മാധവ് കെ വാസുദേവ്
വാക്കു പൂക്കും കാലത്തൊരോർമ്മക്കുറിപ്പ്
ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്തു അല്ലെങ്കിൽ സമ്പന്നതയെന്നു പറയുന്നതു സംസ്ക്കാരബോധമാണ്. അങ്ങിനെ ഒരു നന്മ മനസ്സുകളിൽ വളർത്തിയെടുക്കുന്നതിനു ഉതകുന്ന ചില ഉറക്കല്ലുകളാണ് പാഠശാലകളും വായനശാലകളും. ഒരു നല്ല സംസ്ക്കാരം വളർത്തിയെടുക്കാൻ അതിലൂടെ വളരുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ കഴിഞ്ഞാൽ ആ നാട് ദൈവാരാജ്യത്തിനു ഒപ്പം നിൽക്കും.
അപ്പോൾ പുരോഗതിയെന്നു പറയുന്നതിന്റെ വളരെ വലിയ ഒരു ഘടകമെന്നതു നാട്ടിലെ നന്മനിറഞ്ഞ ഒരുസമൂഹത്തിന്റെ നിലനില്പ്പാണ് അതിന്റെ പരിപാലനത്തിലാണ്. അത്തരമൊരു സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതിനു ആ പ്രദേശത്തധിവസിക്കുന്ന ജനത ആർജ്ജിച്ചിരിക്കുന്ന വിദ്യാഭ്യാസവും സംസ്ക്കരബോധവുമാണ് പ്രധാനപ്പെട്ടത് . അങ്ങിനെയുള്ള ഒരു ജനസഞ്ചയത്തിനു മാത്രമേ ഒരുനല്ല സമൂഹത്തെ സൃഷ്ടിക്കാനാവു.
അങ്ങിനെയുള്ള സമൂഹത്തിനു മാത്രമേ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളാന്‍ കഴിയു. അപ്പോള്‍ അത്തരമൊരു സമൂഹത്തിനെ വാർത്തെടുക്കാൻ ആ പ്രദേശത്തു പാഠശാലകളും വായനശാലകളും സാമൂഹികക്കൂട്ടായ്മ ഉറപ്പാക്കുന്ന സംഘടനകളും എല്ലാം ആവിശ്യമായ ഘടകങ്ങള്‍ ആണ്.
നമ്മുടെ ചുറ്റുമുള്ള ലോകം, ആ ലോകത്തെ നമ്മള്‍ തിരിച്ചറിയുന്നത് സംവേദനങ്ങളിലൂടെയാണ്. കാഴ്ചയും കേള്‍വിയും സ്പര്‍ശനവും അതിലൂടെ കിട്ടുന്ന അനുഭവം മാത്രമല്ല ആ തിരിച്ചറിവ് നമ്മളിലെത്തിക്കുന്നത്. വായനയിലൂടെ നമ്മള്‍ നേടിയെടുക്കുന്ന അറിവും ഈ അറിവിലേയ്ക്ക് നമ്മെ കൈപിടിച്ചു കൂട്ടികൊണ്ടുപോകുന്ന ഒരു വലിയ ചാലക ശക്തിയാണ്.
ആ ചാലകശക്തി നമ്മുടെ മനസ്സിലേയ്ക്ക് കോരിയിടുന്നതു വായനയുടെ മഹാ പ്രപഞ്ചമാണ്. അപ്പോൾ നമ്മുടെ കാഴ്ചവട്ടങ്ങള്‍ക്കപ്പുറത്തുള്ള , കേള്‍വിയുടെ അതിര്‍ത്തികള്‍ ക്കപ്പുറത്തുള്ളൊരു ലോകത്തിന്റെ വാർത്തകൾ നമ്മള്‍ അറിയുന്നതു പത്ര-ദൃശ്യ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ അല്ലെങ്കില്‍ വിവരണങ്ങളില്‍ കൂടയാണല്ലോ. മുപ്പത്തിയഞ്ചു -നാല്‍പ്പതു അല്ലെങ്കിൽ അമ്പതു കൊല്ലം മുന്‍പ് ദൃശ്യ മാധ്യമങ്ങള്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് കരഗതമാകാതിരുന്ന കാലത്തു പത്രങ്ങള്‍ തന്നെ ആയിരുന്നു ഒരു സാധാരണക്കാരന്‍റെ വായനയുടെ അവസാന വാക്ക്.
