രചന :യൂസഫ് ഇരിങ്ങൽ

ഈയിടെയായികണ്ണാടിയിൽ നോക്കുമ്പോൾ
അവൾക്ക് തീരെ തൃപ്തി വരാറില്ല
പുലർച്ചെ നാലുമുതൽ
രാത്രി വൈകും വരെ
നിർത്താതെ ഓടുന്നൊരു
കരിവണ്ടി
ആകെ പുക പിടിച്ചപോലെ
തോന്നുന്നു

നല്ല അഴകുണ്ടായിരുന്ന പല്ലുകൾ
അടുക്കളയിലെ
മണ്ണെണ്ണ സ്റ്റൗ പോലെ
തുരുമ്പിച്ചു പഴകിയതായി
തോന്നാറുണ്ട്

മുടി കൊഴിഞ്ഞു തീരാറായി
ഇനി അമ്മയ്ക്ക്
ബോബ് ചെയ്യുന്നതാണ്
നല്ലതെന്ന് മൂത്തമോൾ
ഇന്നലെയും ഓർമ്മിപ്പിച്ചു

പേരെന്റ്സ് മീറ്റിംഗിന് വരുമ്പോ
അമ്മ ചുരിദാറൊന്നും
അണിയേണ്ടെന്ന്
ഇളയ മകൾ

മുഖത്തെ പഴയ തിളക്കമൊക്കെപോയി
ഇപ്പൊ മഞ്ഞൾ തേച്ച്
കുളിയില്ലേയെന്ന്
സ്റ്റാഫ് റൂമിൽ വെച്ചു
ശ്രീജ ടീച്ചർ ഇടയ്ക്കിടെ
കളിയാക്കാറുണ്ട്

നിന്നെയെതേലും
നല്ല ഡോക്ടറെ കാണിക്കണമെന്ന്
രാത്രിയിൽ പതിവുള്ള
സിഗരറ്റ് മണമുള്ള
കിതപ്പിന്നിടെ എന്നും
കേൾക്കാറുണ്ട്
കിതപ്പ് കഴിഞ്ഞയുടൻ
കൂർക്കം വലി തുടങ്ങിയപ്പോൾ
പെട്ടെന്നാണവൾക്കത് തോന്നിയത്
എപ്പോഴും ആശിക്കാറുണ്ടെങ്കിലും
ഒരിക്കലും കഴിയാറില്ല

മറ്റൊന്നുമല്ല ഒരു വട്ടമെങ്കിലുമൊന്ന്
ഉള്ളു നിറഞ്ഞു
മുഖം നിറഞ്ഞു
ചിരിക്കാൻ മാത്രമാണ്

മതിവരുവോളം
പൊട്ടിച്ചിരിച്ചു

ഒരു പാട് നാളായി
അടക്കിപ്പിടിച്ചു
വിങ്ങിപ്പോയൊരു ചിരി
ഇടുങ്ങിയ മുറി കടന്ന്
അടുക്കളയിലെ
കരിപിടിച്ച
ചുവരുകളിൽതട്ടി
തൊടിയിലും അവിടെ നിന്ന്
തെക്കേ പറമ്പിലെ
പുളി മരകൊമ്പിൽ ചെന്നിരുന്നു

പിറ്റേന്ന് പുലർച്ചെ
എന്നത്തേയുമെന്നപോലെ
അടുക്കളയിലെ സിങ്കിൽ കൂട്ടിയിട്ട
പാത്രങ്ങളുടെ ചിരി ഉണ്ടായില്ല

അടക്കിപ്പിടിച്ചൊരു
കൂട്ടക്കരച്ചിൽ
കരിപിടിച്ച ചുവരിൽ തട്ടി
തേങ്ങലായി മാറി

ഇനിയൊരിക്കലും
നാലു മണിക്ക് എണീക്കേണ്ടെന്ന
സന്തോഷത്തിൽ അവൾ
പിന്നെയും പിന്നെയും
ചിരിച്ചു

തലയ്ക്കൽ കത്തിച്ചുവച്ച
നെയ്ത്തിരി നാളത്തേക്കാൾ
ശോഭയുണ്ടായിരുന്നു
ആ നിറകൺ ചിരിക്ക്.

യൂസഫ് ഇരിങ്ങൽ

By ivayana