മനുഷ്യവാസമില്ലാത്ത , പവിഴങ്ങളുടെ ദ്വീപിൽ എത്തപ്പെട്ട ഒരു പ്രൊഫസറുടെ കഥ എവിടെയൊ എപ്പോഴൊ വായിച്ചിട്ടുണ്ട് . വർഷങ്ങളേറെ പഴക്കമുള്ള അമൂല്യ രത്നങ്ങൾ കണ്ട് പകച്ച് നിന്ന പ്രൊഫസറുടെ കഥ പോലെ …….. കൊച്ചിയുടെ അമൂല്യങ്ങളായ ചരിത്രങ്ങൾ , വിസ്മയങ്ങളുടെ ലോകത്തേക്കാണ് നമ്മെ എത്തിക്കുക

കൊച്ചിയിലെ സതേൺ നേവൽ കമാന്റ് ആസ്ഥാനത്തിനടുത്ത് . വെണ്ടുരുത്തിയിലെ സെന്റ്സ് പീറ്റർ & പോൾ ചർച്ചിന്റെ വിശേഷങ്ങൾ പങ്കു വെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് .
വെണ്ടുരുത്തിയിലെ പള്ളിയിലെത്തി അവിടെ ചില്ലറ പണികളിൽ ഏർപ്പെട്ടിരിക്കുന്ന ആളോട്
” പള്ളിയിലെ അച്ഛനെ ഒന്ന് കാണാനാവുമൊ “
എന്ന് ഞാൻ ചോദിച്ചു . അദ്ദേഹം ചിരിച്ചു കൊണ്ടു തിരിച്ചു ചോദിച്ചു
” നിങ്ങൾക്ക് എന്താണ് ആവശ്യം ” .
ഞാൻ പറഞ്ഞു
” ഈ പള്ളിയുടെ ചരിത്രം ഒന്ന് കേട്ടറിയാൻ വന്നതാണ് “
എന്നെയും സഹോദരനെയും അദ്ദേഹം പള്ളി മേടയിലേക്ക് കൂട്ടി കൊണ്ടു പോയി അവിടെയിരുത്തി . എന്നിട്ട് പറഞ്ഞു
“ഞാനാണ് അച്ഛൻ ” .
വളരെ സൗഹാർദ്ദത്തോടെയും , സ്നേഹത്തോടെയും അദ്ദേഹം പറഞ്ഞു തുടങ്ങി ……

ആദ്യമെ അച്ഛനെ കുറിച്ച് തന്നെ പറയാം . പേര് ഫാ. ഡോ. അൽഫോൻസ് പനക്കൽ . കലയെ കുറിച്ചുള്ള ഫ്രഞ്ച് ചിന്തകൻ ജീൽ ഡെലൂസ് ( Gilles Deleuze) -ന്റെ പഠനങ്ങൾ വെച്ച് തയ്യാറാക്കിയ ഗവേഷണത്തിലൂടെ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി .
കലാഹൃദയനായ പള്ളിയിലച്ഛൻ . ചിരിച്ച് കൊണ്ടു ഞങ്ങൾക്ക് അറിയേണ്ടത് ഒരു മടിയും കൂടാതെ പറഞ്ഞു തന്നു .

വെണ്ടുരുത്തിയെ കുറിച്ച് ഒരൽപ്പം …….
കായലിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു വെണ്ടുരുത്തി . കുടിയേറ്റം ആരംഭിക്കുന്നതിനു മുൻപ് വെളുത്ത മണൽ തുരുത്തായിരുന്നു എന്നതിനാൽ ‘ വെൺ തുരുത്തു ‘ എന്ന പേര് വന്നു എന്ന് ഫ്രഞ്ച് ചരിത്രകാരനായ ഒഡോൺ വാലറ്റ് അഭിപ്രായപ്പെടുന്നു . ‘ വെൺ തുരുത്ത് ‘ പിന്നീട്
‘ വെണ്ടുരുത്തി ‘ – യായി മാറുകയായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . പല കഥകളും ഈ പേരിന് പിന്നിൽ പറഞ്ഞു കേൾക്കുന്നുവെങ്കിലും അതിനൊന്നും വലിയ പിൻബലമില്ല .
പക്ഷെ 1663 – ലെ ‘ പാലിയം ചെപ്പേട് ‘ – ൽ വട്ടെഴുത്ത് ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നതും , കൊച്ചി രാജാവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പിനിയുമായി ഉണ്ടാക്കിയ പ്രമാണത്തിലും ‘ വെണ്ടുത്തുരുത്ത് ‘ എന്നാണ് പരാമർശിക്കുന്നതെന്നും വിലയിരുത്തുന്നു .