അതും എല്ലാ വീടുകളിലും ഉണ്ടായിരുന്നില്ലതാനും. വായനശാലകളിലും ചുരുക്കം ചില ചായക്കടകളിലും (അതിന്‍റെ കച്ചവട തന്ത്രം ഇവടെ പറയുന്നില്ല) മാത്രം ലഭ്യമായിരുന്ന ഒരുകാലം.അത്തരമൊരു കാലഘട്ടത്തിൽ ഒരു വായനശാല അല്ലെങ്കിൽ ഒരുകൂട്ടായ്‌മ്മ എന്നൊക്കൊ പറയുന്നതു ഒരു വലിയ കാര്യമായിരുന്നു. അങ്ങിനെ എന്റെ നാട്ടുമ്പുറത്തു ആദ്യമായി പിറവി കൊണ്ട കൂട്ടയ്മ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനഫലമായി ഒരു വായനശാലയുടെ പ്രവർത്തനത്തിനു തറക്കല്ലിട്ടു അതിനെ വളർത്തിയെടുക്കാൻ മുന്നിൽ നിന്നും പ്രവർത്തിച്ച ഒരു എളിയ സാമൂഹിക പ്രവർത്തകനായിരുന്നു ചേർത്തല പടിഞ്ഞാറെ മണയത്തുവീട്ടിലെ എം ആർ വാസുദേവൻ നായർ എന്ന എന്റെ അച്ഛൻ.
ഞങ്ങളുടെ നാട്ടിലന്നൊന്നും ഒരു വായനശാല ഉണ്ടായിരുന്നില്ല. ഉള്ളതു രണ്ടു കിലോമീറ്റര്‍ അകലെ പട്ടണത്തിലുള്ള മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള വായനശാലയും പിന്നെ ഒന്നര കിലോ മീറ്റെര്‍ ദൂരെയുള്ള മറ്റൊരു വായനശാലയും. ഈ പരിമിതികള്‍ പരിഹരിക്കാനും ചുറ്റുവട്ടത്തുള്ള വിദ്യാർഥികൾക്കും പൊതു സമൂഹത്തിനും വേണ്ടി വായനയുടെ ലോകം തുറന്നു കൊടുക്കാനും അങ്ങിനെ ഒരുനല്ല സമൂഹത്തെ വാര്‍ത്തെടുക്കാനും പരിശ്രമിച്ച ഒരു സാധാരണക്കാരന്‍ ആയിരുന്നു ജില്ല കോടതിയിലെ ഗുമസ്തനായ് വിരമിച്ച മണയത്ത് ശ്രീ. വാസുദേവന്‍ നായര്‍.നാട്ടിലെ ചെറുപ്പക്കാരുടെ മനസ്സില്‍ വായനശാലയുടെ വിത്തു പാകുകയും അവരെയും കൂട്ടിയൊരു വായനശാല സ്ഥാപിക്കുകയും അതിനു ഭാരതത്തിന്‍റെ ലോകമഹാകവി ഗുരുദേവ് രവിന്ദ്ര നാഥ ടാഗോറിന്‍റെ പേരു നല്കകുകയും ചെയ്തു.
ആ വായനശാലയ്ക്കു വേണ്ട സ്ഥലവും ഒരു കൊച്ചു കെട്ടിടവും കുറച്ചു പുസ്തകങ്ങളും സംഭാവന ചെയുകയും ചെയ്തു അദേഹം. അതിന്‍റെ പ്രവര്‍ത്തന വേളയ്ക്കിടയില്‍ സ്വന്തം മകന്‍റെ വേര്‍പാടു സംഭവിച്ചപ്പോഴും അദേഹം വായനശാലയുടെ പ്രവര്‍ത്തനത്തില്‍ കര്‍മ്മനിരതനായിരുന്നു.ഒരു ജനതയുടെ വര്‍ത്തമാനവും ഭാവിയും ഭൂതകാലത്തില്‍ നിന്നും മാറ്റിയെഴുതാന്‍ പരിശ്രമിച്ച അല്ല മാറ്റിയെഴുതിയ ഒരു മനുഷ്യന്‍ ആയിരുന്നു ശ്രീ മണയത്ത് വാസുദേവന്‍ നായര്‍.
പില്‍ക്കാലത്തു ചില അപസ്വരങ്ങള്‍ ഇന്നും വായനശാലയുടെ ജനാധിപത്യ പരമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഒരുനാടിന്‍റെ മുഴുവന്‍ കെടാവിളക്കായ് ആ വായനശാല നിലനില്ക്കുന്നെന്നു അഭിമാനത്തോടെ പറയാന്‍ എനിക്കു സന്തോഷം ഉണ്ട് .വായനയുടെ അറിവിന്റെ ആ കെടാവിളക്കു കൊളുത്തി എന്റെ നാടിന്റെ പൂമുഖത്തു വെച്ചതെന്റെ അച്ഛനാണ് എന്നതും ഏറെ ആഹ്ലാദം നല്കുന്നു.
