രചന : സതി സുധാകരൻ*

സ്വർണ്ണക്കൊലുസ്സിട്ട് തുള്ളിക്കളിച്ചു ഞാൻ
കൂട്ടുകാരോടൊത്തു കഥകൾ ചൊല്ലി
സ്വർണ്ണലോലാക്കുകൾ കാറ്റിലാടുന്നൊരു
കൊന്നപ്പൂ മരമാണ് ഞാൻ.

കളകളം പാടുന്ന കുഞ്ഞിക്കിളികളും
കൂകിത്തെളിയുന്ന കുയിലുകളും,
നാട്ടാര് കേൾക്കുമാറുച്ചത്തിൽ പറയുന്ന
കൊഞ്ചിക്കുഴയുന്ന തത്തകളും,
എൻ മരക്കൊമ്പിലെ പൂവുള്ള ചില്ലയിൽ
ആമോദത്തോടെ വസിക്കും നാളിൽ !..
എവിടെന്നോ വന്നൊരു മാനവൻ
മഴുവിനാൽ അവനെൻ്റെ കൈകൾ അറുത്തുമാറ്റി .

കുഞ്ഞിക്കിളിയുടെ കുഞ്ഞോമൽക്കൂടുകൾ
താഴേക്കു വീണു നിലംപതിച്ചു.
ആർത്തലച്ചു കരയുന്ന കിളിയുടെ രോദനം
പരിസരമാകെ മുഴങ്ങി നിന്നു.
മിണ്ടുവാൻ പറ്റാത്ത വിങ്ങുമെൻ മാനസം
കാഴ്ചകൾ കണ്ടു നടുങ്ങിപ്പോയി.
വേദനകൊണ്ടു മരവിച്ചു പോയെൻ്റെ മനസ്സും ശരീരവും ഒന്നുപോലെ.

തൊട്ടടുത്തുള്ളൊരാ,അരിമുല്ല വള്ളിയും
സങ്കടം കൊണ്ട് കരഞ്ഞുപോയി.
അതു കണ്ടു ചെമ്പകപ്പൂമരക്കൊമ്പുകൾ
നിശ്ചലമായി നോക്കിനിന്നു.
എന്തിനായ് വേണ്ടി എൻ കൈകൾ അറുത്തത്
തണലേകി നിന്നതാണെൻ്റെ കുറ്റം.

സതി സുധാകരൻ

By ivayana