1942 – 44 ഈ പ്രദേശം നാവികത്താവളത്തിനും , പോർട്ട് ട്രസ്റ്റിനും വേണ്ടി ഏറ്റെടുത്തതോടെ ഇവിടെയുണ്ടായിരുന്ന താമസക്കാരെ നെട്ടൂർ , തേവര എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു . വെണ്ടുരുത്തിയെയും – എറണാകുളത്തിനെയും ബന്ധപ്പിച്ചു കൊണ്ടു 1940 -ൽ ഒരു പാലം വന്നു . ഈ പാലത്തിന്റെയും മാസ്റ്റർ ബ്രയിൻ സർ , റോബർട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് എഞ്ചിനിയറായിരുന്നു .

AD 1503 -ൽ വലിയൊരു പോരാട്ടത്തിനു ഈ കായലും , വെണ്ടുരുത്തി എന്ന ഈ തുരുത്തും സാക്ഷ്യം വഹിച്ചിട്ടുണ്ട് . അൽബുക്കർക്കിന്റെ നേതൃത്വത്തിൽ പോർച്ചുഗീസ് പറങ്കി പടയും , കൊച്ചി രാജാവിനു വേണ്ടി കോഴിക്കോട് സാമൂതിരിയുടെ സൈന്യവും ഏറ്റുമുട്ടിയത് ഇവിടെയാണ് . യാദൃശ്ചികമെന്ന് പറയട്ടെ ചരിത്രം ഈ സ്ഥലം തന്നെയാണ് ഇന്ത്യയുടെ ദക്ഷിണ നാവികത്താവള ആസ്ഥാനമായി തെരഞ്ഞെടുത്തതും .
1999 – ൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് വരെ ഇപ്പോഴുള്ള നാവിക വിമാനത്താവളമായിരുന്നു കൊച്ചിയുടെ എയർപ്പോർട്ട് .

വലിയ ധനാഡ്യനും ഭൂസ്വത്തിന് ഉടമയുമായിരുന്നു ഗുജറാത്തിൽ നിന്നെത്തി കൊച്ചിയിൽ കുടിയേറിയ കച്ചി മുസ്ലിമായ ഇബ്രാഹിം ഹാജി മുഹമ്മദ് പട്ടേൽ എന്ന പട്ടേൽ സേട്ടു . അന്ന് കൊച്ചിയിൽ നാലൊ അഞ്ചൊ കാറുകൾ മാത്രമെ കാണൂ അതിലൊന്ന് പട്ടേൽ സേട്ടുവിന്റെതായിരുന്നു . അറിവ് ശരിയാണെങ്കിൽ അന്ന് ഫോണുണ്ടായിരുന്നത് കൊച്ചി രാജാവിനും , ദിവാനും , റോബർട്ട് ബ്രിസ്റ്റോയ്ക്കും പിന്നെ പട്ടേൽ സേട്ടുവിനും ….. കൊച്ചിയിലെ ഇന്നത്ത സതേൺ നേവൽ കമാന്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വെണ്ടുരുത്തിയും പരിസരത്തെയും ഉദ്ദേശം ആയിരം ഏക്കറോളം വരുന്ന സ്ഥലം പട്ടേൽ സേട്ടുവിന്റെതായിരുന്നു . സർക്കാർ അത് അക്വയർ ചെയ്യുകയായിരുന്നു . 1920 – കളിൽ ഏകദേശം ഇരുപത് ലക്ഷത്തിലേറെ രൂപ ( ഇന്നത് എത്ര കോടിയാവും ? …. ആവൊ അറിയില്ല ) ലഭിച്ചതായും പറയപ്പെടുന്നു .കൊച്ചി രാജാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇദ്ദേഹത്തിന് .
വെണ്ടുരുത്തിയിലെ പള്ളി ………

