രചന : അഷ്‌റഫലി തിരൂർക്കാട് ✍

അവിടൊരു ശുനകൻ
ഇവിടൊരു ശുനകൻ
നാട്ടിൽ നിറയെ ശുനകന്മാരാ
ശുനകന്മാരെക്കൊണ്ടീ നാട്ടിൽ, സ്വൈര്യത്തോടെ നടക്കാൻ മേലാ….
നാളിത് വരെയായ് പലവുരു കേട്ടു
നായ കടിച്ചൊരു വാർത്തകൾ കേട്ടു
പള്ളിക്കൂടം വിട്ടു വരുന്നൊരു, കുഞ്ഞിനെയങ്ങു കടിച്ചതു കേട്ടു
മുറ്റത്തങ്ങു കളിച്ചു നടക്കും
ബാലനെയന്നു കടിച്ചു മുറിച്ചു
വൃദ്ധജനങ്ങളെ പലരെയുമങ്ങനെ
തെരുവിൽ നിന്നു കടിച്ചു മുറിച്ചു
അവിടെ കണ്ണു കടിച്ചു മുറിച്ചു,
ഇവിടെ കാലു കടിച്ചു മുറിച്ചു
ഇങ്ങനെ പലതരമഭ്യാസങ്ങൾ
തെരുവിൽ ശുനകൻ
ശക്തി തെളീച്ചു
പലവുരു പലയിടമങ്ങനെ പലപല,
വാർത്തകൾ കേൾക്കുമതെന്നാലും നാം
തെരുവിൽ അലയും ശുനകനു നേരെ,
മിണ്ടരുതൊരു വാക്കെതിരായിട്ട്
മിണ്ടും നേരം വായതടയ്ക്കാൻ,
ആളുണ്ടിവിടെയതോർത്താൽ നന്ന്
തെരുവിൽ ജീവൻ പലതും പോകും,
ശുനകന്മാരുടെ നാടുമിതാകും
നമ്മൾ ചൂണ്ടും വിരലിലതൊന്ന്
നമ്മുടെ നേരെയാണെന്നോർത്താൽ
നമ്മൾക്കുള്ളൊരു ദ്രോഹമിതിന്ന്,
നമ്മൾ ചെറിയൊരു കാരണമാകും
ചിന്താശൂന്യതയൊന്നു വരുമ്പോൾ
മാലിന്യം നാം തെരുവിൽ തള്ളും
അതു തിന്നാനായ് എത്തും ശുനകർ
തെരുവിനെയിന്നൊരു താവളമാക്കും
നമ്മൾ തള്ളും മാംസത്തിന്റെ അവശിഷ്ടങ്ങൾക്കായവരെത്തും
പിന്നീടൊന്നത് കിട്ടാതായാൽ
മനുജനെയങ്ങവർ ഭക്ഷണമാക്കും
ഇനിയും നമ്മൾ ചിന്തിച്ചില്ലേൽ
ജീവൻ പലതും തെരുവിൽ പൊലിയും
ശുനകന് വേണ്ടി മുറവിളി കൂട്ടാൻ
ഇനിയും പലവുരു ആളുണ്ടാവും.

അഷ്‌റഫലി തിരൂർക്കാട്

By ivayana