രചന : ആന്‍റണി കൈതാരത്ത്✍

വയസ്സറുപതായ നാള്‍ ആപ്പീസെന്നെ
തിരികെ സഖിയെയേല്‍പ്പിച്ചു ചൊല്ലി
നാഴിക മണിയിനി കണ്ണുരുട്ടില്ല
ആസ്വദിക്കയീ അടുത്തൂണ്‍ ജീവിതം

പതിവുപോലെ പിറ്റേന്ന് ബാഗുമായി
പടിയിറങ്ങവേ കളത്രം വിളിച്ചു
പെന്‍ഷനായതു മറന്നുവോ മനുഷ്യാ
വീടിനി ആപ്പീസ് സഖിയിവള്‍ ബോസും

വയസ്സറുപതായതു പരസ്യമാണിന്ന്
നാട്ടിലെയോരോ മുക്കിലും മൂലയിലും
ഫയലില്‍ അടയിരുന്ന സാറിപ്പോള്‍
പത്രങ്ങളില്‍ സമയം വൃഥാ പോക്കുന്നു

ഉച്ചയൂണ് കഴിഞ്ഞൊന്നു കണ്ണു കാച്ചവേ
മയമൊട്ടുമില്ലാതെ മകന്‍ മൊഴിഞ്ഞു
മയങ്ങുന്നതെന്തിനിപ്പോള്‍ മറന്നുവോ
മൂന്നിനു മോളുട്ടി സ്‌കൂള്‍ വിട്ടെത്തുമെന്ന്

മാസാദ്യ തിഥികളില്‍ പൂമുഖ പടിയില്‍
പൂതിങ്കളായി കാവലുണ്ടാകുമവള്‍
മേനിയിലുരുമ്മി പതിയെ ചെവിയില്‍
കിള്ളി കിള്ളി നല്ലപാതിയവള്‍ ചൊല്ലും

ഇനിയെന്നും ഇരിപ്പു വീട്ടിലാണല്ലോ
വട്ടച്ചെലവൊന്നും ഒട്ടുമേ ഇല്ലല്ലോ
മടിയഴിച്ചു മടിയാതേകിടണം
അടുത്തൂണ്‍ തുകയതൊന്നാകെ

പണം മൊഴി ചൊല്ലിയ മടിശ്ശീലയും
ഹതാശമായ ശൂന്യ മനസ്സുമായി
ഇറയത്തൊരു കസേരയില്‍ ശേഷിപ്പാ-
യിരിപ്പൂ ഷഷ്ഠിഹായനം കഴിഞ്ഞിവന്‍.

ആന്‍റണി കൈതാരത്ത്

By ivayana