രചന : കൃഷ്ണമോഹൻ കെ പി ✍

മന:ശാന്തി,സ്വാസ്ഥ്യം, അഭിവൃദ്ധിയെന്നീ
ഗുണങ്ങൾ തുണയ്ക്കാൻ അവതീർണ്ണയായ
മലർമാതു നിൻ്റെ ഫാലത്തിൽ നില്പൂ
മണി രൂപമോലും ചന്ദ്രക്കലയും
ധനുഷ്, ബാണ, പത്മം
ഗദാ, ശൂല, ഖഡ്ഗം
ധരിക്കുന്നു ദേവീ, കമണ്ഡലൂ നിത്യം
ദശ:ഹസ്തധാരീ,വിമോഹിനീ, നീയോ
ദയാപൂർണ്ണ, സിംഹപ്പുറമേറിടുന്നൂ
പരം,സുന്ദരാഖ്യം, പാടലം വർണ്ണം
പരമോന്നതിക്കായ്, ഭജിക്കുന്നു നിന്നെ
ചരങ്ങൾക്കു മുന്നിൽ, നീ ചന്ദ്രഘണ്ഡാ
ചരാചരങ്ങൾക്കു നീ നിത്യമുക്താ
കലക്കങ്ങളുള്ള മനസ്സിൻ്റെയുള്ളിൽ
കമനീയ നീയോ, കരുണാർദ്രയായി
കരതാരിലുള്ള, മണിവാളു വീശീ
കദനത്തെയൊക്കെ, അരിയുന്നു ദേവീ
ചന്ദ്രോദയം പോലെ നീ നിത്യമെന്നിൽ
ചന്ദ്രഘണ്ഡേ, വന്നു നില്ക്കുന്നുവെങ്കിൽ
ചഞ്ചലച്ചിത്തം, തെളിഞ്ഞീടുമംബേ
ചിന്തിതർ നിൻ്റെ, ചരണം നമിപ്പൂ🙏🙏

കൃഷ്ണമോഹൻ

By ivayana