രചന : രമേഷ് ബാബു.✍

അതിനെ കുറിച്ച് എത്ര പറഞ്ഞാലും എത്ര എഴുതിയാലും തീരില്ല. ഈ ലോകത്തിന്റെ നിലനിൽപ്പിന് കാരണം, സ്നേഹം ഒന്നു മാത്രമാണ്. എന്നതിൽ തർക്കമുണ്ടെന്ന് തോന്നുന്നില്ല. അത്തരം ഒരു കൊച്ചു സ്നേഹത്തിന്റെ കഥ പറയാം..
പൊതുവേ ആളുകൾ പറയാറുണ്ട് തീവണ്ടി യാത്രയിലെ സ്നേഹവും ആശുപത്രി വാസത്തിനിടയിലെ സ്നേഹവും അവിടം വിട്ട് പോകുന്നതു വരെ മാത്രമേ നില നിൽക്കൂ എന്ന്.
എന്നാൽ വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും തലശ്ശേരിയിലെ ഒരു കൊച്ചു കൂട്ടുകാരൻ എനിക്ക് നൽകിയ ഹൃദയ സ്പർശിയായ സ്നേഹത്തിന്റെ കഥ.. അത് ഇങ്ങനെ പറയാം..
വളരെ അത്യാസന്ന നിലയിലാണ് ഞാൻ എന്റെ അമ്മയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ദിനം തോറും അമ്മക്ക് രോഗം മൂർച്ഛിച്ച് കൊണ്ടിരിക്കുകയായിരുന്നു.
ഞാനും ശ്രീമതിയും ഏറെ ക്ഷീണിതരാണ്. ഊണും ഉറക്കവും നഷ്ടപ്പെട്ടിട്ട് ദിവസങ്ങളോളമായിരിക്കുന്നു.
ഈ അവസ്ഥ തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ്, തൊട്ടടുത്ത ബെഡ്ഡിൽ ഒരു ഒരു പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ അവന്റെ ഉമ്മുമ്മയെ (Grand mother) പ്രായാധിക്യം മൂലമുള്ള അസുഖത്തിനാൽ അഡ്മിറ്റ് ചെയ്തത്.
വന്ന് പത്ത് മിനിട്ടിനകം ആ വാർഡിലുള്ള എല്ലാവരേയും അവൻ പരിചയപ്പെട്ടു കഴിഞ്ഞു.
എന്റെ അമ്മ കിടക്കുന്ന ബെഡ്ഡിനരികിൽ വന്ന് അമ്മയുടെ തലയിൽ തലോടി കൊണ്ട് അവൻ എന്നോട് ചോദിച്ചു , “ഇത് ഏട്ടന്റെ അമ്മയാണോ?”
“അതേ മോനേ..”
“എന്താ അസുഖം ?”
“ഡോക്ടേഴ്സ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.”
“എത്ര ദിവസമായി വന്നിട്ട്?”
“നാലഞ്ച് നാളായി..”
“ഏട്ടൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട,അമ്മക്ക് പെട്ടെന്ന് അസുഖം ഭേദമാകും”.
അവന്റെ വാക്കുകളിൽ വല്ലാത്തൊരു സ്നേഹം അവന്റെ കൺകളിൽ അത് പ്രതിഫലിക്കുന്നുണ്ടായിരുന്നു..
ഒരു നിമിഷം ഞാൻ ആശിച്ചു പോയി ഈശ്വരാ ഇവനേപോലൊരു അനിയൻ ഉണ്ടായിരുന്നെങ്കിൽ..
ഏറി വന്നാൽ അന്ന് അവന് പതിനഞ്ചോ പതിനാറോ വയസ്സ് കാണും..
“മോന്റെ പേരെന്താ?”
“അൽത്താഫ് താഹിർ.”
“വീട്? “
” തലശ്ശേരി..”
തലശ്ശേരി എന്ന് ഞാൻ കേട്ടിട്ടേ ഉള്ളൂ.. കണ്ടിട്ടില്ല.. എന്ന് ഞാൻ പറഞ്ഞപ്പോൾ, അവൻ പറഞ്ഞു. അതിനെന്താ അമ്മയുടെ അസുഖം ഭേദമായാൽ നമുക്ക് നേരെ എന്റെ വീട്ടിലേക്ക് പോകാം..
ഒരു പാട് ഇഷ്ടം തോന്നി അവനോടും അവന്റെ പെരുമാറ്റത്തോടും .. പിന്നീടുള്ള ദിവസങ്ങളിൽ എന്റെ അമ്മയെ ഞാനും ശ്രീമതിയും പരിചരിക്കുന്നതു പോലെ തന്നെ, ഒരു പക്ഷേ ഞങ്ങളേക്കാളേറെ അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് അൽത്താഫാണ് എന്ന് പറഞ്ഞാൽ പോലും നിഷേധിക്കാനാവില്ല.
രാത്രിയായാൽ അവൻ പറയും ചേച്ചിയും ഏട്ടനും ഉറങ്ങിക്കോളൂ നിങ്ങളാകെ ക്ഷീണിച്ചിരിക്കുന്നു അമ്മയെ ഞാൻ നോക്കിക്കോളാം..
ആദ്യമായാണ് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് കാണുന്നതു തന്നെ.
പക്ഷേ അൽത്താഫിന് എല്ലാം മനപാഠമാണ്.
അവൻ ഇടക്കിടെ ഉമ്മുമ്മയെ ചികിത്സിക്കാനായി കൊണ്ട് വരാറുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അവന് എല്ലാം പരിചിതമായിരുന്നു..
