ആതിരക്കുളിരുമായെത്തിയ ധനുമാസം
ആർദ്രമാമോർമ്മയുണർത്തുമീ ധനുമാസം
പാർവതീപതിയുടെ തിരുനാളീയാതിര
പാർവണേന്ദുമുഖി തന്റെ ദിനമല്ലോ
പുലർകാലമഞ്ഞിൽ തുടിയും കുളിയുമായ്
മലയാളിമങ്കമാരൊന്നിച്ചു കൂടുന്നു
കൂവയും കുളിരുമായെത്തുന്നു ദിനകരൻ
കുരവയുമാർപ്പുമായെത്തുന്നു തോഴിമാർ
പുത്തൻ പുടവ ഞൊറിഞ്ഞുടുത്തെത്തിയ
പത്തരമാറ്റുള്ള പുലർകാല രശ്മികൾ
അന്നമുപേക്ഷിച്ചൊരാർദ്രാ വ്രതവുമായ്
മന്ദസ്മിതം തൂകി നിന്നിതു മങ്കമാർ
പാട്ടും കളിയുമായ് ഒത്തുകൂടി ചിലർ
ഊഞ്ഞാലിലാട്ടം തുടങ്ങിടുന്നൂ ചിലർ
എട്ടങ്ങാടികൾ നേരുന്ന സന്ധ്യയിൽ
നൂറ്റെട്ടു വെറ്റിലയേകുന്നു നറുമണം
പാട്ടും കളിയുമായെത്തുന്ന തോഴിമാർ
പാതിരാപൂചൂടിയെത്തിയ രാവുകൾ
പൂർണ്ണേന്ദു ശോഭ തിളങ്ങുമീ രാത്രിയിൽ
പൂർണ്ണമാമോദം കലർന്നൊരു വേളയിൽ
ആടുന്നൊരൂഞ്ഞാലെൻ മനതാരിലീനേരം
ആതിരനിലാവൊന്നുദിക്കുന്നകതാരിൽ
ബാല്യകൗമാരത്തിന്നോർമ്മകളേകുന്നു
നൈർമ്മല്യമേറുമീ ധനുമാസ രാവുകൾ..!

ഗീത മന്ദസ്മിത✍️

By ivayana