കുറച്ച് മാസങ്ങൾക്ക് മുൻപ് വെണ്ടുരുത്തിയിലെ സെന്റ്സ് പീറ്റർ & പോൾ പള്ളിയുടെ ആൾത്താര നവീകരിക്കുവാൻ തറ പൊളിച്ച് മണ്ണ് നീക്കിയപ്പോൾ ചില അവശിഷ്ടങ്ങൾ ലഭിച്ചു . മധ്യകാലഘട്ടത്തിൽ പള്ളിയും , ക്ഷേത്രങ്ങളും മേയാൻ ഉപയോഗിക്കുന്ന കൂരയോടുകളും , പാത്തിയോടുകളും ലഭിക്കുന്നതിന് ഒപ്പം പുരാതന ചൈനീസ് പാത്ര കഷ്ണങ്ങളും , മൺപാത്രങ്ങളുടെ കഷ്ണങ്ങളും കണ്ടെത്തി .

അങ്ങനെയാണ് പട്ടണം എക്സകവേഷൻസ് പ്രത്യേക ഗവേഷണ വിഭാഗമായ , പി.ജെ. ചെറിയാൻ ഡയറക്ടറായിട്ടുള്ള ‘ പാമ ‘ യുടെ സഹായം തേടുന്നത് . പ്രൊഫ ആർ.വി.ജി. മേനോൻ , ഗവേഷകരായ സത്യജിത്ത് ഇബ്ൻ , ഡോ . ലിന്റൊ ആലപ്പാട്ട് , ഡോ. പി.ജെ. ചെറിയാൻ എന്നിവരുടെ ഗവേഷണ പഠനങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ് .
AD 1599 -ൽ പോർച്ചുഗീസുകാർ നിർമ്മിച്ച പള്ളി എന്നതാണ് ഇതു വരെയുണ്ടായ കണക്കുകൾ . AD 1676 – ൽ ഉണ്ടായ ശക്തമായ പ്രളയത്തിൽ പള്ളി തകർന്നു . പിന്നീട് AD 1788 – ൽ ലൂക്കാ പദ്രിയും , മിഖായേൽ കപ്പിത്താനും ചേർന്ന് നിർമ്മിച്ച പള്ളിയാണ് നിലവിലുള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു . പക്ഷെ ഈ പള്ളി പോർച്ചുഗീസുകാരുടെ കടന്നു വരവിന് മുൻപെ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരമാണ് പുതിയ ഗവേഷണ പഠനങ്ങളിലൂടെ വന്നെത്തുന്നത് . തദ്ദേശിയരായ കൃസ്ത്യാനികൾ ഇവിടെ തടിയിൽ ദേവാലയം പണിതിരുന്നുവെന്നതിലേക്കാണ് സൂചനകൾ .

ജലഗതാഗത മാർഗ്ഗത്തിലൂടെ മുസരിസ് തുറമുഖത്തേക്ക് കച്ചവടാവശ്യാർത്ഥം പോയിരുന്നവർ ഒരുപക്ഷെ വെണ്ടുരുത്തി എന്ന ഈ തുരുത്തിൽ തങ്ങിയിരിക്കാമെന്നും . ഇവിടെ ജനവാസമുണ്ടായിരുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായും വിലയിരുത്തപ്പെടുന്നത് .
ഫാ. ഡോ. അൽഫോൻസ് പനക്കൽ പറയുന്നത്.. കായലിനാൽ ചുറ്റപ്പെട്ട ഈ സ്ഥലത്ത് ലഭിക്കുന്ന വെള്ളം കുടിക്കാൻ പാകത്തിന് ശുദ്ധമാണ് എന്നതാണ് . അതൊരു പക്ഷെ പണ്ട് ഇവിടെ ജനവാസമുണ്ടായിരുന്നതിന്റെ സൂചനകൾ നൽകുന്നു .
ഏതായിരുന്നാലും ചരിത്രത്തിൽ നിന്നുള്ള പുതിയ വാർത്തകൾക്കായി നമുക്ക് കാതോർത്തിരിക്കാം ……..

മൻസൂർ നൈന

By ivayana