മരുന്ന് വാങ്ങി കൊണ്ടുവരുന്നതും, പരിശോധനകൾക്കായി കൊണ്ട് പോകുന്നതിനും, റിസൽട്ട് വാങ്ങി വരുന്നതും, ഭക്ഷണം കൊണ്ടു വരുന്നതുമെല്ലാം അവൻ തന്നെ.
അവൻ അരികിലെത്തിയാൽ എന്റെ കൈ തട്ടിമാറ്റി അമ്മ അവന്റെ കൈ മുറുകെ പിടിക്കും.. എന്താ പറയുക..
എന്നാൽ എല്ലാത്തിനും ഉത്തരം അവന്റെ ഉമ്മുമ്മയുമായി സംസാരിക്കുന്നതോടെ ലഭ്യമാകും.. കാരണം ആ ഉമ്മയുടെ പേരക്കുട്ടിക്ക് അങ്ങനെയൊക്കെ ആകാനേ കഴിയൂ..
ഏകദേശം ഇരുപത് ദിവസം ഇതേ നിലയിൽ കടന്ന് പോയി. അമ്മക്ക് അസുഖം ഏറെ കുറേ ഭേദമായി തുടങ്ങി എന്ന് തന്നെ പറയാം..
അൽത്താഫിന്റെ ഉമ്മുമ്മയെ ഡിസ്ചാര്‍ജ് ചെയ്തു..
“ഏട്ടാ ഞാൻ ഉമ്മുമ്മയെ വീട്ടിലാക്കി നാളെത്തന്നെ തിരിച്ചു വരാം.. പിന്നെ അമ്മയെ ഡിസ്ചാര്‍ജ് ചെയ്ത് നിങ്ങളെ വീട്ടിലെത്തിച്ചിട്ടേ ഞാൻ തിരിച്ച് തലശ്ശേരിയിലേക്ക് പോകൂ..”
അത്ഭുതം തോന്നുന്നില്ലേ നിങ്ങൾക്ക്.. ?
സ്വന്തം കൂടെ പിറപ്പുകൾ പോലും തട്ട് മുട്ട് ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുന്ന കാഴ്ചകൾ ദിനവും കാണുന്ന എനിക്ക് ഈ കൊച്ചു മിടുക്കനെ മറക്കാനാകില്ല ..
നിർഭാഗ്യമെന്ന് പറയട്ടേ, അൽത്താഫ് വീട്ടിൽ പോയ അന്ന് രാത്രിയിൽ പെട്ടെന്ന് അമ്മക്ക് ശ്വാസ തടസ്സം നേരിടുകയും അമ്മ മരണപ്പെടുകയും ചെയ്തു..
അന്ന് ഇന്നത്തേ പോലെ മൊബൈൽ ഫോണോ മറ്റ് ഏതെങ്കിലും തരത്തിൽ ബന്ധപ്പടുവാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ അൽത്താഫിനെ വിവരം അറിയിക്കാനായില്ല.
പിറ്റേന്ന് രാവിലെ ശവസംസ്കാര ചടങ്ങുകളെല്ലാം തീർന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം പിരിഞ്ഞു പോയി..
ഉച്ച തിരിഞ്ഞ് ഒരു നാലുമണി നേരമായിക്കാണും ഒരു ഓട്ടോറിക്ഷ വീടിന് മുന്നിൽ വന്ന് നിന്നു.. കലങ്ങിയ കണ്ണുകളോടെ അൽത്താഫ് ഓട്ടോയിൽ നിന്നും ഇറങ്ങി ഓടി വന്ന് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു..
ഈശ്വരാ.. ഞാൻ അവനെ സമാധാനിപ്പിക്കണോ.. അവൻ എന്നെ സമാധാനിപ്പിക്കണോ എന്ന് അറിയാത്ത അവസ്ഥ..
ഏറെ നേരത്തെ മൌനത്തിനു ശേഷം ഞാൻ ചോദിച്ചു “മോനെങ്ങനെ വീട് കണ്ട് പിടിച്ചു?”
കാരണം ഞാൻ മലപ്പുറം ജില്ലയിലെ ഒരു ഉൾഗ്രാമത്തിലാണ് താമസിക്കുന്നത്.. തലശ്ശേരിയിനിന്നും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും യാത്ര ചെയ്താലേ എന്റെ വീട്ടിൽ എത്തി പെടാനാകൂ..
അവൻ പറഞ്ഞു.. “ഏട്ടൻ പറഞ്ഞിരുന്നില്ലേ പാണ്ടിക്കാട് ടൌണിൽ ഒരു സ്ഥാപനം ഉണ്ടെന്ന്.. ആ ഒരു ഊഹം വെച്ച് ഞാനിങ്ങ് പോന്നു..” അതെ അതാണ് അൽത്താഫ്..
അതിന് ശേഷം തലശ്ശേരി എന്ന് കേട്ടാൽ അൽത്താഫിന്റെ നാട് എന്നായി. ആ നാടിനോട് എന്തെന്നില്ലാത്ത ഒരു അടുപ്പവും തോന്നി തുടങ്ങി..
സുഹൃത്തുക്കളേ അൽത്താഫിന് ഇന്നും ഞാൻ ജേഷ്ഠനും എനിക്ക് അൽത്താഫ് എന്റെ കൊച്ചനുജനുമാണ്.
ഇപ്പോൾ അവൻ കുട്ടിയൊന്നുമല്ല കേട്ടോ.. അവന് കുട്ടികളായി.. എന്നാൽ എനിക്കിന്നും അവൻ ആ പഴയ കുട്ടി തന്നെ..
ഇപ്പോഴും ക്ഷേമാന്വേഷണങ്ങളുമായി എന്നെ തേടി എത്താറുള്ള അൽത്താഫ് താഹിർ .. ഈ പോസ്റ്റ് അവൻ കാണും എന്ന് പ്രതീക്ഷിക്കുന്നു..!!

രമേഷ് ബാബു.

By ivayana