രചന : സുധാകരൻ മണ്ണാർക്കാട്✍

ഒരു ഓട്ടോ വാങ്ങി
ഓടിയ്ക്കണം.
അല്പം ഷെഫാകണം.
പറ്റിയാൽ ബേങ്ക് വായ്പയ്ക്ക് നോക്കണം.
അടുത്ത ഓണം ബംമ്പറിന്
രൂപ നാന്നൂറ്റമ്പത് ഉണ്ടാക്കണം.
കുട്ടിയ്ക്ക് ഒരു കുടുക്ക വാങ്ങി കൊടുക്കണം.
തികയാത്ത അമ്പത് കുടുക്കപ്പൊട്ടിച്ചെടുത്ത് അഞ്ഞൂറ് തികയ്ക്കണം.
നറുക്കെടുപ്പിന്റെ തലേന്ന് രാത്രി
എട്ടു മണിയ്ക്ക് ആദ്യമെടുത്ത ലോട്ടറി മാറ്റി വേറൊന്ന് എടുക്കണം.
ഒന്നാം സമ്മാനം കിട്ടിയ വാർത്ത അറിഞ്ഞ് ഒന്ന് ഞെട്ടണം.
മീഡിയകൾ പൊതിയണം.
അതുവരെ കണ്ടാലറിയാത്തവർ
സ്നേഹം കൊണ്ട് പൊതിയുന്നത് കാണണം.
സർക്കാരിന്റെ കഷ്ടപ്പാട് തീർക്കാൻ
നികുതിയായ് കോടികൾ നൽകണം.
കാലത്ത് വീട്ടിന്റെ മുന്നിൽ
സഹായത്തിനായെത്തുന്ന കരങ്ങളെ സഹായിയ്ക്കണം.
എല്ലാം കഴിച്ച് ബാക്കിയൊരഞ്ഞൂറു രൂപ കരുതിവയ്ക്കണം
കുഞ്ഞിന്റെ കുടുക്കപ്പൊട്ടിയ്ക്കാതെ
വീണ്ടും ഒരു ഓണം ബംമ്പറെടുക്കാൻ.

സുധാകരൻ മണ്ണാർക്കാട്

By ivayana