യേശു: “ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെ ഇരിക്കുന്നു.”
- ലാവോത്സു: “പറഞ്ഞുഫലിപ്പിക്കാൻ കഴിയുന്ന താവോ യഥാർത്ഥ താവോ അല്ല”
- ബുദ്ധൻ: “അത്തോ ദീപ ഭവ” (നിനക്ക് നീ തന്നെ വെളിച്ചമാവുക).

